തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന് യുവതി നല്‍കിയ പരാതിയില്‍ വീണ്ടും കേസെടുത്ത് പൊലീസ്. ബലാത്സംഗ വകുപ്പ് ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തിരിക്കുന്നത്. ഡിവൈഎസ്പി സജീവനാണ് അന്വേഷണ ചുമതല. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ്. ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലാണ് ഇന്നലെ യുവതിയുടെ പരാതിയെത്തിയത്. കേസില്‍ പരാതിക്കാരിയെ കണ്ടെത്തി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ബലാത്സംഗം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് ആണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിജീവിതയുടെ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഈ കേസും അന്വേഷിക്കും. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് ലഭിച്ച പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഈ പരാതി സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയുമായിരുന്നു.

ബെംഗളൂരുവില്‍ പഠിക്കുന്ന 23കാരിയാണ് കഴിഞ്ഞദിവസം കെപിസിസി അധ്യക്ഷന് പരാതി ഇ-മെയില്‍ മുഖാന്തരം നല്‍കിയത്. യുവതിയെ കേരളത്തിലേക്കെത്തിച്ച് ആളൊഴിഞ്ഞ റിസോര്‍ട്ടില്‍ എത്തിച്ച് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് ഫെനി നൈനാനെതിരെയും പരാതിയില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ഫെനി നൈനാനാണ് കാറില്‍ തന്നെ റിസോര്‍ട്ടില്‍ എത്തിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.കേസില്‍ ഫെനി നൈനാനും പ്രതിയാകും. നിലവില്‍ ഫെനി തദ്ദേശ തിരഞ്ഞെടുപ്പില്‍ അടൂരില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ്.

രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് തുടങ്ങിയവര്‍ക്കാണ് ആദ്യം യുവതി പരാതി നല്‍കിയിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചെന്നും പരാതിയിലുണ്ട്. രാഷ്ട്രീയ അധികാരം ഉപയോഗിച്ച് പെണ്‍കുട്ടികളെ ഉപയോഗിക്കുന്ന വേട്ടക്കാരനെന്ന് പരാതിയില്‍ പറയുന്നുണ്ട്. രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ ബലാത്സംഗ കേസാണിത്. ബലാത്സംഗ ഭ്രൂണഹത്യ കേസാണ് ആദ്യത്തേത്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് കാട്ടിയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ ഇന്നലെ ഉച്ചയോടെ യുവതിയുടെ പരാതി എത്തിയത്. കേരളത്തിന് പുറത്തുതാമസിക്കുന്ന 23 കാരി ഇ മെയിലില്‍ സോണിയാഗാന്ധിക്കും കെപിസിസി അധ്യക്ഷനും പരാതി നല്‍കിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച രാഹുല്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.

രാഹുലിന് സ്ഥിരം ജോലി ഇല്ലാത്തത് കാരണം വിവാഹ വാഗ്ദാനത്തോട് കുടുംബത്തിന് ആദ്യം താല്പര്യം ഉണ്ടായിരുന്നില്ലെന്നും രാഹുല്‍ യൂത്ത് കോണ്‍ സംസ്ഥാന പ്രസിഡന്റായതോടെ കുടുംബം സമ്മതിച്ചെന്നും പരാതിയില്‍ പറയുന്നു. വീട്ടിലെത്തി വിവാഹക്കാര്യം കുടുംബവുമായി സംസാരിക്കാമെന്ന് രാഹുല്‍ ഉറപ്പ് നല്‍കി. ഇതിന് മുമ്പ് തനിച്ച് കാണണമെന്ന് പറഞ്ഞ് രാഹുല്‍ വിളിച്ചുവരുത്ത് അനുവാദം കൂടാതെ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. പിന്നീട് വിവാഹം കഴിച്ചാല്‍ അത് രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന് പറഞ്ഞ് പിന്മാറിയെന്നും പരാതിയില്‍ പറയുന്നു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ തുടരുകയാണ്. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ അടച്ചിട്ട മുറിയില്‍ നാളെയും വാദം തുടരും. ബലാത്സംഗത്തിനും ഗര്‍ഭഛിദ്രത്തിനും രാഹുലിനെതിരെ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ലൈംഗികപീഡന- ഭ്രൂണഹത്യാ കേസുകളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല.