പാലക്കാട്: ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആറാം ദിവസവും ഒളിവിലാകുമ്പോള്‍ നിര്‍ണ്ണായക നീക്കവുമായി പോലീസ്. രാഹുലിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥര്‍ വിവിധ സംഘളായി തിരിഞ്ഞ് പരിശോധന തുടരുകയാണ്. കൊയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അന്വേഷണം നടക്കുകയാണ്. രാഹുല്‍ പാലക്കാട് നിന്ന് മുങ്ങാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന ചുവന്ന പോളോ കാറിന്റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യും. ഏത് സാഹചര്യത്തിലാണ് കാര്‍ രാഹുലിന് കൈമാറിയതെന്ന് പരിശോധിക്കും. നടിയുടേതാണ് കാര്‍. നടിയോട് അനൗദ്യോഗികമായി വിവരങ്ങള്‍ തേടിയിരുന്നു. ഇനി നോട്ടീസ് നല്‍കി ചോദ്യം ചെയ്യും. ഉടന്‍ ഇതുണ്ടാകും. പാലക്കാട് നിന്ന് പോകും മുമ്പ് രാഹുല്‍ ഫോണില്‍ ബന്ധപ്പെട്ടവരെയും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം പരാതിക്കാരിയായ യുവതിയുടെ സഹപ്രവര്‍ത്തകരില്‍ നിന്ന് മൊഴി എടുത്തിരുന്നു.

തനിക്കെതിരെ അതിജീവിത പരാതി നല്‍കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ നേരത്തെ അറിഞ്ഞോ എന്നതും സംശയമായുണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലെന്ന് നിഗമനം ചര്‍ച്ചയാകുമ്പോഴാണ് ഈ സംശയം പുറത്തു വരുന്നത്. കാര്‍ തലേദിവസം പാലക്കാട്ടേക്ക് എത്തിച്ചു. നടിയുടേതാണ് ഈ ചുവന്ന കാര്‍ എന്നാണ് പുറത്തുവരുന്ന സൂചന. പഴ്സണല്‍ സ്റ്റാഫില്‍ നിന്നാണ് ഈ നിര്‍ണായക വിവരം ലഭിച്ചത്. കാര്‍ സഞ്ചരിച്ച വഴി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം രാഹുലുമായി ബന്ധമുള്ള നടിമാരാരൊക്കെയെന്ന ചോദ്യമാണ് കാറുമായി ബന്ധപ്പെട്ട സൂചനകള്‍ പുറത്തുവന്നതോടെ ഉയരുന്നത്. അടുത്ത കാലത്ത് രണ്ടു നടിമാര്‍ രാഹുലിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടീല്‍ ചടങ്ങിനെത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുവെന്നാണ് സൂചനകള്‍. അതിലൊരു നടിയുടേതാണ് കാര്‍ എന്നാണ് പറയുന്നത്. അതിനിടെ നടി കേരളത്തിന് പുറത്ത് ഷൂട്ടിംഗിലാണ്. ആ യാത്രയ്ക്കിടെ പാലക്കാട് എത്തിയെന്നും കാര്‍ അവിടെ ഇട്ടു പോയെന്നും സൂചനകളുണ്ട്. അതായത് തനിക്ക് ഒളിവില്‍ പോകേണ്ട സാഹചര്യം ഉണ്ടാകുമെന്ന തിരിച്ചറിവിലാണ് ഇതെല്ലാം സംഭവിച്ചതെന്നാണ് സൂചന. കേരളത്തിന് പുറത്ത് കര്‍ണ്ണാടകയിലെ കടല്‍ക്കരയിലാണ് നടിയുടെ സിനിമയുടെ ഷൂട്ടിംഗ്. അവിടേക്ക് പോലീസ് പോകാനും സാധ്യതയുണ്ട്.

നടിയെ കസ്റ്റഡിയില്‍ എടുക്കുന്നതിന് നിയമപരമായ പരിമിതികളുണ്ട്. സുഹൃത്ത് എന്ന നിലയില്‍ രാഹുലിന് കാര്‍ നല്‍കിയെന്നാണ് നടിയുടെ അനൗദ്യോഗിക മൊഴി. ആ കാറുപയോഗിച്ച് രാഹുല്‍ മുങ്ങിയാല്‍ താന്‍ എന്തു ചെയ്യുമെന്നതാണ് നടിയുടെ ചോദ്യം.

അതായത് രക്ഷപ്പെടാനായി ഒരു കാര്‍ പാലക്കാട് നേരത്തെ തന്നെ മാങ്കൂട്ടം എത്തിച്ചിരുന്നു. ഇതോടെയാണ് പരാതി നല്‍കുമെന്ന സൂചനകള്‍ രാഹുലിന് നേരത്തെ കിട്ടിയെന്ന സംശയം ഉയരുന്നത്. ഇരയെ സഹായിക്കാന്‍ എന്ന വ്യാജേന ആ കൂട്ടത്തില്‍ മാങ്കൂട്ടത്തിലിന്റെ ആരെങ്കിലും ഉണ്ടോ എന്ന സംശയവും ബന്ധപ്പെട്ടവര്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ ഇനിയുള്ള നടപടികളെല്ലാം രഹസ്യമായി സൂക്ഷിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തുമ്പു കിട്ടാതെ പൊലീസ് അന്വേഷണ സംഘം വലയുകയാണ്. യുവതി കഴിഞ്ഞ മാസം 27ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയപ്പോള്‍ രാഹുല്‍ പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. തുടര്‍നടപടികള്‍ പൊലീസ് ചര്‍ച്ച ചെയ്യുന്നതിനിടെ രാഹുല്‍ പാലക്കാട്ടെ ഫ്ലാറ്റിലെത്തി. കാര്‍ ഫ്ലാറ്റിലിട്ടശേഷം മറ്റൊരു വാഹനത്തിലാണ് രാത്രിയോടെ അവിടെനിന്നും പോയത്.

രാഹുലിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് അറസ്റ്റിലേക്ക് പൊലീസ് കടന്നില്ല. രാഹുലിന്റെ അഭിഭാഷകന്റെ വാദം ശരിയാണെങ്കില്‍, സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് തിരുവനന്തപുരത്തുവന്ന് വക്കാലത്ത് ഒപ്പിട്ട് മടങ്ങിയത്. എന്നാല്‍ ഇത് പോലീസ് സമ്മതിക്കുന്നില്ല. തിരുവനന്തപുരത്ത് രാഹുല്‍ എത്തിയിട്ടില്ലെന്ന് അവര്‍ പറയുന്നു. അന്വേഷണ വിവരങ്ങള്‍ ചോരുന്നതായി പൊലീസില്‍ സംസാരമുണ്ട്. വളരെ ആസൂത്രിതമായാണ് രാഹുല്‍ പാലക്കാടുനിന്ന് മുങ്ങിയത്. സ്വിച്ച് ഓഫ് ചെയ്തശേഷം ചിലയിടങ്ങളില്‍ രാഹുലിന്റെ ഫോണ്‍ ഓണ്‍ ആയത് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് വിലയിരുത്തലുണ്ട്. ഫ്ലാറ്റില്‍ വന്ന ദിവസത്തെ സിസിടിവി ദൃശ്യം ലഭിച്ചില്ല. സിസിടിവി ഉള്ള റോഡുകള്‍ ഒഴിവാക്കിയാണ് രാഹുല്‍ യാത്ര ചെയ്തതെന്നു പൊലീസ് പറയുന്നു. പാലക്കാട്ടെ ഫ്ലാറ്റിലെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇത് തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസെന്നും റിപ്പോര്‍ട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിട്ടത് അതിവിദഗ്ധമായെന്ന് പോലീസ് സമ്മതിക്കുന്നു. ഫ്ലാറ്റില്‍ നിന്ന് ഇറങ്ങിയത് മുതല്‍ സഞ്ചരിച്ചത് സിസിടിവി ഉള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി. പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാന്‍ കാര്‍ മാത്രം പല വഴിയ്ക്ക് സഞ്ചരിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ സിസിടിവി പരിശോധനയില്‍ രാഹുലിന്റെ റൂട്ട് അവ്യക്തമാണ്. ഇന്നും സിസിടിവി കേന്ദ്രീകരിച്ച് പരിശോധന തുടരും. ഉച്ചയോടെ രാഹുല്‍ പോയ വഴി കണ്ടെത്താനാകുമെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രാഹുലിനെ കണ്ടെത്താന്‍ ഓരോ ജില്ലകളിലും പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അതേസമയം രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബലാത്സംഗ കേസില്‍ രാഹുല്‍ നല്‍കിയ ജാമ്യാപേക്ഷ ബുധാനാഴ്ചയാണ് കോടതി പരിഗണിക്കുക. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ അറസ്റ്റിന് തടസ്സമില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ് രാഹുലിനെ പിടികൂടാനുള്ള പൊലീസിന്റെ ഊര്‍ജ്ജിത നീക്കം.