ക്സ്ഫോർഡ് ഡിക്ഷണറിയുടെ പ്രസാധകരായ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് (OUP) 2025-ലെ 'വേഡ് ഓഫ് ദി ഇയർ' ആയി 'റേഞ്ച് ബെയ്റ്റ്' (Rage bait) എന്ന വാക്ക് തിരഞ്ഞെടുത്തു. ഓൺലൈൻ ഉള്ളടക്കങ്ങളിലെ ദുരുപയോഗത്തെയും വികാരങ്ങളെ ചൂഷണം ചെയ്യുന്ന പ്രവണതയെയും ഈ വാക്ക് അടയാളപ്പെടുത്തുന്നു. മറ്റ് ഓൺലൈൻ പദങ്ങളെ മറികടന്നാണ് 'റേഞ്ച് ബെയ്റ്റ്' ഈ അംഗീകാരം നേടിയത്.

'റേഞ്ച് ബെയ്റ്റ്' എന്നാൽ എന്താണ്?

'റേഞ്ച് ബെയ്റ്റ്' ഒരു നാമപദമാണ്. ട്രാഫിക്ക് വർദ്ധിപ്പിക്കുകയോ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയോ ചെയ്യുന്നതിനായി, "കോപമോ രോഷമോ മനഃപൂർവം ആളുകളിൽ സൃഷ്ടിക്കാൻ രൂപകൽപ്പന ചെയ്ത ഓൺലൈൻ ഉള്ളടക്കം" എന്നാണ് ഈ പദത്തെ OUP നിർവചിക്കുന്നത്. നിരാശാജനകമോ, പ്രകോപനപരമോ, അധിക്ഷേപകരമോ ആയ ഉള്ളടക്കങ്ങൾ ഇതിലുൾപ്പെടുന്നു. ഹൈഫനേറ്റഡ് സംയുക്ത പദമായി ഉപയോഗിക്കുമ്പോൾ ഇത് ഒറ്റവാക്കായി കണക്കാക്കുന്നു എന്നും പ്രസാധകർ വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പിന് പിന്നിലെ കാരണം

ഓക്സ്ഫോർഡ് ലാംഗ്വേജസ് പ്രസിഡന്റ് കാസ്പർ ഗ്രാത്ത്വോൾ ഈ തിരഞ്ഞെടുപ്പിന് പിന്നിലെ ശക്തമായ കാരണം വിശദീകരിച്ചു. "റേഞ്ച് ബെയ്റ്റ് എന്ന വാക്ക് നിലവിലുണ്ട് എന്നതും അതിന്റെ ഉപയോഗത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായി എന്നതും സൂചിപ്പിക്കുന്നത്, ഓൺലൈനിൽ നമ്മളെ ആകർഷിക്കാൻ ഉപയോഗിക്കുന്ന തന്ത്രങ്ങളെക്കുറിച്ച് നമ്മൾ കൂടുതൽ ബോധവാന്മാരാകുന്നു എന്നതാണ്," അദ്ദേഹം പറഞ്ഞു.

"മുൻപ്, ക്ലിക്കുകൾ നേടുന്നതിനായി ആകാംക്ഷ ജനിപ്പിക്കുന്നതിലായിരുന്നു ഇന്റർനെറ്റിന്റെ ശ്രദ്ധ. എന്നാൽ ഇപ്പോൾ നമ്മുടെ വികാരങ്ങളെ ഹൈജാക്ക് ചെയ്യുകയും സ്വാധീനിക്കുകയും ചെയ്യുന്നതിലേക്ക് ഒരു വലിയ മാറ്റം വന്നിരിക്കുന്നു. സാങ്കേതികവിദ്യ നയിക്കുന്ന ലോകത്ത് മനുഷ്യനായിരിക്കുക എന്നതിന്റെ അർത്ഥത്തെക്കുറിച്ചുള്ള തുടർച്ചയായ ചർച്ചയുടെ സ്വാഭാവികമായ പുരോഗതിയാണിത്," അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കഴിഞ്ഞ വർഷത്തെ വാക്ക് ഓഫ് ദി ഇയർ ആയി OUP തിരഞ്ഞെടുത്തത് 'ബ്രെയിൻ റോട്ട്' (Brain rot) ആയിരുന്നു. നിലവാരമില്ലാത്ത ഓൺലൈൻ ഉള്ളടക്കങ്ങളുടെ അമിത ഉപഭോഗം കാരണം ഒരു വ്യക്തിയുടെ മാനസിക നിലവാരത്തിലോ ബുദ്ധിയിലോ ഉണ്ടാകുന്ന തകർച്ചയെയാണ് ഈ പദം സൂചിപ്പിക്കുന്നത്.

"അനന്തമായ സ്ക്രോളിംഗിന്റെ മാനസിക തളർച്ച 'ബ്രെയിൻ റോട്ട്' അടയാളപ്പെടുത്തിയപ്പോൾ, രോഷം ജനിപ്പിക്കാനും ക്ലിക്കുകൾ നേടാനും മനഃപൂർവം നിർമ്മിക്കുന്ന ഉള്ളടക്കത്തിലേക്ക് 'റേഞ്ച് ബെയ്റ്റ്' വെളിച്ചം വീശുന്നു," ഗ്രാത്ത്വോൾ നിരീക്ഷിച്ചു. "ഈ രണ്ട് വാക്കുകളും ഒരുമിക്കുമ്പോൾ ഒരു ശക്തമായ ചക്രം രൂപപ്പെടുന്നു.

അവിടെ രോഷം കൂടുതൽ ഇടപെടലുകൾക്ക് കാരണമാകുന്നു, അൽഗോരിതങ്ങൾ അതിനെ കൂടുതൽ പ്രചരിപ്പിക്കുന്നു, നിരന്തരമായ ഈ ഇടപെടൽ നമ്മെ മാനസികമായി തളർത്തുന്നു. ഈ വാക്കുകൾ കേവലം ട്രെൻഡുകൾ നിർവചിക്കുക മാത്രമല്ല, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ നമ്മുടെ ചിന്തകളെയും പെരുമാറ്റത്തെയും എങ്ങനെ മാറ്റിമറിക്കുന്നു എന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു."

'റേഞ്ച് ബെയ്റ്റ്' കൂടാതെ, ഇന്റർനെറ്റ് സംസ്കാരവുമായി ബന്ധപ്പെട്ട മറ്റ് രണ്ട് പദങ്ങളും ഷോർട്ട്ലിസ്റ്റിൽ ഉണ്ടായിരുന്നു. പൊതുജനങ്ങളുടെ വോട്ടിംഗിന് ശേഷമാണ് OUP വിദഗ്ധർ അന്തിമ തീരുമാനം എടുത്തത്.