- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തണമെന്നാണ് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്... നിര്‍ത്തില്ല''! കസ്റ്റഡിയിലെ വിളിച്ചു പറയല്‍ നിര്‍ണ്ണായകമായി; അധിക്ഷേപ കേസിന് പുതിയ തലം നല്കി രാഹുല്‍ ഈശ്വര്‍ ജയില്‍വാസം; മങ്കൂട്ടം കേസും ഇനി കടുക്കും
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്ത ജില്ലാ കോടതി നല്‍കുന്നത് ഇനിയുള്ള പ്രതികള്‍ക്കും സമാന സാഹചര്യം ഉണ്ടാകുമെന്ന സൂചന. രാഹുല്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി കോടതി തള്ളി. പരാതിക്കാരിയെ തിരിച്ചറിയുന്ന തരത്തില്‍ വിവരങ്ങള്‍ പങ്കുവച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുലിന്റെ വിഡിയോകള്‍ പരിശോധിച്ച ശേഷമാണ് ജഡ്ജി റിമാന്‍ഡ് ചെയ്തത്. ഇതോടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കടുത്ത നിലപാടുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷന്‍. ഈ സാഹചര്യത്തിലാണ് രാഹുലിനെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയത്.
രാഹുല്‍ ഈശ്വര്‍ കേസിലെ കോടതി വിധിയും നിര്‍ണ്ണായകമാണ്. ഈശ്വറിനെ ജാമ്യത്തില്‍ വിട്ടാല്‍ തെളിവ് നശിപ്പിക്കുമെന്നും സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുമെന്ന ആശങ്കയും കോടതിയ്ക്കുണ്ട്. ഇതുകൊണ്ടാണ് ജാമ്യം നല്‍കാത്തത്. ഇതിനൊപ്പം ഈ കേസില്‍ ഇനിയും പ്രതികളെ പിടിക്കാനുണ്ടെന്നും കോടതി വിശദീകരിക്കുന്നു. ഈ സാഹചര്യത്തില്‍ ഈ കേസിലെ മറ്റ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ തീരുമാനവും നിര്‍ണ്ണായകമാണ്. ഡിസംബര്‍ 15 വരെയാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. പൊലീസ് ഹാജരാക്കിയ വിഡിയോ ദൃശ്യങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഈ അവസരത്തില്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി അറിയിച്ചു. ഇതോടെ രണ്ടു കേസിനും കൂടുതല്‍ പ്രാധാന്യം വന്നു.
രാഹുലിനെ പൂജപ്പുര ജില്ലാ ജയിലിലേക്കു കൊണ്ടുപോയി. ജയിലില്‍ നിരാഹാരസമരം ഇരിക്കുമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. അറസ്റ്റ് നിയമപരമല്ലെന്നും പിടികൂടി കഴിഞ്ഞാണ് നോട്ടിസ് നല്‍കിയതെന്നും രാഹുല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ നോട്ടിസ് കൈപ്പറ്റിയില്ലെന്നും അതിജീവിതയെ മോശമാക്കുന്ന രീതിയില്‍ രാഹുല്‍ പ്രവര്‍ത്തിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പരാതിക്കാരിയുടെ ചിത്രം രാഹുലിന്റെ ലാപ്ടോപ്പിലുണ്ടെന്നും രാഹുലിന്റെ വിഡിയോ യുവതിയെ അപമാനിക്കും വിധമാണെന്നും പൊലീസ് ആരോപിച്ചു. രാഹുല്‍ സ്ഥിരമായി ഇത്തരം കാര്യം ചെയ്യുന്ന ആളാണെന്നും പൊലീസ് കോടതിയില്‍ ബോധിപ്പിച്ചു. ഇതെല്ലാം കോടതി അംഗീകരിക്കുകയും ചെയ്തു.
രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തില്ലെന്ന് രാഹുല്‍ ഈശ്വര്‍ വിളിച്ചു പറഞ്ഞിരുന്നു. തിങ്കളാഴ്ച രാവിലെ പൗഡിക്കോണത്തെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് രാഹുല്‍ ഈശ്വര്‍ ഇക്കാര്യം മാധ്യമങ്ങളോട് ഉറക്കെ വിളിച്ചുപറഞ്ഞത്. ''രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തണമെന്നാണ് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്, നിര്‍ത്തില്ല'' എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. പിന്നാലെ പോലീസുകാര്‍ക്കൊപ്പം രാഹുല്‍ ഈശ്വറും വീട്ടിലേക്ക് കയറിപ്പോയി. ഇതും കോടതി ഗൗരവത്തില്‍ എടുത്തു. ഇതു കൂടി പരിഗണിച്ചാണ് ജാമ്യം നല്‍കാത്തത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ പീഡനപരാതി നല്‍കിയ യുവതിയെ തിരിച്ചറിയുംവിധം സാമൂഹികമാധ്യമങ്ങളില്‍ പരാമര്‍ശം നടത്തിയതിനും ഇവരെ അധിക്ഷേപിച്ചെന്നും ആരോപിച്ചാണ് രാഹുല്‍ ഈശ്വറിനെ കഴിഞ്ഞദിവസം അറസ്റ്റ്ചെയ്തത്. ഞായറാഴ്ച വൈകീട്ട് പൗഡിക്കോണത്തെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത രാഹുല്‍ ഈശ്വറിനെ രാത്രി ഒന്‍പതുമണിയോടെയാണ് അറസ്റ്റ്ചെയ്തത്. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപ്പ് ഉള്‍പ്പെടെ കണ്ടെടുക്കാനായാണ് പൗഡിക്കോണത്തെ വീട്ടിലെത്തിച്ചത്. പൗഡിക്കോണത്തെ വീട്ടിലാണ് രാഹുല്‍ ഈശ്വറിന്റെ സ്റ്റുഡിയോയും സജ്ജീകരിച്ചിരിക്കുന്നത്.
ഇവിടെയാണ് തെളിവെടുപ്പ്. രാഹുല്‍ ഈശ്വറിനെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ ഭാര്യയും മകനും ഇവിടെയെത്തിയിരുന്നു. എന്തോ ഡിജിറ്റല്‍ ഉപകരണങ്ങള്‍ തേടിയാണ് പോലീസ് വന്നിരിക്കുന്നതെന്ന് രാഹുല്‍ ഈശ്വറിന്റെ ഭാര്യയും പ്രതികരിച്ചു. തുടര്‍ന്ന് ഇരുവരും പോലീസിനൊപ്പം വീടിനകത്തേക്ക് പോവുകയും ചെയ്തു.




