ഹോങ്കോങ്: വടക്കന്‍ തായ്‌പേയില്‍ ബഹുനില പാര്‍പ്പിട സമുച്ചയങ്ങളിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. 279 പേരെ കാണാതായി. മരിച്ചവരില്‍ ഒരു അഗ്‌നിശമന സേനാംഗവും ഉള്‍പ്പെടുന്നു. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6.22 ഓടെയായിരുന്നു സംഭവം. 31 നിലകളുള്ള കെട്ടിടത്തില്‍നിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ തീ ആളിക്കത്തുകയുമായിരുന്നു.

വാങ് ഫുക് ഭവനസമുച്ചയത്തിലാണ് തീപ്പിടിത്തം ആരംഭിച്ചത്. നിര്‍മാണ കമ്പനിയിലെ മൂന്നു ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തു. തീപിടിത്തത്തിനു പിന്നിലെ കാരണം കണ്ടെത്താനായി പോലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. നൂറുകണക്കിന് താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. 29 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ തീ നിയന്ത്രണ വിധേയമാണ്. 1980-കളില്‍ നിര്‍മിച്ച എട്ട് കെട്ടിടങ്ങള്‍ അടങ്ങുന്ന ഈ ഭാഗത്ത് രണ്ടായിരത്തോളം പാര്‍പ്പിട സമുച്ചയങ്ങളുണ്ട്.

ഇവിടെ 4800 പേര്‍ താമസിച്ചിരുന്നു. ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഒന്നാണ് ഹോങ്കോങ്ങിലെ വാങ് ഫുക് കോര്‍ട്ട്. ഹോങ്കോങ്ങിലെ തായ്‌പോ ജില്ലയിലുള്ള പാര്‍പ്പിട സമുച്ചയങ്ങളിലുണ്ടായ വന്‍ തീപിടിത്തം ഹോങ്കോങ്ങിനെ ഞെട്ടിച്ചു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. 279 പേരെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വാങ് ഫുക് കോര്‍ട്ട് ഹൗസിങ് കോംപ്ലക്‌സിലെ 32 നിലക്കെട്ടിടത്തിലെ ഏഴോളം ബ്ലോക്കുകളിലാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടങ്ങളുടെ മുകള്‍നിലകളിലുള്ളവരാണ് കുടുങ്ങിക്കിടക്കുന്നത്. ഏറ്റവും ഉയര്‍ന്ന 'ലെവല്‍ 5' തീപിടിത്തമായി പരിഗണിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. നിരവധി പാര്‍പ്പിട സമുച്ചയങ്ങള്‍ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന മേഖലയിലാണിത്. അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങള്‍ക്കു പുറമേ കെട്ടിയ മുളങ്കാലുകളില്‍ നിന്നാണ് ആദ്യം തീപടര്‍ന്നത്.

ഇതു കെട്ടിടത്തിലേക്കും മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. മുപ്പതു വര്‍ഷത്തിനിടയില്‍ ഹോങ്കോങ്ങിലെ ഏറ്റവും വലിയ തീപിടിത്തമാണിതെന്ന് അധികൃതര്‍ പറഞ്ഞു. 1996 നവംബറില്‍ കൗലൂണ്‍ ജില്ലയിലെ വാണിജ്യ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 41 പേരാണ് മരിച്ചത്.