റാവല്‍പിണ്ടി: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലിനുള്ളില്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജീവനോടെയുണ്ടെന്ന് സ്ഥിരീകരിച്ച് സഹോദരി ഡോ. ഉസ്മ ഖാന്‍. റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലെത്തി ഇമ്രാന്‍ ഖാനെ നേരില്‍ കണ്ടതിനു ശേഷമാണ് സഹോദരി ഉസ്മയുടെ പ്രതികരണം. ഇമ്രാന്‍ ഖാന് ജയിലില്‍ മാനസിക പീഡനം നേരിടേണ്ടി വന്നു എന്നും തന്റെ സഹോദരന്റെ ദുരവസ്ഥക്ക് കാരണം പാക്കിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറാണെന്നും ഉസ്മ കുറ്റപ്പെടുത്തി.

സഹോദരനുമായി 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ച നടത്തിയ ശേഷം പുറത്തിറങ്ങിയ ഉസ്മ ഖാന്‍ നിലവിലെ സ്ഥിതി വെളിപ്പെടുത്തി. 'അല്‍ഹംദുലില്ലാഹ്, അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല... പക്ഷേ മാനസികമായി പീഡിപ്പിക്കപ്പെടുന്നതില്‍ അദ്ദേഹത്തിന് ദേഷ്യമുണ്ട്. അദ്ദേഹത്തെ ദിവസം മുഴുവന്‍ സെല്ലില്‍ പൂട്ടിയിട്ടിരിക്കുന്നു... ചെറിയ സമയത്തേക്ക് മാത്രമേ പുറത്തിറങ്ങാന്‍ കഴിയൂ. ആരുമായി ആശയവിനിമയം നടത്താനും അദ്ദേഹത്തിന് കഴിയില്ല.'

''അദ്ദേഹം സുഖമായിരിക്കുന്നു, ആരോഗ്യവാനാണ്, ജീവിച്ചിരിപ്പുണ്ട്. അദ്ദേഹം സുഖമായിരിക്കുന്നു, പക്ഷേ വളരെ ദേഷ്യത്തിലാണ്. അവര്‍ അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ആരുമായും ആശയവിനിമയം നടത്താന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു'' ഇമ്രാന്‍ ഖാന്റെ സഹോദരിമാരും അവരുടെ അനുയായികളും അഡിയാല ജയിലിന് പുറത്ത് പ്രകടനം നടത്തി. പ്രതിഷേധത്തെ തുടര്‍ന്ന് ജയിലിനു ചുറ്റും സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.

നൂറുകണക്കിന് പിടിഐ പ്രവര്‍ത്തകര്‍ക്കൊപ്പം ജയിലിന് മുന്നിലെത്തിയ ഉസ്മയെ മണിക്കൂറുകള്‍ കാത്തു നിന്ന ശേഷമാണ് അകത്തു കടക്കാന്‍ അനുവദിച്ചത്. ഒക്ടോബര്‍ 27ന് ശേഷം ആദ്യമായാണ് ഇമ്രാനെ കാണാന്‍ കുടുംബാംഗത്തെ അനുവദിക്കുന്നത്. ആഴ്ചകളായി കുടുംബാംഗങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചതോടെ , ഇമ്രാന്‍ മരിച്ചെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നിലടക്കം പിടിഐ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ വഴങ്ങിയത്.

ഇമ്രാന്‍ ഖാന്‍ ജയിലിനുള്ളില്‍ മരണപ്പെട്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെ പാക്കിസ്ഥാനില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരുന്നു. അഭ്യൂഹങ്ങള്‍ ശക്തമായതോടെ ഇമ്രാന്‍ ഖാന്റെ ആയിരക്കണക്കിന് അനുയായികള്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലേയ്ക്ക് ഇരച്ചുകയറിയിരുന്നു. ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടുവെന്ന തരത്തിലുള്ള നിരവധി പോസ്റ്റുകള്‍ എക്‌സ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചതിന് പിന്നാലെയയിരുന്നു പ്രതിഷേധം ഉയര്‍ന്നത്.

മുന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഈ കൂടിക്കാഴ്ച നടന്നത്. പ്രത്യേകിച്ചും കുടുംബാംഗങ്ങളെ ആഴ്ചകളോളം അദ്ദേഹത്തെ കാണാന്‍ അനുവദിക്കാതിരുന്നതിന് ശേഷമായിരുന്നു ഇത്. ഇമ്രാന്‍ ഖാന്റെ അനുയായികള്‍ ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും നടത്തിയ പ്രതിഷേധങ്ങളെത്തുടര്‍ന്ന് വലിയ ഒത്തുചേരലുകള്‍ക്ക് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണിത്.

കഴിഞ്ഞ മാസം, ഇമ്രാന്‍ ഖാന്റെ മൂന്ന് സഹോദരിമാര്‍ - നൂറീന്‍ നിയാസി, അലീമ ഖാന്‍, ഉസ്മ ഖാന്‍ അദ്ദേഹത്തെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. അച്ഛന്റെ ആരോഗ്യനിലയെക്കുറിച്ച് 'മാറ്റാന്‍ കഴിയാത്ത ചിലത്' ജയില്‍ അധികൃതര്‍ മറച്ചുവെക്കുകയാണെന്ന അദ്ദേഹത്തിന്റെ മക്കളുടെ അഭിപ്രായങ്ങള്‍ ഈ ആശങ്കകള്‍ക്ക് ആക്കം കൂട്ടി. അദ്ദേഹത്തിന്റെ മകനായ കാസിം ഖാന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞത്, ആഴ്ചതോറുമുള്ള കൂടിക്കാഴ്ചയ്ക്ക് കോടതി ഉത്തരവുണ്ടായിട്ടും നേരിട്ടുള്ളതോ സ്ഥിരീകരിക്കാന്‍ കഴിയുന്നതോ ആയ ഒരു ബന്ധവും ഉണ്ടായിട്ടില്ലെന്നാണ്. ഇമ്രാന്‍ ഖാന്റെ സ്വകാര്യ ഡോക്ടറെ സന്ദര്‍ശിക്കാന്‍ ജയില്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്നും കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു.

കുടുംബാംഗങ്ങള്‍ക്കോ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ (പാകിസ്ഥാന്‍ തെഹ്രിക്-ഇ-ഇന്‍സാഫ്) അംഗങ്ങള്‍ക്കോ 25 ദിവസത്തിലേറെയായി ഖാനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇത് അദ്ദേഹം മരിച്ചുപോയെന്നും, അദ്ദേഹത്തിന്റെ മരണം ദേശീയ വീരനായി കാണുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ പ്രതിഷേധത്തിന് കാരണമാകുമെന്നറിഞ്ഞ അധികൃതര്‍ അത് മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്നുമുള്ള അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചു.

സഹോദരിമാര്‍ക്ക് അടക്കം ഇമ്രാന്‍ ഖാനെ കാണാന്‍ അനുമതി നിഷേധിച്ചതോടെയാണ് മരിച്ചുവെന്ന രീതിയില്‍ പ്രചാരണമുണ്ടായത്. ഇതോടെ ഇമ്രാന്‍ അനുയായികള്‍ തെരുവിലിറങ്ങുന്ന സ്ഥിതിയായി. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ശക്തമായതോടെ ജയിലധികൃതരും സര്‍ക്കാരും നിഷേധിച്ചു. എന്നാല്‍ എന്ത് കൊണ്ട് സന്ദര്‍ശനാനുമതി നല്‍കുന്നില്ലെന്ന ചോദ്യം അപ്പോഴും ബാക്കിയായി. ഒടുവിലിപ്പോള്‍ റാവല്‍പിണ്ടിയിലെ ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ സഹോദരി ഉസ്മ ഖാന് അധികൃതര്‍ അനുമതി നല്‍കുകയായിരുന്നു.

കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാന്‍ ജയില്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച് ഇമ്രാന്‍ ഖാന്റെ മറ്റൊരു സഹോദരിയായ അലീമ ഖാന്‍ നേരത്തെ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു. ആഴ്ചയില്‍ 2 തവണ ഇമ്രാന് ബന്ധുക്കളെയും മറ്റും കാണാന്‍ അവസരമൊരുമെന്നായിരുന്നു ഇസ്ലാമാബാദ് ഹൈക്കോടതി മാര്‍ച്ചില്‍ നിര്‍ദ്ദേശിച്ചിരുന്നത്.

ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും കൂടിക്കാഴ്ചകള്‍ നിഷേധിക്കുന്നത് ഇമ്രാന്‍ ഖാന്റെ സുരക്ഷയെയും ആരോഗ്യത്തെയും കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിക്കുന്നതായി അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പി.ടി.ഐ. ആരോപിച്ചു. കൂടാതെ, കഴിഞ്ഞ ആഴ്ച ജയിലിന് പുറത്ത് സമാധാനപരമായി പ്രതിഷേധിച്ച ഇമ്രാന്റെ സഹോദരിമാരെ പൊലീസ് ആക്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് പി.ടി.ഐ. പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ക്കിടയില്‍ ഉസ്മ ഖാനത്തിന് ഇമ്രാന്‍ ഖാനെ സന്ദര്‍ശിക്കാന്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കിയത്.