കോഴിക്കോട്: ആരോഗ്യപ്രശ്നത്തെത്തുടര്‍ന്ന് റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് വേടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് നവംബര്‍ 28-ന് ദോഹയില്‍ നടത്താനിരുന്ന പരിപാടി മാറ്റിവെച്ചു. ഡിസംബര്‍ 12-ലേക്ക് ഷോ മാറ്റിവെച്ചിട്ടുണ്ട്.

കടുത്ത വൈറല്‍ പനിയെ (ഇന്‍ഫ്‌ളുവന്‍സ) തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ദുബായിലെ ആശുപത്രിയിലാണ് വേടനെ പ്രവേശിപ്പിച്ചത്. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച ഖത്തറില്‍ നടക്കേണ്ടിയിരുന്ന സംഗീതപരിപാടി മാറ്റിയതായി സംഘാടകര്‍ അറിയിച്ചു. ഡിസംബര്‍ 12-ലേക്കാണ് പരിപാടി മാറ്റിയത്. ദോഹയിലെ ഏഷ്യന്‍ ടൗണിലുള്ള ആംഫി തിയേറ്ററിലാണ് വേടന്റെ പരിപാടി അരങ്ങേറുക.

കഴിഞ്ഞ ഞായറാഴ്ച ദുബായിലെ ഖിസൈസില്‍ വേടന്‍ പരിപാടി അവതരിപ്പിച്ചിരുന്നു. അസുഖത്തെ തുടര്‍ന്ന് അവസാന മണിക്കൂറിലാണ് അന്ന് വേടന്‍ സ്റ്റേജിലെത്തിയത്. നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് വേടന്‍ ഇപ്പോഴുള്ളത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രം വേടന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു. വേടന്റെ ആരോഗ്യാവസ്ഥയില്‍ ആശങ്കപ്പെടാനില്ലെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അറിയിച്ചു. ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും പരിപാടി മാറ്റിവെക്കേണ്ടിവന്നതിന് ക്ഷമ ചോദിക്കുന്നതായും വേടന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.

ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇവന്റ് മാറ്റിവെച്ചത്.അസുഖവിവരം പങ്കുവെച്ച പോസ്റ്റിന് താഴെ വേടന്‍ വേഗം സുഖപ്പെടട്ടെയെന്ന് ആശംസിച്ച് നിരവധിപ്പേര്‍ രംഗത്തെത്തുന്നുണ്ട്.