തിരുവനന്തപുരം; ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രധാന സ്‌പോണ്‍സറാക്കാന്‍ കാരണം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സമ്മര്‍ദ്ദം കാരണമെന്ന മൊഴി ആവര്‍ത്തിച്ച് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ഇതിനായി ശുപാര്‍ശ കത്ത് അടക്കം നല്‍കിയെന്നാണ് പത്മകുമാര്‍ പറയുന്നത്. ഏറ്റുമാനൂര്‍ വിഗ്രഹ മോഷ്ടാവിനെ കണ്ടെത്താന്‍ സഹായിച്ച വെള്ളറട സ്വദേശിനിയ്ക്ക് വീടു വയ്ക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ സ്‌പോണ്‍സറാക്കിയതും കടകംപള്ളിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എന്നാണ് പത്മകുമാറിന്റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തിലെ മുഖ മണ്ഡപവും നടപന്തലും സ്‌പോണ്‍സര്‍ ചെയ്തതും പത്മകുമാര്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. ശബരിമലയിലെ യഥാര്‍ത്ഥ വില്ലന്‍ ആരെന്ന് ഇനിയും പ്രത്യേക അന്വേഷണ സംഘത്തിന് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനിടെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടേയും മുരാരി ബാബുവിന്റേയും കസ്റ്റഡി 14 ദിവസത്തേക്ക കൂടി കോടതി നീട്ടിയിട്ടുണ്ട്.

ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ കൊല്ലം വിജിലന്‍സ് കോടതി രണ്ടു ദിവസത്തേക്ക് എസ് .ഐ. ടി. കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരം ഈഞ്ചക്കലിലുള്ള എസ്.ഐ.ടി. ആസ്ഥാനത്ത് എത്തിച്ചു. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. ഇന്ന് വൈകിട്ട് അഞ്ച് മണിവരെയാണ് കസ്റ്റഡി. അതിന് ശേഷം കോടതിയില്‍ ഹാജരാക്കണം. ഈ സാഹചര്യത്തില്‍ ഇന്നലെ വൈകുന്നേരം പത്മകുമാറിനെ വിശദ ചോദ്യം ചെയ്യലിനാണ് വിധേയനാക്കിയത്. എന്നാല്‍ മൊഴി നല്‍കിയത് അല്ലാതെ കടകംപള്ളിക്കെതിരെ തെളിവുകളൊന്നും പത്മകുമാര്‍ നല്‍കിയിട്ടില്ല. തന്ത്രി മോഹനരരുടെ മൊഴിയും പത്മകുമാറിന് എതിരാണ്. പത്മകുമാറിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സ്വര്‍ണ്ണ പാളിയെല്ലാം പുറത്തേക്ക് കൊടുത്തു വിട്ടതെന്ന് തന്ത്രി പറഞ്ഞതായും സൂചനയുണ്ട്.

എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിക്കുന്നതില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് പങ്കുള്ളതായി പത്മകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. തന്ത്രി പറഞ്ഞ കാര്യങ്ങളാണ് ബോര്‍ഡ് ചെയ്തതെന്ന സൂചനയാണ് പത്മകുമാര്‍ നല്‍കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി രാജീവര്‍ക്ക് അടുത്ത ബന്ധമെന്ന് പത്മകുമാര്‍ എസ് എ ടിയുടെ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. പോറ്റി ശബരിമലയില്‍ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തിലാണ്. ശബരിമലയില്‍ സ്പോണ്‍സര്‍ ആകാന്‍ പോറ്റി സര്‍ക്കാരില്‍ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തില്‍ പത്മകുമാര്‍ കൃത്യമായ ഉത്തരം നല്‍കിയില്ല. ഗോള്‍ഡ് പ്ലേറ്റിംഗ് പ്രവൃത്തി സന്നിധാനത്ത് ചെയ്യാന്‍ കഴിയാത്തത് കൊണ്ടാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയതെന്നും ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവുമെടുത്ത് മാത്രമേ കൊണ്ടുപോകാന്‍ പാടുള്ളൂ എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു.

കട്ടിളപ്പാളികള്‍ കൊണ്ടുപോകുന്നതിനു മുന്‍പ് മുന്‍ ഭരണസമിതിയുടെ കാലത്തും ക്ലാഡിങ് വര്‍ക്കുകള്‍ പുറത്ത് കൊണ്ട് പോയി നടത്തിയിട്ടുണ്ടെന്നും പത്മകുമാര്‍ വിശദീകരിച്ചു. അതിനിടെ അന്വേഷണത്തിനു കൂടുതല്‍ സമയം തേടി പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയില്‍ ഇടക്കാല അപേക്ഷ നല്‍കും. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണസംഘത്തിനു ഹൈക്കോടതി അനുവദിച്ച ആറാഴ്ച സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിലാണിത്. അടുത്ത മാസം മൂന്നിനു കേസ് പരിഗണിക്കാനിരിക്കേ അടുത്ത ഇടക്കാല റിപ്പോര്‍ട്ട് നിര്‍ണായകമാകും. മുന്‍മന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതരിലേക്ക് അന്വേഷണം നീങ്ങാനിടയുള്ള സാഹചര്യത്തിലാണു കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തുന്നത്. കേസിലെ മുഖ്യപ്രതികളിലൊരാളായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മറ്റു ബന്ധങ്ങളെക്കുറിച്ചും വിശദമായ പരിശോധന നടത്താനാണ് എസ്.ഐ.ടിയുടെ തീരുമാനം. പത്മകുമാറിന്റെ പാസ്പോര്‍ട്ട് പിടിച്ചെടുത്തിട്ടുണ്ട്. പോറ്റിക്കൊപ്പം വിദേശയാത്ര നടത്തിയിട്ടുണ്ടോ എന്ന അന്വേഷണം പുരോഗമിക്കുകയാണ്. പത്മകുമാര്‍ ഇക്കാര്യം നിഷേധിക്കുകയാണ്.

പത്മകുമാര്‍ പ്രസിഡന്റായിരുന്ന കാലത്ത് ബോര്‍ഡിലുണ്ടായിരുന്ന രണ്ട് അംഗങ്ങളുടെ മൊഴി അദ്ദേഹത്തിനു തിരിച്ചടിയായിരിക്കുകയാണ്. സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറുന്നതിനായി പത്മകുമാര്‍ രേഖകളില്‍ തിരുത്തലുകള്‍ വരുത്തി എന്നാണ് ഇവരുടെ മൊഴി. സര്‍ക്കാരിന് ലഭിച്ച പോറ്റിയുടെ അപേക്ഷയാണ് ബോര്‍ഡിലേക്ക് നല്‍കിയത് എന്നാണ് പത്മകുമാര്‍ എസ്.ഐ.ടിയോട് പറഞ്ഞത്. ഇത് കടകംപള്ളിയുടെ ശുപാര്‍ശയാണെന്നാണ് പത്മകുമാര്‍ പറയുന്നത്.