തിരുവനന്തപുരം: യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത കേസിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതം. യുവതി പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍പ്പോയ രാഹുലിനന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്. പാലക്കാട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ മുങ്ങിയത്. അതിനിടെ രാഹുലിന് ജാമ്യം കിട്ടാനുള്ള സാധ്യതയില്ലെന്ന നിയമോപദേശം പോലീസിന് കിട്ടിയിട്ടുണ്ട്. ഗര്‍ഭഛിദ്ര കുറ്റത്തില്‍ മതിയായ തെളിവുണ്ടെന്നാണ് വിലയിരുത്തല്‍. ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്വം ഭര്‍ത്താവിനെന്നാണ് ജാമ്യാപേക്ഷയിലെ വാദം. വിവാഹബന്ധം വേര്‍പെടുത്തി അഞ്ച് മാസത്തിനുശേഷമാണ് രാഹുലുമായുള്ള സൗഹൃദമെന്നും വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചതെന്നുമാണ് യുവതിയുടെ മൊഴി. സുഹൃത്തായ ജോബി ജോസഫ് വഴി ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്തിന് എന്ന് രാഹുല്‍ മറുപടി പറയേണ്ടിവരും. സൗഹൃദംകാരണം കൊടുത്തതാണെന്ന് വാദിച്ചാല്‍ അതും നിലനില്‍ക്കില്ല. രാഹുല്‍ ഗര്‍ഭഛിദ്രത്തിന് മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ശബ്ദസന്ദേശം തെളിവായുണ്ട്.

എന്നാല്‍ യുവതി ജോലി ചെയ്യുന്ന സ്ഥാപനം പരാതി കൊടുക്കാന്‍ ആവശ്യപ്പെടുന്നുവെന്ന ശബ്ദസന്ദേശം തന്റെ കൈയ്യിലുണ്ടെന്ന് രാഹുല്‍ പറയുന്നുണ്ട്. കോടതിയിലും ഇത് സമര്‍പ്പിച്ചതായാണ് സൂചന. ഇത് ശരിയാണെങ്കില്‍ സമ്മര്‍ദ്ദഫലമായാണ് പെണ്‍കുട്ടിയുടെ പരാതിയെന്ന വാദം രാഹുലിനെ തുണച്ചേക്കാം. ഇതാണ് ജാമ്യം കിട്ടുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ക്യാമ്പ് വിശ്വസിക്കാനുള്ള പ്രധാന കാരണം. എന്നാല്‍ ആ വാദമൊന്നും നിലനില്‍ക്കില്ലെന്നാണ് പോലീസിന് കിട്ടിയ നിയമോപദേശം. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ ഒന്നാംപ്രതിയും ഗര്‍ഭഛിദ്രത്തിന് മരുന്നെത്തിച്ച മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് പത്തനംതിട്ട അടൂര്‍ സ്വദേശി ജോബി ജോസഫ് രണ്ടാം പ്രതിയുമാണ്. ജീവപര്യന്തം തടവുശിക്ഷവരെ കിട്ടാവുന്ന ബലാത്സംഗക്കുറ്റമാണ് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ചുമത്തിയിട്ടുള്ളത്.

അതിജീവിതയുമായി പലതവണ ലൈംഗിക ബന്ധമുണ്ടായെന്നും തന്റെ ഫോണ്‍ കോളുകള്‍, ചാറ്റുകള്‍ എന്നിവ യുവതി റെക്കോഡ് ചെയ്ത് സൂക്ഷിച്ചെന്നും ജാമ്യാപേക്ഷയില്‍ രാഹുല്‍ പറയുന്നു. ഇതോടെ പുറത്തുവന്ന ശബ്ദം എഐ അല്ലെന്നും വ്യക്തമായി. യുവതി മരുന്ന് കഴിച്ചതായി വീഡിയോ കോളിലൂടെ ഉറപ്പാക്കുന്നുമുണ്ട്. മറ്റൊരു വാട്‌സ് ആപ്പ് ചാറ്റില്‍ 'എനിക്ക് നിന്നെ ഗര്‍ഭിണി ആക്കണം. നമ്മുടെ കുഞ്ഞ് വേണം' എന്ന് മാങ്കൂട്ടത്തില്‍ പറയുന്നുണ്ട്. പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇത് രാഹുലിന് വിനയാകുമെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കൈവശപ്പെടുത്തുന്നതും ക്രിമിനല്‍ കുറ്റമാണ്. മരുന്ന് നല്‍കിയ കടയുടമയും നിര്‍ദേശിച്ച ഡോക്ടറും (അങ്ങനെയൊരാള്‍ ഉണ്ടെങ്കില്‍ ) ഉള്‍പ്പെടെ പ്രതിയാകും. അശാസ്ത്രീയമായ ഗര്‍ഭഛിദ്രത്തിന് ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 89 പ്രകാരം ജീവപര്യന്തം തടവോ പത്ത് വര്‍ഷം വരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കും. ജീവന് ഭീഷണിയുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത് ബിഎന്‍എസ് 123 പ്രകാരം 10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്.

പ്രതിയുടെ സുഹൃത്ത് ജോബി ജോസഫിനും ഈ കുറ്റം ബാധകമാണ്. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഒളിവില്‍ തുടരുന്നത്. കീഴ് കോടതികള്‍ ജാമ്യം നിഷേധിച്ചാല്‍ നിയമ പോരാട്ടം സുപ്രീംകോടതി വരെ നീട്ടാനാണ് മാങ്കൂട്ടത്തിലിന്റെ തീരുമാനം.