- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യദുകൃഷ്ണനെ കാണാനില്ലെന്ന വിവരം അറിയുന്നത് ഫയര്‍ഫോഴ്‌സ് മടങ്ങിപ്പോയ ശേഷം; ആരുടെയും ശ്രദ്ധയില്‍പെടാതെ തോട്ടിലെ വെള്ളത്തില്‍ മുങ്ങിക്കിടന്നത് നാലുമണിക്കൂര്‍; തിരച്ചിലില്‍ കണ്ടെടുക്കുമ്പോള്‍ ചേതനയറ്റ നിലയില്‍; നാടിന്റെ നൊമ്പരമായി ആ കുരുന്നുകള്‍
കോന്നി: കരിമാന്‍തോട് തൂമ്പാക്കുളത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് തെറിച്ചുവീണ നാലുവയസ്സുകാരനായ യദുകൃഷ്ണന്‍ ആരുടെയും ശ്രദ്ധയില്‍പെടാതെ തോട്ടിലെ വെള്ളത്തില്‍ മുങ്ങിക്കിടന്നത് നാലുമണിക്കൂര്‍. ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തി കണ്ടെടുക്കുമ്പോള്‍ ആ കുഞ്ഞുശരീരത്തില്‍നിന്ന് ജീവന്‍ അകന്നിരുന്നു. അപകടത്തില്‍ കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാര്‍ഥി ആദിലക്ഷ്മി (8), തൈപ്പറമ്പില്‍ മന്‍മദന്റെ മകന്‍ യദുകൃഷ്ണ (4) എന്നിവരാണ് മരിച്ചത്. ആദിലക്ഷ്മി മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.
റോഡില്‍ പാമ്പിനെ കണ്ട് വെട്ടിച്ചപ്പോള്‍ ഓട്ടോ തോട്ടിലേക്കു മറിയുകയായിരുന്നു. ഇന്ന് വൈകീട്ട് 4.30ഓടെയായിരുന്നു അപകടം. ആറു വിദ്യാര്‍ഥികളാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. ഒരു വിദ്യാര്‍ഥി ഒഴികെ എല്ലാവര്‍ക്കും പരുക്കേറ്റു. ആദിലക്ഷ്മിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. അപകടസ്ഥലത്ത് നിന്ന് കാണാതായ യദുകൃഷ്ണനായി ഫയര്‍ ഫോഴ്‌സ് തിരച്ചില്‍ നടത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് യദുവിനെ കണ്ടെത്തിയത്.
സംഭവസ്ഥലത്ത് നിന്ന് ഫയര്‍ഫോഴ്‌സ് മടങ്ങിപ്പോയ ശേഷമാണ് യദുകൃഷ്ണനെ കാണാനില്ലെന്ന വിവരം അറിയുന്നത്. യദുകൃഷ്ണന്‍ ഓട്ടോയില്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. കുട്ടിക്കായി അപകട സ്ഥലത്ത് ആദ്യം തെരച്ചില്‍ നടന്നില്ല. പിന്നീട് ആശുപത്രികളിലൊന്നും കുട്ടിയെ എത്തിച്ചിട്ടില്ലെന്ന് വ്യക്തമായതോടെയാണ് ഫയര്‍ഫോഴ്‌സ് തിരിച്ചെത്തി വീണ്ടും തെരച്ചില്‍ നടത്തിയത്. മൃതദേഹം രാത്രി 8.15 ഓടെയാണ് അപകട സ്ഥലത്ത് നിന്ന് കണ്ടെടുത്തത്. പാറകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വഴിയില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് ഓട്ടോ വെട്ടിച്ചപ്പോള്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. 50 അടി താഴ്ചയിലേക്കാണ് ഓട്ടോ മറിഞ്ഞത്. സ്‌കൂള്‍ വിട്ടശേഷം വിദ്യാര്‍ഥികളുമായി പോവുകയായിരുന്നു ഓട്ടോ. മൂന്ന് കുട്ടികളടക്കം അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് കൊണ്ടുവന്നത്. ഡ്രൈവറെ കൂടാതെ അഞ്ച് കുട്ടികളും ഒരു കുട്ടിയുടെ മാതാവുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്
തലക്ക് സാരമായി പരിക്കേറ്റ ഒരു കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൈക്ക് പരിക്കുള്ള മറ്റൊരു കുട്ടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഒരു കുട്ടിക്ക് നിസാര പരിക്കാണുള്ളത്. ഡ്രൈവറുടെയും സ്ത്രീയുടെയും പരിക്ക് സാരമുള്ളതല്ല. റോഡില്‍ പാമ്പിനെ കണ്ട ഡ്രൈവര്‍ പെട്ടെന്ന് വാഹനം തിരിച്ചപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ ഓട്ടോറിക്ഷ തകര്‍ന്നു.
ഗുരുതരമായി പരുക്കേറ്റ തൂമ്പാക്കുളം മാടപ്പള്ളില്‍ മനോജിന്റെ മകള്‍ ജുവല്‍ സാറാ തോമസിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാഞ്ഞപ്‌ളാക്കല്‍ അനിലിന്റെ മകന്‍ ശബരിനാഥ്, കൊല്ലംപറമ്പില്‍ ഷാജിയുടെ മകള്‍ അല്‍ഫോണ്‍സ എന്നിവര്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.




