- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിക്കൊപ്പം ഇരിക്കാന്‍ സീറ്റ് തര്‍ക്കം; ഒരു കാരണവശാലും മാറി കൊടുക്കില്ലെന്ന് മറ്റേ യാത്രക്കാരന്‍; രണ്ടുമണിക്കൂറോളം തര്‍ക്കം; അനുസരിക്കാത്ത യാത്രക്കാരനെ പോലീസ് പൊക്കി; ഷാങ്ഹായില്‍ ഇറങ്ങേണ്ട വിമാനം നാല് മണിക്കൂര്‍ പറന്ന് തിരിച്ചെത്തി; മടക്കം 30 മിനിറ്റ് ദൂരം ബാക്കിയുള്ളപ്പോള്‍
കാമുകിക്കൊപ്പം ഇരിക്കാന്‍ സീറ്റ് തര്‍ക്കം
ടോക്കിയോ: കാമുകിക്കൊപ്പം ഇരിക്കാന്‍ സീറ്റ് മാറി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിമാന ജീവനക്കാരുമായി തര്‍ക്കിച്ച യാത്രക്കാരന്‍ കാരണം അന്താരാഷ്ട്ര വിമാനം അടിയന്തരമായി തിരിച്ചിറക്കി. ജപ്പാനിലെ നരിത രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഷാങ്ഹായിലേക്ക് പുറപ്പെട്ട സ്പ്രിംഗ് എയര്‍ലൈന്‍സിന്റെ IJ005 വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
സീറ്റ് തര്‍ക്കം, രണ്ട് മണിക്കൂര്‍ വാഗ്വാദം
തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് പുറപ്പെട്ട വിമാനത്തില്‍, കാമുകിക്കൊപ്പം ഇരിക്കാന്‍ മറ്റൊരു യാത്രക്കാരനോട് സീറ്റ് മാറാന്‍ ആവശ്യപ്പെട്ട യാത്രക്കാരനാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ മറ്റൊരു യാത്രക്കാരന്‍ സീറ്റ് മാറാന്‍ തയ്യാറായില്ല. ജീവനക്കാര്‍ നിയമങ്ങള്‍ വിശദീകരിച്ചിട്ടും യാത്രക്കാരന്‍ വഴങ്ങിയില്ല. വിമാനം പറന്നുയര്‍ന്ന് ഏകദേശം രണ്ട് മണിക്കൂറോളം തര്‍ക്കം തുടര്‍ന്നു.
സ്ഥിതി രൂക്ഷമായതോടെ പൈലറ്റ് ജാപ്പനീസ് അധികൃതരെ വിവരമറിയിക്കുകയും അടിയന്തര യു-ടേണ്‍ എടുത്ത് വിമാനം നരിതയിലേക്ക് തന്നെ തിരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.ഷാങ്ഹായ് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് ഏകദേശം 30 മിനിറ്റ് മാത്രം ശേഷിക്കെയാണ് വിമാനം തിരികെ പറന്നത്.
രാത്രി 11 മണിയോടെ വിമാനം തിരിച്ചിറങ്ങിയപ്പോള്‍ പോലീസ് എത്തി പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. തടസ്സങ്ങള്‍ കാരണം വിമാനത്തിന് ഉടന്‍ തന്നെ പറന്നുയരാന്‍ സാധിച്ചില്ല. മറ്റ് യാത്രക്കാരെ പുറത്തിറക്കിയ ശേഷം വിമാനം അടുത്ത ദിവസം രാവിലെ 10 മണിക്ക് മാത്രമാണ് പുനഃക്രമീകരിച്ചത്.
വിമാനക്കമ്പനി 49 പൗണ്ട് (ഏകദേശം 5000 രൂപ) മാത്രമാണ് നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്തത്. താമസസൗകര്യം നല്‍കാതിരുന്നതിനാല്‍ ചില യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലെ ബെഞ്ചുകളിലും കസേരകളിലും കിടന്ന് ഉറങ്ങേണ്ടി വന്നു.
'ആ യാത്രക്കാരന്‍ വഴങ്ങിയിരുന്നെങ്കില്‍ എല്ലാവര്‍ക്കും അവരുടെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുമായിരുന്നു. വളരെ നിരാശാജനകമായിപ്പോയി,' ഒരു യാത്രക്കാരന്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.




