കൊച്ചി: വഴിയിൽ നിന്ന് ലഭിച്ച 4.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും പ്രധാനപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ്, ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി കൊച്ചി വരാപ്പുഴ സ്വദേശി ജോൺ മാത്യു മുക്കം. ഡിജിറ്റൽ അറസ്റ്റ്, ഫേക്ക് ലോൺ തട്ടിപ്പുകൾ എന്നിവയുൾപ്പെടെ പണത്തിനായി ഏതുവിധേനയും തട്ടിപ്പുകൾ നടക്കുന്ന ഈ കാലഘട്ടത്തിൽ, ജോൺ മാത്യുവിന്റെ സത്യസന്ധമായ ഈ പ്രവൃത്തി ഏറെ പ്രശംസ അർഹിക്കുന്നു. ആലങ്ങാട് പോലീസ് സ്റ്റേഷനിലെ എഎസ്ഐ ജെനീഷ് ചേരാമ്പിള്ളിയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ രൂപം

കഴിഞ്ഞ ദിവസം ഉച്ച സമയത്ത് സ്റ്റേഷൻ ലാൻഡ് ഫോണിലേക്ക് ഒരു കോൾ വരുകയാണ്... സാറേ, ഞാൻ SNDP ജംഗ്ഷന് അടുത്ത് നിന്നാണ് വിളിക്കുന്നത്. എനിക്ക് ഈ വഴിയിൽ കിടന്ന് ഒരു പേഴ്സ് കിട്ടിയിട്ടുണ്ട്. ഒരു ചെക്ക് ബുക്കും 2-3 ഗോൾഡ് ഓർണമെന്റ്സും ഉണ്ട്. ഞാൻ വളരെ അ‍ർജന്‍റ് ആയി ഒരിടത്ത് പോയി കൊണ്ടിരിക്കുകയാണ്. അര മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ എത്തിക്കോളാം എന്റെ പേര് ജോൺ എന്നാണ് ചിറക്കകത്താണ് വീട്. എന്റെ നമ്പർ ഇതാണ്. ആരെങ്കിലും പേഴ്സ് തിരക്കി വന്നാൽ ഉടൻ ഞാൻ സ്റ്റേഷനിൽ എത്തിക്കോളാം, അർജന്റ് ആയത് കൊണ്ടാണ് പോകുന്നത്...

ഇതെന്ത് മനുഷ്യനാണ് എന്ന് ചിന്തിച്ച് വേഗം ആ ഡീറ്റൈൽസ് നോട്ട് ചെയ്ത് വെച്ചു. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒരു കപ്പിൾസ് സ്റ്റേഷനിലേക്ക് വന്നു. അതിൽ ലേഡി സംസാരിക്കാൻ പോലുമാകാതെ വല്ലാതെ ടെൻഷൻ ആയാണ് ഇരിക്കുന്നത്. കാര്യം തിരക്കിയപ്പോൾ ഭർത്താവ് ആണ് പറഞ്ഞത്, 'ഇതെന്റെ വൈഫ് ആണ് അവൾ ബാങ്കിൽ പോയി വരുന്ന വഴി സ്കൂട്ടറിൽ നിന്നും കവർ കീറി അവളുടെ പേഴ്സ് റോഡിൽ എവിടെയോ പോയി എന്നെ ജോലി സ്ഥലത്ത് നിന്നും വിളിച്ച് വരുത്തിയതാണ്. പലയിടത്തും നോക്കിയിട്ട് കിട്ടിയില്ല.. കുറച്ച് ഗോൾഡ് ഒർണമെന്റ്സും ചെക്ക് ബുക്കും ഉണ്ടായിരുന്നു. അവളാകെ ടെൻഷനിൽ ആണ് സാറെ'.

നിങ്ങൾ ടെൻഷൻ അടിക്കണ്ട. അത് ഒരു നല്ല മനുഷ്യന്റെ കയ്യിൽ ആണ് കിട്ടിയത്. അയാളെ ഞാൻ വിളിക്കാം. ആ പേഴ്സുമായി ആൾ വരും. ആ മറുപടി കേട്ടതോടെ രണ്ട് പേരും ഞെട്ടിപ്പോയി. പെട്ടെന്ന് തന്നെ അവരുടെ അത്ര നേരത്തെ ആ സങ്കട മുഖഭാവം സന്തോഷത്തിന്റെ കൊടുമുടിയിൽ എത്തിയ ഭാവമായി മാറി. വേഗം തന്നെ ആൾ പറഞ്ഞ നമ്പറിലേക്ക് വിളിച്ചു..നമ്പർ എങ്ങാനും മാറിയോ എന്ന് ഉള്ളിൽ ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു എങ്കിലും 1st ബെല്ലിൽ തന്നെ ആൾ എടുത്തതോടെ അത് മാറി. വിവരം പറഞ്ഞതോടെ ആൾ പെട്ടെന്ന് തന്നെ എത്താം എന്നറിയിച്ചു. കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും ആൾ എത്തി. പേഴ്സിലുണ്ടായിരുന്ന നാലര പവനോളം തൂക്കം വരുന്ന സ്വർണ്ണ ആഭരണങ്ങളുടെ എണ്ണം ബോധ്യപ്പെടുത്തിയ ശേഷം ചെക്ക് ബുക്കും സ്വർണ്ണം ഉൾപ്പെടെ പേഴ്സും കൈമാറി ആ നല്ല മനുഷ്യനെ കൊണ്ട് അവർക്ക് കൈമാറി.

തട്ടിപ്പ് നടത്തി പണം തട്ടിയെടുത്ത ഒത്തിരി പരാതികൾ ദിവസവും സ്റ്റേഷനിൽ വരുന്നത് കാണാറുള്ള ഞാൻ യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ ആരുടെയോ കയ്യിൽ നിന്നും നഷ്ടപ്പെട്ട ഏകദേശം നാലര ലക്ഷം രൂപ വരുന്ന ആ മുതൽ അതിന്റെ യഥാർത്ഥ ഉടമസ്ഥനിലേക്ക് തന്നെ കിട്ടാൻ വേണ്ട ഏർപ്പാടുകൾ ചെയ്ത ആ നല്ല മനുഷ്യന് മനസ്സ് കൊണ്ട് ഒരു സല്യൂട്ട് നൽകി ആ പേഴ്സ് കൈമാറിയപ്പോൾ ഞാനും സാക്ഷിയായി. വഴിയിൽ വീണ് കിടക്കുന്നത് ഒരു 5 രൂപ തുട്ട് ആണെങ്കിൽ പോലും അതിനു മുകളിലും അതിന്റെ യഥാർത്ഥ ഉടമയുടെ കണ്ണ്നീർ പറ്റിയിട്ടുണ്ടാകും എന്ന് ചിന്തിക്കുന്ന സമൂഹത്തിന് മാതൃകയായ പ്രവർത്തി ചെയ്ത വരാപ്പുഴ മേഖലയിലെ സന്നദ്ധ സംഘടനയായ ആക്ട്സിന്റെ പ്രസിഡന്റ് കൂടിയായ ജോൺ മാത്യു മുക്കത്തിന് ഒരു ബിഗ് സല്യൂട്ട്.