തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിനുശേഷമാണ് സൈബര്‍ പൊലീസ് രാഹുലിന്റെ അറസ്റ്റു രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഇന്ന് കോടതിയില്‍ ഹാജരാക്കും. യുവതിയുടെ പരാതിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാരിയര്‍, പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍, സുപ്രീംകോടതി അഭിഭാഷക ദീപാ ജോസഫ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവര്‍ക്ക് ഹാജരാകാന്‍ നോട്ടിസ് നല്‍കും. നിലവിലെ സാഹചര്യത്തില്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചേക്കും.

അതിവേഗമായിരുന്നു രാഹുലിന് എതിരായ നീക്കം. സൈബര്‍ പൊലീസ് വൈകിട്ട് രാഹുലിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഫോണും ലാപ്‌ടോപ്പും ഹാജരാക്കാനും നിര്‍ദേശിച്ചു. എആര്‍ ക്യാംപിലെ വളപ്പില്‍ സ്ഥിതി ചെയ്യുന്ന സൈബര്‍ പൊലീസ് സ്റ്റേഷനിലായിരുന്നു ചോദ്യം ചെയ്യല്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ ശക്തമായി പിന്തുണച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നതായി കഴിഞ്ഞ ദിവസമാണ് യുവതി പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കുമ്പോള്‍ രാഹുല്‍ ഈശ്വറിന് ജാമ്യം കിട്ടുമോ എന്നത് നിര്‍ണ്ണായകമാണ്. അല്ലാത്ത പക്ഷം ജയിലിലേക്ക് പോകേണ്ടി വരും.

സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നി വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തിയിട്ടുണ്ട്. വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തിയെന്നതടക്കം ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയിലാണ് സൈബര്‍ പൊലീസിന്റെ നടപടി. രാത്രി ഒന്‍പതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. പോസ്റ്ര് ചെയ്ത വീഡിയോ കണ്ടെത്തി. ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. കോടതിയില്‍ നിന്നും രാഹുലിന് ജാമ്യം കിട്ടാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് രാത്രിയില്‍ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കാത്തത് എന്നാണ് വിലയിരുത്തല്‍.

പരാതിക്കാരിയെ സമൂഹത്തിനു മുന്നില്‍ വെളിപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുകയോ പോസ്റ്റിടുകയോ ചെയ്തിട്ടില്ലെന്ന് സന്ദീപ് വാരിയര്‍ പ്രതികരിച്ചു. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ആദ്യം ഇരയുടെ പേര് വെളിപ്പെടുത്തിയത് ഡിവൈഎഫ്‌ഐ ആണ്. ഡിവൈഎഫ്‌ഐ നേതാവ് മൈക്കുകെട്ടി പ്രസംഗിച്ചു. എന്നിട്ടും കേസെടുത്തില്ലെന്നും സന്ദീപ് വാരിയര്‍ പറഞ്ഞു. പരാതിക്കാരിയായ യുവതിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ കൂടുതല്‍ നടപടികളുണ്ടാകുമെന്ന് എഡിജിപി എസ്.ശ്രീജിത്ത് പറഞ്ഞു.

യുവതിയുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. രാഹുല്‍ നിലവില്‍ ഒളിവിലാണ്. രാഹുലിന്റെ ഫ്‌ലാറ്റില്‍ പൊലീസ് പരിശോധന നടത്തി. ഒളിവില്‍പോയ രാഹുല്‍ തിരുവനന്തപുരത്തെത്തി അഭിഭാഷകനെ കണ്ട് മടങ്ങിയെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.