- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തിരഞ്ഞെടുപ്പുകളില്‍ ഞാന്‍ മത്സരിച്ചപ്പോള്‍ എനിക്കുവേണ്ടി പ്രവര്‍ത്തിച്ചവരും അവരുടെ ബന്ധുക്കളും ഇത്തവണ പലയിടത്തായി മത്സരിക്കുന്നുണ്ട്; അവരെ തിരിച്ചു സഹായിക്കുന്നതിന്റെ ഭാഗമായാണു വോട്ടഭ്യര്‍ഥന'! ഇടമലക്കുടിയിലും ദേവികളുത്തും ബിജെപിക്ക് വേണ്ടി വോട്ട് ചോദിക്കുന്നത് മുന്‍ സിപിഎം എംഎല്‍എ; എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കോ?
മൂന്നാര്‍: എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കോ? സിപിഎം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി വോട്ടുതേടിയിറങ്ങിയതോടെയാണ് ഈ സംശയം ശക്തമാകുന്നത്. ഇടമലക്കുടി, ദേവികുളം ഉള്‍പ്പെടെയുള്ള തോട്ടം മേഖലയിലാണു വോട്ടുപിടിത്തം. ഇടമലക്കുടിയില്‍ മാത്രം രണ്ടാഴ്ചയ്ക്കിടെ 3 തവണ രാജേന്ദ്രന്‍ വോട്ടു തേടിയെത്തി. സിപിഎമ്മുമായി നാലുവര്‍ഷമായി അകന്നുനില്‍ക്കുകയാണു രാജേന്ദ്രന്‍.
'തിരഞ്ഞെടുപ്പുകളില്‍ ഞാന്‍ മത്സരിച്ചപ്പോള്‍ എനിക്കുവേണ്ടി പ്രവര്‍ത്തിച്ചവരും അവരുടെ ബന്ധുക്കളും ഇത്തവണ പലയിടത്തായി മത്സരിക്കുന്നുണ്ട്. അവരെ തിരിച്ചു സഹായിക്കുന്നതിന്റെ ഭാഗമായാണു വോട്ടഭ്യര്‍ഥന' രാജേന്ദ്രന്‍ പ്രതികരിച്ചു. നിലവില്‍ ഒരു പാര്‍ട്ടിയിലും അംഗമല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ.രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് 15 വര്‍ഷം സിപിഎം എംഎല്‍എയായിരുന്ന എസ്.രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചിട്ടും തിരികെ പാര്‍ട്ടിയില്‍ പ്രവേശിക്കാതിരുന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. രാജേന്ദ്രന്‍ ബിജെപിയില്‍ ചേരുമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അഭ്യൂഹമുണ്ട്. ഇതിനിടെയാണ് വോട്ടു പിടിത്തം വാര്‍ത്തകളില്‍ എത്തുന്നത്.
രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന പ്രചാരണം നേരത്തെ തന്നെ ശക്തമായി ഉയര്‍ന്നിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം, കേന്ദ്ര എസ്സി -എസ്ടി കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം തുടങ്ങിയ വാഗ്ദാനങ്ങളാണ് ബിജെപിയില്‍ നിന്ന് രാജേന്ദ്രനു ലഭിച്ചതെന്നും പ്രചാരണമുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര എസ്സി -എസ്ടി കമ്മിഷന്‍ മുതിര്‍ന്ന അംഗങ്ങള്‍, ബിജെപി സംസ്ഥാന നേതാക്കള്‍ എന്നിവര്‍ രാജേന്ദ്രനുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയിരുന്നു. തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടന്നതായും ചില വാഗ്ദാനങ്ങള്‍ ലഭിച്ചതായും എസ്.രാജേന്ദ്രനും പറഞ്ഞിരുന്നു. നേരത്തെ രാജേന്ദ്രന്‍ കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് അജിത് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
1991 മുതല്‍ ദേവികുളം മണ്ഡലം കുത്തകയാക്കിയ കോണ്‍ഗ്രസ് നേതാവ് എ.കെ. മണിയെ തറപറ്റിച്ചാണ് സി.പി.എം. നേതാവായിരുന്ന എസ്. രാജേന്ദ്രന്‍ 2006-ല്‍ ആദ്യം നിയമസഭയില്‍ എത്തുന്നത്. 2011-ലും 2016-ലും വിജയം ആവര്‍ത്തിച്ചു. എന്നാല്‍, 2021-ല്‍ എസ്. രാജേന്ദ്രന് സീറ്റ് നിഷേധിക്കപ്പെട്ടു. അവിടെനിന്നാണ് സി.പി.എമ്മും രാജേന്ദ്രനുമായുള്ള ബന്ധം വഷളാകുന്നതും പാര്‍ട്ടിയില്‍ സസ്‌പെന്‍ഷന്‍ കിട്ടിയതും. 2022ല്‍ എന്നെ പാര്‍ട്ടിയില്‍നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കുറ്റം. 2023-ല്‍ ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ കഴിഞ്ഞു. പക്ഷേ, ഞാന്‍ മെമ്പര്‍ഷിപ്പ് പുതുക്കിയില്ല. പാര്‍ട്ടിക്ക് എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ട സ്ഥിതിക്ക് അതില്‍ തുടരുന്നതില്‍ അര്‍ഥമില്ലല്ലോ-ഇതായിരുന്നു രാജേന്ദ്രന്‍ വിവാദങ്ങളോട് നേരത്തെ പ്രതികരിച്ചിരുന്നത്.
ഇവരുടെ ഓരോ പ്രതികരണങ്ങള്‍ വരുമ്പോഴും പലരും എന്നെ സമീപിക്കാറുണ്ട്. ഫോണില്‍ സംസാരിക്കുന്നുണ്ട്, നേരിട്ട് കാണുന്നുണ്ട്. കോണ്‍ഗ്രസ്, സിപിഐ, ബിജെപി, എന്‍സിപി, എഎപി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ എല്ലാം നേരിട്ടു വന്നു സംസാരിച്ചിരുന്നു. ചില ദലിത് സംഘടനകളും സമീപിച്ചു. പല പാര്‍ട്ടികളില്‍നിന്നായി വിട്ടുവന്നവര്‍ ചേര്‍ന്ന് ഒരു എന്‍ജിഒ പോലെ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുറച്ചുപേര്‍ സമീപിച്ചിരുന്നു. രാഷ്ട്രീയത്തിന് അതീതമായി ഒരു കൂട്ടായ്മ രൂപീകരിക്കാമെന്നാണ് പറഞ്ഞത്. അവരുടെ പക്കല്‍നിന്നും നിരന്തര സമ്മര്‍ദമുണ്ട്. പക്ഷേ അതൊന്നും അത്ര ചെറിയ കാര്യമല്ല. പൊതുപ്രവര്‍ത്തനം എന്താണെങ്കിലും തുടരും-ഇതായിരുന്നു മുമ്പ് രാജേന്ദ്രന്‍ നടത്തിയ പ്രസ്താവന.




