ന്യൂഡല്‍ഹി: രാജ്യമെമ്പാടുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 200 ഓളം സര്‍വീസുകള്‍ വീണ്ടും മുടങ്ങിയത് പ്രതിസന്ധിയായി തുടരുന്നു. ഇനിയും പ്രതിസന്ധി തുടരും. ഇന്നും വിമാനങ്ങള്‍ റദ്ദാക്കും. 500 ലേറെ സര്‍വ്വീസുകള്‍ ഇതുവരെ റദ്ദാക്കേണ്ടി വന്നു. വിമാനത്താവളങ്ങളില്‍ പലയിടത്തും യാത്രക്കാര്‍ ബഹളംവച്ച് പ്രതിഷേധിച്ചു. പൈലറ്റ് ക്ഷാമമാണ് സര്‍വീസുകള്‍ മുടങ്ങാന്‍ പ്രധാന കാരണമായത്. ഡിജിസിഎയുടെ പുതിയ ചട്ടങ്ങള്‍ നടപ്പാക്കിയതോടെയാണ് പൈലറ്റ് ക്ഷാമമുണ്ടായത്. വലിയ പ്രതിസന്ധിയാണ് ഇതുകാരണമുണ്ടായത്.

യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി പൈലറ്റുമാര്‍ക്കും വിമാന ജീവനക്കാര്‍ക്കും മതിയായ വിശ്രമസമയം അനുവദിക്കുന്നതാണ് പുതിയ ചട്ടം. നവംബര്‍ ഒന്നു മുതലാണ് ഇതു നടപ്പായത്. ഇതോടെ സര്‍വീസുകള്‍ തടസം കൂടാതെ നടത്താന്‍ വേണ്ടത്ര പൈലറ്റുമാരില്ലാത്ത സ്ഥിതിയായി. അവധിയില്‍ പോയ പൈലറ്റുമാരോടു പോലും തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടായി. എന്നിട്ടും സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മന്‌സിലാക്കി നേരത്തെ നടപടി എടുക്കാത്തതാണ് ഇതിന് കാരണം. കൂടാതെ വിമാന കമ്പനികളുടെ ചെക്ക് - ഇന്‍ സംവിധാനത്തിലെ തകരാറും ഉത്തരേന്ത്യയിലെ ശൈത്യം മൂലമുള്ള ഷെഡ്യൂള്‍ മാറ്റവും ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ വിമാന സര്‍വീസുകളെ സാരമായി ബാധിച്ചു.

വിമാന സര്‍വീസുകള്‍ തടസപ്പെടുന്നതു സംബന്ധിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാല്‍) യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ എയര്‍ലൈനുകളില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ശ്രദ്ധിക്കണമെന്നും സിയാല്‍ അറിയിച്ചു. പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതില്‍ ഇന്‍ഡിഗോയ്ക്ക് വന്ന വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഡിസംബര്‍ എട്ട് മുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. സര്‍വീസ് പൂര്‍ണ തോതില്‍ സാധാരണ നിലയിലാകാന്‍ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നാണ് ഇന്‍ഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുള്ളത്.

ഇന്നലെ 550ഓളം സര്‍വീസുകളാണ് റദ്ദാക്കിയത്. പൈലറ്റുമാരുടെ ഡ്യൂട്ടി ക്രമീകരിക്കുന്നതിലെ പ്രശ്‌നങ്ങളാണ് ഇന്‍ഡിഗോയ്ക്ക് വിനയായത്. അതിനിടെ, പുതിയ ചട്ടങ്ങളില്‍ ഡിജിസിഎ ഇന്‍ഡിഗോയ്ക്ക് തല്‍ക്കാല ഇളവ് അനുവദിക്കും. പ്രതിസന്ധി നേരിടാന്‍ കഴിയാത്തതില്‍ ഇന്‍ഡിഗോയെ കേന്ദ്ര വ്യോമയാനമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. നിലവിലെ അവസ്ഥ, വിമാന നിരക്കുകള്‍ കൂടാന്‍ കാരണമാകരുതെന്നും നിര്‍ദേശമുണ്ട്. സര്‍വീസുകള്‍ നിരീക്ഷിക്കാന്‍ ഡിജിസിഎയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.