ന്യൂഡല്‍ഹി: പുതിയ സ്മാര്‍ട്ട്‌ഫോണുകളില്‍ സഞ്ചാര്‍ സാഥി എന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൈബര്‍ സുരക്ഷാ ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ടെലികോം മന്ത്രാലയം മൊബൈല്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടു. ഉപയോക്താക്കള്‍ക്ക് നീക്കം ചെയ്യാനോ പ്രവര്‍ത്തനരഹിതമാക്കാനോ സാധിക്കാത്ത ഈ ആപ്പ് സൈബര്‍ സുരക്ഷാ ഭീഷണികളെ നേരിടാന്‍ അത്യന്താപേക്ഷിതമാണെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇത് സ്വകാര്യതയെച്ചൊല്ലി കടുത്ത ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.

നവംബര്‍ 28-ലെ ഉത്തരവ് പ്രകാരം, പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളായ ആപ്പിള്‍, സാംസങ്, വിവോ, ഓപ്പോ, ഷവോമി എന്നിവ 90 ദിവസത്തിനകം പുതിയ മൊബൈല്‍ ഫോണുകളില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. നിലവിലുള്ള വിതരണ ശൃംഖലയിലുള്ള ഉപകരണങ്ങളില്‍ സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകളിലൂടെ ആപ്പ് എത്തിക്കാനും നിര്‍ദ്ദേശമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട കമ്പനികള്‍ക്കാണ് നിര്‍ദ്ദേശം അയച്ചത്.

സൈബര്‍ കുറ്റകൃത്യങ്ങളും ഹാക്കിംഗും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ടെലികോം ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. തട്ടിപ്പുകള്‍ക്കും നെറ്റ് വര്‍ക്ക് ദുരുപയോഗത്തിനും കാരണമാകുന്ന ഡ്യൂപ്ലിക്കേറ്റ് അല്ലെങ്കില്‍ സ്പൂഫ് ചെയ്ത നമ്പറുകളില്‍ നിന്നുള്ള ഭീഷണി മറികടക്കാനാണ് ഇത്. സൈബര്‍ സുരക്ഷയ്ക്കുള്ള 'ഗുരുതരമായ ഭീഷണി' നേരിടാന്‍ ആപ്പ് അനിവാര്യമാണെന്നും മന്ത്രാലയം പറയുന്നു.

ജനുവരിയില്‍ പുറത്തിറക്കിയ സഞ്ചാര്‍ സാഥി ആപ്പ് ഇതുവരെ 7 ലക്ഷത്തിലധികം നഷ്ടപ്പെട്ട ഫോണുകള്‍ വീണ്ടെടുക്കാന്‍ സഹായിച്ചിട്ടുണ്ട്; ഒക്ടോബറില്‍ മാത്രം 50,000 ഫോണുകള്‍ കണ്ടെത്തി. എന്നാല്‍, ഈ നീക്കം ഉപയോക്താക്കളുടെ സമ്മതം എന്ന തിരഞ്ഞെടുപ്പിനെ ഫലത്തില്‍ ഇല്ലാതാക്കുന്നുവെന്ന് വിലയിരുത്തലുണ്ട്. റഷ്യയില്‍ ഓഗസ്റ്റില്‍ മാക്‌സ് എന്ന പേരില്‍ സര്‍ക്കാര്‍ പിന്തുണയുള്ള മെസഞ്ചര്‍ ആപ്പ് ഫോണുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന സമാനമായ ആവശ്യകതയെ സ്വകാര്യത പ്രവര്‍ത്തകര്‍ വിമര്‍ശിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ടെലിഫോണ്‍ വിപണികളിലൊന്നായ ഇന്ത്യയില്‍ ഇത്തരം ഒരു നീക്കം വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷേ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ച നിലപാട് എടുക്കാനാണ് സാധ്യത.