തിരുവനന്തപുരം: ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സെഷന്‍സ് കോടതി വിധിയില്‍ ആഹ്‌ളാദമറിയിച്ച് ബലാത്സംഗ പരാതി നല്‍കിയ അതിജീവിത. ആദ്യമായി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ അതിജീവിതയാണ് സമൂഹമാധ്യമത്തിലൂടെ പ്രതികരണം നടത്തിയത്. 'സത്യമേവ ജയതേ' എന്ന വാട്‌സ്ആപ്പ് സ്റ്റാറ്റസുമായി അതിജീവിത രംഗത്തെത്തി. അതിജീവിതയ്ക്ക് നേരെ സൈബര്‍ ആക്രമണം തുടരവെ പൊലീസ് രജിസ്റ്റര്‍ ചെയ്തത് 36 കേസുകളാണ്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളില്‍ അതിജീവിതയെ അപമാനിക്കുന്ന തരത്തില്‍ കമന്റിടുന്നവര്‍ക്ക് എതിരെയും കേസെടുക്കുന്നുണ്ട്.

മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ അടുത്ത നീക്കവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത് വന്നുകഴിഞ്ഞു. ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. ഉടന്‍ ഹര്‍ജി നല്‍കും. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുല്‍ മാങ്കൂട്ടത്തിലിനായി ഹാജരാവുക. ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാല്‍ തൊട്ടു പിന്നാലെ ഓണ്‍ലൈനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാണ് ആലോചന. ഹര്‍ജി നാളെ ഉച്ചയോടെ ബെഞ്ചില്‍ കൊണ്ടുവരാന്‍ കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്. അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങാനുള്ള നീക്കം രാഹുലിന് ഇല്ല എന്നാണ് വിവരം.

രാഹുലുമായി ബന്ധപ്പെട്ടവര്‍ കഴിഞ്ഞ ദിവസം മുതല്‍ തന്നെ ഹൈക്കോടതി അഭിഭാഷകരുമായി കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. ജാമ്യം ലഭിക്കാനുള്ള വിദൂര സാധ്യത കണക്കിലെടുത്ത്‌കൊണ്ട് തന്നെയായിരുന്നു ഈ നീക്കം. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്.

ബലാത്സംഗ കേസില്‍ അറസ്റ്റ് ഭയന്ന് എട്ടാം ദിവസവും ഒളിവില്‍ തുടരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ബെംഗളൂരുവില്‍ തന്നെ എന്നാണ് പൊലീസിന്റെ നിഗമനം. സംരക്ഷണം ഒരുക്കുന്നത് റിയല്‍ എസ്റ്റേറ്റ് - റിസോര്‍ട്ട് സംഘങ്ങളാണ്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയുണ്ടെന്നും പൊലീസ്. മുങ്ങാന്‍ സഹായമൊരുക്കിയ ഡ്രൈവറും ഹോട്ടല്‍ ഉടമയും കസ്റ്റഡിയിലാണ്. മലയാളിയായ ബോസ് എന്നയാളാണ് പിടിയിലായത്. രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന രണ്ടാമത്തെ ബലാത്സംഗ പരാതിയില്‍ മൊഴി തേടാന്‍ സമ്മതം തേടി അതിജീവിതയ്ക്ക് ഇ-മെയിലിലൂടെ നോട്ടീസ് അയച്ച് പൊലീസ്. മൊഴി നല്‍കാന്‍ കഴിയുന്ന സമയവും സ്ഥലവും അറിയിക്കണമെന്നാണ് പരാതിക്കാരിയുടെ നോട്ടീസില്‍ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ ഡിജിപി നിയോഗിച്ചിരുന്നു. കേരളത്തിന് പുറത്ത് താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയായ ഈ പെണ്‍കുട്ടിയുടെ മറുപടി ലഭിച്ചാല്‍ പൊലീസ് ഉടന്‍ മൊഴിയെടുക്കും. പരാതി അയച്ച മെയിലിലേക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.