- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇന്ത്യയിലെ ഏറ്റവും വിലയേറിയ നമ്പര്‍ പ്ലേറ്റ്; 1.17 കോടിക്ക് ലേലം സ്വന്തമാക്കിയിട്ടും പണം അടക്കാതെ സുധീര്‍ കുമാര്‍; ആസ്തികളും വരുമാനവും അന്വേഷിക്കും; 'HR88B8888' വീണ്ടും ലേലത്തിന്
ചണ്ഡീഗഡ്: ഹരിയാനയിലെ സോനിപത്തില്‍ കഴിഞ്ഞ ദിവസം നടന്ന വാഹനങ്ങളുടെ വിഐപി രജിസ്‌ട്രേഷന്‍ നമ്പറുകള്‍ക്കായുള്ള ലേലം രാജ്യവ്യാപകമായി ശ്രദ്ധനേടിയിരുന്നു. 'HR88B8888' എന്ന ആരുംകൊതിക്കുന്ന ഫാന്‍സി നമ്പറായിരുന്നു വാര്‍ത്തകളിലെ താരം. നമ്പരിലെ കൗതുകം പോലെ ഇത് സ്വന്തമാക്കിയ ലേലത്തുകയും ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. 1.17 കോടി എന്ന ഭീമന്‍ തുകയ്ക്കാണ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സ്ഥാപനമായ റോമുലസ് സൊല്യൂഷന്‍സിന്റെ ഡയറക്ടര്‍ സുധീര്‍ കുമാര്‍ നമ്പര്‍ സ്വന്തമാക്കിയത്. 45 പേര്‍ പങ്കെടുത്ത വാശിയേറിയ ഓണ്‍ലൈന്‍ ലേലത്തിലൂടെയായിരുന്നു സുധീര്‍ കുമാര്‍ നമ്പര്‍ വിളിച്ചെടുത്തത്. സംഭവം സോഷ്യല്‍ മീഡിയയിലടക്കം വൈറലായിരുന്നു. എന്നാല്‍ ലേലത്തില്‍ പിടിച്ച ശേഷം പണം അടയ്ക്കുന്നതില്‍ പരാജയപ്പെട്ട സുധീര്‍ കുമാറിന്റെ ആസ്തികള്‍ അന്വേഷിക്കാന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടു. റോമുലസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായ സുധീര്‍ കുമാറിന്റെ ആസ്തികളും വരുമാനവും വിശദമായി അന്വേഷിക്കാന്‍ ഗതാഗത വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് ഹരിയാന ഗതാഗത മന്ത്രി അനില്‍ വിജ് ആണ്.
'വിഐപി നമ്പര്‍ പ്ലേറ്റുകള്‍ ഞങ്ങള്‍ ലേലം ചെയ്യുന്നു. '8888' എന്ന നമ്പറിനായി നിരവധി പേര്‍ ലേലം വിളിച്ചു. എന്നാല്‍, ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലം നേടിയ ശേഷം സുധീര്‍ കുമാര്‍ പണം നല്‍കിയില്ല' വിജ് മാധ്യമങ്ങളോട് പറഞ്ഞു. വിഐപി നമ്പര്‍ പ്ലേറ്റിന് ലേലം വിളിച്ച തുകയായ 1.17 കോടി രൂപയുടെ ആസ്തി സുധീര്‍ കുമാറിനുണ്ടോ എന്ന് പരിശോധിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക ശേഷിയില്ലാത്തവര്‍ ലേലത്തില്‍ പങ്കെടുത്ത് നമ്പര്‍ പ്ലേറ്റിന്റെ വില വര്‍ദ്ധിപ്പിക്കുന്നത് തടയുന്നതിനാണ് ഈ നടപടി. ലേലത്തില്‍ പങ്കെടുക്കുന്നത് ഒരു ഹോബിയല്ല, അതൊരു ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. ലേലം നടന്ന അഞ്ചു ദിവസത്തിനുള്ളില്‍ നമ്പര്‍ സ്വന്തമാക്കിയ വ്യക്തി മുഴുവന്‍ തുകയും അടയ്ക്കണമെന്നാണ് വ്യവസ്ഥ. ഡിസംബര്‍ 1 ന് സമയപരിധി അവസാനിച്ചിട്ടും സുധീര്‍ പണമടിച്ചിട്ടില്ല. ഇതോടെ നമ്പര്‍ വീണ്ടും ലേലത്തില്‍ വരുമെന്നാണ് വിവരം.
ശനിയാഴ്ച രാത്രി രണ്ടുതവണ ഇയാള്‍ പണം അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാര്‍ മൂലം ഇടപാട് നടന്നില്ലെന്നാണ് സുധീര്‍ കുമാര്‍ പറയുന്നത്. കൂടാതെ, ഇത്ര വലിയ തുകയ്ക്ക് ഒരു നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയതില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടെന്നും സുധീര്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു. അതേസമയം, സെക്യൂരിറ്റി ഡെപ്പോസിറ്റായി 10,000 രൂപയും രജിസ്‌ട്രേഷന്‍ ഫീസായി 1,000 രൂപയും? അടക്കം 11,000 രൂപ മാത്രമാണ് നമ്പരിനായി സുധീര്‍ മുന്‍കൂറായി അടച്ചിരുന്നത്. നിലവില്‍ ഹരിയാനയുടെ മോട്ടോര്‍ വാഹന വകുപ്പിന്റെ ലേല വെബ്‌സൈറ്റില്‍ 'HR88B8888' എന്ന നമ്പര്‍ പ്ലേറ്റ് ലിസ്റ്റു ചെയ്തിട്ടില്ല. ഉടന്‍ തന്നെ നമ്പര്‍ വീണ്ടും ലേലത്തിനെത്തുമെന്നാണ് വിവരം. അടുത്തിടെ കേരളത്തില്‍, 46 ലക്ഷം രൂപയ്ക്ക് '0007' എന്ന നമ്പര്‍ വ്യവസായി സ്വന്തമാക്കിയിരുന്നു.
ഏറ്റവും വിലയേറിയ നമ്പര്‍ പ്ലേറ്റ്
നവംബര്‍ 26നാണ് 'HR88B8888' എന്ന നമ്പര്‍ പ്ലേറ്റ് 1.17 കോടി രൂപയ്ക്ക് ലേലത്തില്‍ വിറ്റ് ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാര്‍ രജിസ്‌ട്രേഷന്‍ നമ്പറായി തലക്കെട്ടുകളില്‍ ഇടം നേടിയത്. 50,000 രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഈ നമ്പറിനായി 45 അപേക്ഷകളാണ് ലഭിച്ചത്. ലേലത്തുക അടയ്ക്കാനുള്ള അവസാന തീയതി കഴിഞ്ഞിട്ടും സുധീര്‍ കുമാറിന് അത് സാധിച്ചില്ല. ഇതിന്റെ കാരണം വ്യക്തമല്ല. ശനിയാഴ്ച രാത്രി രണ്ട് തവണ തുക അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാര്‍ കാരണം പരാജയപ്പെട്ടുവെന്ന് സുധീര്‍ കുമാര്‍ ഞായറാഴ്ച പറഞ്ഞിരുന്നു. ഒരു നമ്പര്‍ പ്ലേറ്റിനായി ഇത്രയും വലിയ തുക ചെലവഴിക്കുന്നതിന് തന്റെ കുടുംബം എതിരാണെന്നും അദ്ദേഹം വെളിപ്പെടുത്തി. 'കുടുംബവുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒരു നമ്പര്‍ പ്ലേറ്റിനായി ഇത്രയും വലിയ തുക ചെലവഴിക്കുന്നത് വിവേകമല്ലെന്ന് വീട്ടിലെ മുതിര്‍ന്നവര്‍ പറയുന്നു, എന്നാല്‍ ഞാന്‍ ഇതിന് അനുകൂലമാണ്. തിങ്കളാഴ്ചയോടെ ഞങ്ങള്‍ അന്തിമ തീരുമാനം എടുക്കും' എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഈ നമ്പര്‍ പ്ലേറ്റ് വീണ്ടും ലേലം ചെയ്യാനാണ് തീരുമാനം.
'HR88B8888' പ്രത്യേകത
'HR88B8888' എന്ന നമ്പര്‍ പ്ലേറ്റിന് ആവശ്യക്കാര്‍ ഏറെയാണ്. ഇതിലെ എച്ച് ആര്‍ ഹരിയാന സംസ്ഥാനത്തെ സൂചിപ്പിക്കുന്നു. 88 എന്നത് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിനെയോ ജില്ലയെയോ സൂചിപ്പിക്കുന്നു. പിന്നാലെ വരുന്ന സീരീസ് കോഡ് (ഇംഗ്ലീഷ് അക്ഷരം 'B' വലിയക്ഷരത്തില്‍ എഴുതുമ്പോള്‍ എട്ട് പോലെ തോന്നിക്കുന്നത് ആകര്‍ഷകമാണ്). 8888: വാഹനത്തിന് നല്‍കിയിട്ടുള്ള നാലക്ക രജിസ്‌ട്രേഷന്‍ നമ്പറാണ്. 'ബി' എന്ന അക്ഷരം എട്ട് പോലെ തോന്നിക്കുന്നത് കാരണം, ഈ നമ്പര്‍ പ്ലേറ്റ് തുടര്‍ച്ചയായ എട്ടുകളുടെ ഒരു നിര പോലെ ദൃശ്യമാകുന്നു എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.




