തിരുവനന്തപുരം: ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ 'മലയാളം വാനോളം ലാല്‍സലാം' പരിപാടിക്കായി ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്. സാംസ്‌കാരിക വകുപ്പ് ഡയറക്ടറേറ്റ്, ചലച്ചിത്ര വികസന കോര്‍പറേഷന്‍, ചലച്ചിത്ര അക്കാദമി, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഒക്ടോബര്‍ നാലിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍വെച്ചായിരുന്നു 'മലയാളം വാനോളം ലാല്‍സലാം' സംഘടിപ്പിച്ചത്. ചടങ്ങില്‍ രാഷ്ട്രീയ- സിനിമ രംഗത്തുനിന്നുള്ള നിരവധിപ്പേര്‍ പങ്കെടുത്തിരുന്നു.

പരിപാടിയില്‍ പങ്കെടുത്ത പിന്നണി ഗായകരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയത് എം ജി ശ്രീകുമാറാണ്. 5,19,200 രൂപയാണ് ഏം ജി ശ്രീകുമാര്‍ കൈപ്പറ്റിയത്. സുജാത മോഹന്‍ 2,36,000 രൂപയും റിമി ടോമി രണ്ട് ലക്ഷം രൂപയും കൈപ്പറ്റിയതായാണ് കണക്കുകള്‍ പറയുന്നത്. പങ്കെടുത്ത മറ്റ് പിന്നണി ഗായകര്‍ക്ക് അമ്പതിനായിരത്തില്‍ കുറയാത്ത പ്രതിഫലം നല്‍കിയിട്ടുണ്ട്. ലക്ഷ്മി ഗോപാലസ്വാമിക്ക് 1,18,000 രൂപ പ്രതിഫലമായി നല്‍കി.

ഷോ ഡയറക്ടറായ ടി കെ രാജീവ് കുമാറിന് 3,54,000 രൂപയും 'തിരനോട്ടത്തിനായി' കഥകളി സ്‌കൂളിന് രണ്ട് ലക്ഷം രൂപയും അനുവദിച്ചു. പരിപാടിയുടെ ബ്രാന്‍ഡിങിനും പി ആര്‍ വര്‍ക്കിനുമായി 7,08,000 രൂപയും ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിക്കുന്നതിനായി 4,41,000 രൂപയും ചെലവിട്ടു. വീഡിയോ ഫോട്ടോ ഡോക്യുമെന്റേഷന് വേണ്ടി 3,46,100 രൂപയാണ് ചെലവിട്ടത്.

പരിപാടിക്കായി സാംസ്‌കാരിക വകുപ്പില്‍ യുവകലാകാരന്മാര്‍ക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് പ്ലാന്‍ ശീര്‍ഷകത്തില്‍ നിന്നാണ് ഒരു കോടി രൂപ അനുവദിച്ചത്. രണ്ടു കോടി രൂപ സാംസ്‌കാരിക വകുപ്പ്, കേരള ചലച്ചിത്ര അക്കാദമി, കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ എന്നിവ വഴിയും 84 ലക്ഷം രൂപ അധിക ധനാനുമതി വഴിയുമാണ് നല്‍കിയത്.കെ.എസ്.എഫ്.ഡി.സിയും ചലച്ചിത്ര അക്കാദമിയും 50 ലക്ഷം വീതമാണ് നല്‍കിയിരിക്കുന്നത്.

വിവിധ വിഭാഗങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് ലാല്‍സലാമിനുള്ള തുക കണ്ടെത്തിയിരിക്കുന്നത്. ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കേണ്ടത് പദ്ധതിയിതര ഫണ്ട് വഴിയാണെന്ന നിബന്ധന നിലനില്‍ക്കെയാണ് സര്‍ക്കാരിന്റെ നടപടി. സര്‍ക്കാര്‍ പരിപാടിയെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് എഐസിസി ജനറല്‍ സെക്രട്ട റി കെ.സി. വേണുഗോപാല്‍ ആരോപിച്ചിരുന്നു. ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യവും ചോദ്യംചെയ്യപ്പെട്ടിരുന്നു.