ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ അതിരുവിട്ട പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ ശശി തരൂര്‍ എം പി രംഗത്ത്.പ്രതിപക്ഷം പാര്‍ലമെന്റില്‍ നിരുത്തരവാദിത്തപരമായി പെരുമാറുന്നു. ചര്‍ച്ചകളിലൂടെ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതിന് പകരം ബഹളം വെച്ച് നടപടികള്‍ തടസ്സപ്പെടുത്തുന്നു. ചോദ്യോത്തരവേളയും ശൂന്യവേളയും പോലെ കേന്ദ്രമന്ത്രിമാരെ മുള്‍മുനയില്‍ നിര്‍ത്താനുള്ള അവസരങ്ങള്‍ പാഴാക്കുന്നു. നിയമനിര്‍മാണം ഏകപക്ഷീയമായി നടക്കുന്നു. യുപിഎ ഭരണകാലത്ത് ബിജെപി ചെയ്തത് ഇപ്പോള്‍ ഇന്ത്യ സഖ്യം ആവര്‍ത്തിക്കുന്നു. നഷ്ടം സംഭവിക്കുന്നത് പ്രതിപക്ഷത്തിനാണെന്നും ശശി തരൂര്‍ പറഞ്ഞു. പാര്‍ലമെന്റ് പ്രാധാന്യം കുറയുന്നുവെന്നും ശശി തരൂര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

കോണ്‍ഗ്രസിനേയും ഇന്ത്യ സഖ്യത്തെയും സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ശശി തരൂര്‍ എംപിയുടെ വിമര്‍ശനം. പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്നതിനാണ് പ്രതിപക്ഷം പ്രാധാന്യം കൊടുക്കുന്നതെന്ന് ലേഖനത്തില്‍ വിമര്‍ശിക്കുന്നു. പാര്‍ലമെന്റിനകത്ത് ചര്‍ച്ചകളിലൂടെ ഭരണപക്ഷത്തെ വെല്ലുവിളിക്കാനുള്ള അവസരങ്ങള്‍ ഉപയോഗിക്കാതെ, ബഹളമുണ്ടാക്കി ചര്‍ച്ചകളേയും സഭാനടപടികളും തടസപ്പെടുത്തുന്ന രീതിയാണ് പ്രതിപക്ഷം തുടരുന്നത്. നഷ്ടം ഉണ്ടാകുന്നത് പ്രതിപക്ഷത്തിന് തന്നെയാണെന്ന് ശശി തരൂര്‍ ലേഖനത്തില്‍ പറയുന്നു.

ചോദ്യോത്തര വേള, ശൂന്യവേള അടക്കം കേന്ദ്ര സര്‍ക്കാരിനേയും കേന്ദ്ര മന്ത്രിമാരേയും മുള്‍മുനയില്‍ നിര്‍ത്താന്‍ സാധിക്കുന്ന അവസരങ്ങള്‍ ഫലപ്രദമായി പ്രതിപക്ഷം ഉപയോഗിക്കുന്നില്ലെന്നും തരൂര്‍ വിമര്‍ശിക്കുന്നു. സഭയില്‍ നിയനിര്‍മ്മാണം ഏകപക്ഷീയമായി നടക്കുന്നു. നിയമങ്ങള്‍ കൊണ്ടുവന്ന് അത് പാസാക്കി പ്രഖ്യാപിക്കാനുള്ള നോട്ടീസ് ബോര്‍ഡ് ആയി മാത്രമാണ് സഭയെ ഭരണപക്ഷം കാണുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ ഏകപക്ഷീയമായി സഭയില്‍ നിയമങ്ങള്‍ പാസാക്കുന്നു. ചര്‍ച്ച ഉണ്ടാകുന്നില്ല. പ്രതിപക്ഷത്തിന് ചര്‍ച്ചകളിലൂടെ ഭരണപക്ഷത്തെ വെല്ലുവിളിക്കാനുള്ള അവസരം ഇല്ലാതാകുന്നു. ഇതിനെല്ലാം കാരണം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം തന്നെയാണെന്നും തരൂര്‍ പറയുന്നു.

രാഷ്ട്രീയത്തില്‍ പാര്‍ലമെന്റിന് പ്രാധാന്യം കുറയുന്നുവെന്ന വിമര്‍ശനവും തരൂര്‍ ഉന്നയിക്കുന്നു. പരസ്പരം ശത്രുക്കളേപ്പോലെയാണ് ഭരണപക്ഷവും പ്രതിപക്ഷവും പെരുമാറുന്നതെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെ പരാജയപ്പെടുന്നത് പ്രതിപക്ഷമാണ്. പാര്‍ലമെന്റുമായി ബന്ധപ്പെട്ടവര്‍ എത്രയും പെട്ടെന്ന് പ്രവര്‍ത്തിക്കണം. ഭരണഘടനാരൂപകല്‍പ്പനയ്ക്കുള്ള ഇടം മാത്രമായിട്ടല്ല, ജനാധിപത്യ ഇടപെടലുകള്‍ക്കായുള്ള സജീവ വേദിയായും പാര്‍ലമെന്റിനെ മാറ്റണമെന്നും അദ്ദേഹം കുറിച്ചു.

ഇന്ത്യ ഇതിലും മികച്ചത് അര്‍ഹിക്കുന്നു. ജനങ്ങളുടെ ആശങ്കകളുമായി പൊരുത്തപ്പെടുന്ന കരുതലോടെ നിയമനിര്‍മ്മാണം നടത്തുന്ന പാര്‍ലമെന്റ് ആണ് ആവശ്യം. യുദ്ധക്കളമല്ല വേണ്ടത്. പാര്‍ലമെന്റിന്റെ അന്തസ്സ് പുനഃസ്ഥാപിക്കേണ്ട സമയം ഇതാണെന്നും തരൂര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതൊരു പുതിയ പ്രശ്നമല്ല. യുപിഎ ഭരണകാലത്ത്, ബിജെപി പാര്‍ലമെന്റ് തടസ്സപ്പെടുത്തി, 15-ാം ലോക്സഭയുടെ പ്രതിഷേധിക്കാനുള്ള സമയത്തിന്റെ 68 ശതമാനം നഷ്ടപ്പെട്ടു. യുപിഎ കാലത്ത് ബിജെപി പെരുമാറിയത് പോലെയാണ് ഇപ്പോള്‍ ഇഡ്യ സഖ്യം പെരുമാറുന്നത്. സര്‍ക്കാര്‍ കൂടിയാലോചിക്കോ ചര്‍ച്ച ചെയ്യാനോ വിസമ്മതിക്കുന്നത് ഇത്തരം തടസ്സപ്പെടുത്തലിനെ ന്യായീകരിക്കുന്നുവെന്നാണ് വാദം. അവര്‍ നിങ്ങളോട് എന്തു ചെയ്തുവോ അത് അവരോടും ചെയ്യുക എന്ന പാതയിലാണ് ഇന്ത്യന്‍ രാഷ്ട്രീയം.

ഇന്നലെ തടസ്സപ്പെടുത്തിയവര്‍ ഇപ്പോള്‍ പാര്‍ലമെന്ററി മാന്യതയുടെ കാവല്‍ക്കാരായി വേഷമിടുന്നുവെന്നും തരൂര്‍ പറഞ്ഞു. ഇന്ന് തടസ്സപ്പെടുത്തുന്നവര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ മാന്യതയുടെ ഗുണങ്ങള്‍ കണ്ടെത്തും. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് വളരെ മുമ്പുതന്നെ താന്‍ ഈ പ്രശ്‌നത്തില്‍ ഇടപെട്ടുവെന്നും തരൂര്‍ പറയുന്നു. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി നാരായണ മൂര്‍ത്തി, ശ്യാം ബെനഗല്‍ തുടങ്ങിയ പ്രമുഖ പൗരന്മാരുടെ കൂടെ ചര്‍ച്ചയ്ക്കായി ക്ഷണിച്ചു. ചര്‍ച്ചയുടെയും മാന്യതയുടെയും നിലവാരം ഉയര്‍ത്തിപ്പിടിക്കുന്നതിനായി നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് തങ്ങള്‍ എല്ലാവരും ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാം വെറുതെയായി.

ഇതില്‍ ഇരുപക്ഷവും കുറ്റക്കാരാണെന്ന് തരൂര്‍ ലേഖനത്തില്‍ പറയുന്നു. പ്രതിപക്ഷവുമായി ബന്ധപ്പെടാന്‍ ബിജെപി സര്‍ക്കാര്‍ വിസമ്മതിക്കുന്നു, കൂടിയാലോചന കൂടാതെ നിയമനിര്‍മ്മാണം നടത്തുന്നു. പ്രഖ്യാപനങ്ങള്‍ക്കുള്ള ഒരു നോട്ടീസ്‌ബോര്‍ഡായും ഇതിനകം എടുത്ത തീരുമാനങ്ങള്‍ക്കുള്ള ഒരു റബ്ബര്‍ സ്റ്റാമ്പുമായും പാര്‍ലമെന്റിനെ അവര്‍ കണക്കാക്കുന്നുവെന്നും തരൂര്‍. പ്രധാനമന്ത്രിയുടെ അവഗണന പ്രകടമാണ്. ദിവസവും പാര്‍ലമെന്റില്‍ പങ്കെടുത്തിരുന്ന ജവഹര്‍ലാല്‍ നെഹ്റുവില്‍ നിന്ന് വ്യത്യസ്തമായി, നരേന്ദ്ര മോദി സഭയില്‍ പങ്കെടുക്കുന്നത് വളരെ അപൂര്‍വമായാണെന്ന് തരൂര്‍ വിമര്‍ശിച്ചു. രാഷ്ട്രീയ ജീവിതത്തില്‍ പാര്‍ലമെന്റിന്റെ പങ്ക് കുറഞ്ഞുവരുന്നത് ജനാധിപത്യത്തിന് ദോഷം ചെയ്യുുമെന്നും ഇതിനായി ഇടപെടല്‍ നടത്തണമെന്നും തരൂര്‍ പറയുന്നു.