- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാവികാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായി പീഡിപ്പിച്ചു; ശരീരത്തില്‍ നിരവധി മുറിവുകള്‍; രാഹുലിനെതിരെ രണ്ടാം എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്; 23 കാരി പരാതി നല്‍കിയത് സുഹൃത്തിന്റെ സഹായത്തോടെ; മൊഴിയെടുക്കാന്‍ അന്വേഷണ സംഘം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ 23കാരിയായ യുവതി നല്‍കിയ പരാതിയില്‍ ബലാത്സംഗ കുറ്റം ചുമത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്. 2023ലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നും ക്രൂരപീഡനമാണ് നടത്തിയതെന്നുമാണ് എഫ്‌ഐആര്‍. പ്രതി പട്ടികയില്‍ രാഹുല്‍ മാത്രമാണുള്ളത്. ക്രൂര ലൈംഗിക പീഡനം നടന്നെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചെതന്നും എഫ്‌ഐറിലുണ്ട്. രാഹുലിന്റെ സന്തത സഹചാരി ഫെനി നൈനാനാണ് കൊണ്ടു വിട്ടതെന്ന് എഫ്‌ഐആറില്‍ പറയുന്നുണ്ടെങ്കിലും പ്രതി ചേര്‍ത്തിട്ടില്ല. എസ്‌ഐടി സംഘം അന്വേഷണം ആരംഭിച്ചു.
ഫെന്നി നൈനന്‍ ഓടിച്ച കാറില്‍ പെണ്‍കുട്ടിയെ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചുവെന്നും യുവതിയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. ഇരയുടെ ടെലിഗ്രാം നമ്പര്‍ വാങ്ങിയശേഷം വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി പരാതിക്കാരിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും എഫ്ആറിലുണ്ട്. വിവാഹം കഴിക്കാമെന്ന് വ്യാജ വാഗ്ദാനം നല്‍കി അവധിക്ക് യുവതി നാട്ടിലെത്തിയപ്പോള്‍ ഭാവികാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒറ്റപ്പെട്ടയിടത്തെ ഹോം സ്റ്റേയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് ലഭിച്ച കേരളത്തിന് പുറത്ത് കഴിയുന്ന യുവതിയുടെ പരാതിയിലെടുത്ത കേസിലെ എഫ്‌ഐആര്‍ വിവരങ്ങളാണ് പുറത്തുവന്നത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പരാതി പൊലീസിന് കൈമാറിയിരുന്നു. ഇന്നലെയാണ് ഈ പരാതിയില്‍ രാഹുലിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. സംഭവത്തില്‍ യുവതിയുടെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. യുവതി പരാതിയില്‍ പറഞ്ഞ കാര്യങ്ങളടക്കം ഇതിനോടകം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം. തുടര്‍ന്നാണ് കേസെടുക്കാന്‍ തീരുമാനിച്ചത്.
അതേ സമയം രണ്ടാമത്തെ കേസിലെ യുവതിയെപ്പറ്റിയുള്ള വിശദാംശങ്ങള്‍ പൊലീസിനു ലഭിച്ചു. കര്‍ണാടകയിലുള്ള യുവതിയുടെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി കെപിസിസിക്ക് പരാതി നല്‍കിയത്. പരാതിക്കാരി മൊഴിയില്‍ ഉറച്ചുനിന്നാല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിലടക്കംരാഹുലിനു കുരുക്ക് മുറുകും. രണ്ടാമത്തെ ബലാത്സംഗക്കേസിന്റെ എഫ്‌ഐആര്‍ പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. രാഹുല്‍ സ്ത്രീകളെ നിരന്തരം ശല്യം ചെയ്യുന്ന വ്യക്തിയാണെന്ന് പ്രോസിക്യൂഷന്‍ വാദിക്കും.
അതേസമയം, രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ക്കും. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നതും പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത കാര്യവുമടക്കം ചൂണ്ടികാണിച്ചായിരിക്കും പ്രോസിക്യൂഷന്‍ രാഹുലിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ക്കുക. ജാമ്യ ഹര്‍ജിയിലെ വാദം പൂര്‍ത്തിയാക്കിയശേഷമായിരിക്കും കോടതി വിധി പറയുക.
സീല്‍ ചെയ്ത കവറില്‍ രാഹുലിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച രേഖകളും കോടതി പരിശോധിച്ചു. ഒന്നര മണിക്കൂറിലേറെ നേരമാണ് അടച്ചിട്ട കോടതി മുറിയില്‍ വാദം നടന്നത്. കേസ് ഇന്നത്തേക്ക് മാറ്റിയത്, കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ്. യുവതിയുടെ പരാതി പൂര്‍ണമായും വ്യാജമാണെന്നും സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണെന്നുമാണ് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചത്. യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നും അവകാശപ്പെട്ട് തെളിവുകളും ഹാജരാക്കി. എന്നാല്‍ ബലാത്സംഗത്തിനും ഭ്രൂണഹത്യയ്ക്ക് നിര്‍ബന്ധിച്ചതിനും തെളിവുണ്ടെന്ന് വാദിച്ച പ്രോസിക്യൂഷന്‍ ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കി. ഇതു പരിശോധിച്ച ശേഷമാണ് കോടതി അധിക തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടത്.
ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ വിധി പറയാന്‍ ഇരിക്കെയാണ് രാഹുലിനു വന്‍ കുരുക്കായി രണ്ടാം കേസ് മാറുന്നത്. ബലാത്സംഗം എന്ന ജാമ്യമില്ല കുറ്റം ചുമത്തിയാണ് 23 കാരിയുടെ വെളിപ്പെടുത്തലില്‍ രണ്ടാം കേസും എടുത്തിരിക്കുന്നത്. ബലാത്സംഗ വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച് ആണ് രണ്ടാമത്തെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. ഡിവൈഎസ്പി സജീവനാണ് അന്വേഷണ ചുമതല. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കേരളത്തിന് പുറത്ത് താമസിക്കുന്ന 23കാരി ഇമെയിലായിട്ടാണ് സോണിയാഗാന്ധിക്കും കെപിസിസി അധ്യക്ഷനും പരാതി നല്‍കിയത്.




