- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാപ്പ കേസ് പ്രതിയുടെ അടക്കം വധശ്രമക്കേസിലെ പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് അഭിഭാഷകന് ചോര്‍ത്തി നല്കി; സേവനത്തിന് മുന്‍പും പലപ്പോഴായി അഭിഭാഷകനില്‍ നിന്ന് പണം കൈപ്പറ്റി; തിരുവല്ല സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റിയ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
പത്തനംതിട്ട: വധശ്രമക്കേസ് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് അഭിഭാഷകന് ചോര്‍ത്തി നല്‍കിയ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. തിരുവല്ല സ്റ്റേഷനിലെ മുന്‍ ഗ്രേഡ് എസ്‌ഐ എസ്.എല്‍. ബിനുകുമാറിനെയാണ് ഡിഐഡി അജിതാ ബീഗം സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഞെട്ടിക്കുന്ന ആരോപണങ്ങളാണുള്ളത്.
തിരുവല്ല ബാറില്‍ വച്ച് കാലില്‍ ചവിട്ടിയെന്നാരോപിച്ച് യുവാവിനെ ആക്രമിച്ച് മൃതപ്രായനാക്കിയ കേസിലെ പ്രതികളായ കാപ്പകേസ് പ്രതി രാഹുല്‍ മനോജ്, കിരണ്‍ തോമസ് എന്നിവരെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ബിനുകുമാര്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പകര്‍പ്പ് പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്ന യുവ അഭിഭാഷകന് ചോര്‍ത്തി നല്‍കിയിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ മാസം 24 നാണ് പ്രതികളെ ബിനുകുമാറിന്റെ നേതൃത്വത്തില്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതികള്‍ക്കുള്ള പകര്‍പ്പില്ല എന്ന് അവിടെ നിന്നും തിരുവല്ല സ്റ്റേഷനിലേക്ക് അറിയിച്ചു. എസ്എച്ച്ഓ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ക്കുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കോടതിയില്‍ നല്‍കുന്നതിന് എസ്‌ഐ ബിനുകമാറിനെ ഏല്‍പ്പിച്ചിരുന്നതായും എന്നാല്‍, പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് പ്രതിഭാഗം അഭിഭാഷകന് ബിനുകുമാര്‍ ഇത് നല്‍കിയെന്നും കണ്ടെത്തി.
ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് വേണ്ടി റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അനുമതി കൂടാതെ പ്രതിഭാഗം വക്കീലിന് നല്‍കുകയായിരുന്നു. മുന്‍പ് മൂന്നു തവണയായി ഇതേ അഭിഭാഷകനില്‍ നിന്ന് എസ്‌ഐ ബിനുകുമാര്‍ 30000 രൂപ കൈപ്പറ്റിയിരുന്നുവെന്നും തെളിഞ്ഞു. ഇതേ തുടര്‍ന്ന് ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിനുകുമാറിനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു.
തുടര്‍ന്ന് അന്വേഷണം നടത്തിയ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. വകുപ്പുതല തുടരന്വേഷണം നടത്തുന്നതിന് കോന്നി ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി.




