- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തനിച്ച് കാണണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; നേരിട്ടത് ക്രൂരലൈംഗിക പീഡനം; ശരീരമാകെ മുറിവേല്‍പ്പിച്ചു; ഗര്‍ഭിണിയാക്കുമെന്ന് രാഹുല്‍ തന്നോടും പറഞ്ഞെന്ന് പെണ്‍കുട്ടി; രണ്ടാം ബലാത്സംഗക്കേസിന്റെ അന്വേഷണ ചുമതല എഐജി ജി. പൂങ്കുഴലിക്ക്; ഉടന്‍ മൊഴി രേഖപ്പെടുത്തും
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ രണ്ടാം ബലാത്സംഗ പരാതിയില്‍ അന്വേഷണസംഘം വിപുലീകരിക്കും. എഐജി ജി. പൂങ്കുഴലിക്ക് അന്വേഷണച്ചുമതല നല്‍കും. കേസുമായി മുന്നോട്ട് പോകാന്‍ തയ്യാറാണെന്ന് അതിജീവിത അന്വേഷണ സംഘത്തെ അറിയിച്ച സാഹചര്യത്തിലാണ് എഐജി പൂങ്കുഴലിക്ക് അന്വേഷണ ചുമതല നല്‍കാന്‍ തീരുമാനമായത്. കെപിസിസി അധ്യക്ഷന്‍ ഡിഐജിക്ക് കൈമാറിയ പരാതിയിലാണ് അന്വേഷണം. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം ഉടന്‍ നീങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
ബലാത്സംഗ പരാതിയില്‍ മൊഴി നല്‍കാന്‍ തയ്യാറെന്ന് അതിജീവിത കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. യുവതിയുടെ അനുമതി തേടി ഇ-മെയില്‍ അയച്ചതിന് മറുപടി നല്‍കിയാണ് യുവതി ഇക്കാര്യം സ്ഥിരീകരിച്ചത്.കേരളത്തിന് പുറത്ത് താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയായ പെണ്‍കുട്ടിയാണ് പരാതിക്കാരി. വിവാഹ വാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. മുറിയില്‍ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേല്‍പ്പിച്ചു. മാനസികമായും ശാരീരികമായും ക്രൂരപീഡനം നേരിട്ടെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
ആദ്യ ആക്രമണത്തിന് ശേഷം രാഹുല്‍ വിവാഹ വാഗ്ദാനം പിന്‍വലിച്ചു. ഒരു മാസത്തിന് ശേഷം വീണ്ടും മെസേജ് അയച്ചു തുടങ്ങി. ഗര്‍ഭിണിയാക്കുമെന്ന് രാഹുല്‍ തന്നോടും പറഞ്ഞെന്നും പെണ്‍കുട്ടി പറഞ്ഞു. ഇന്‍സ്റ്റഗ്രാം മുഖേനായാണ് രാഹുല്‍ പെണ്‍കുട്ടിയോട് സൗഹൃദം സ്ഥാപിച്ചത്. അതിന് ശേഷം ഫോണ്‍ നമ്പര്‍ വാങ്ങി. പിന്നാലെ തന്നെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നടക്കം പറയുന്നു. വിവാഹ വാഗ്ദാനം ആവര്‍ത്തിച്ചതോടെ പെണ്‍കുട്ടി വീട്ടുകാരോട് കാര്യം പറഞ്ഞു. രാഷ്ട്രീയക്കാരനായ ഒരാളെ വിവാഹം കഴിക്കുന്നതിനോടുള്ള എതിര്‍പ്പ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയിച്ചു. പിന്നീട് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് വീട്ടുകാര്‍ സമ്മതിച്ചതെന്നും ഇക്കാര്യം രാഹുലിനെ അറിയിച്ചപ്പോള്‍ അടുത്ത അവധിക്കാലത്ത് വീട്ടുകാരുമായി വരാം എന്ന് രാഹുല്‍ ഉറപ്പു നല്‍കിയെന്നും പരാതിയില്‍ പറയുന്നു.
ശേഷം പെണ്‍കുട്ടി നാട്ടിലെത്തിയപ്പോള്‍ സ്വകാര്യമായി കാണണമെന്ന് രാഹുല്‍ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ കാറില്‍ ഒരു ഹോം സ്റ്റേയില്‍ കൊണ്ടു പോയി അതിക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടിത്തിലിനൊപ്പം ഉണ്ടായിരുന്നത് സുഹൃത്തായ ഫെന്നി നൈനാന്‍ ആണെന്നും പരാതിയില്‍ പറയുന്നു.
2023 രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ബെംഗളൂരു സ്വദേശിനിയായ യുവതിയാണ് ഇ-മെയിലില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും പരാതി അയച്ചത്. താന്‍ നേരിട്ടത് ക്രൂരലൈംഗിക പീഡനമാണെന്ന് പരാതിയില്‍ പറയുന്നു. സൗഹൃദരൂപേണ സംസാരിച്ചുതുടങ്ങിയ രാഹുല്‍ വിവാഹവാഗ്ദാനം നല്‍കി കൂടുതല്‍ അടുക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
വിവാഹവാഗ്ദാനം ആദ്യം നിരസിച്ചെങ്കിലും രാഹുല്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നാണ് സൗഹൃദം തുടര്‍ന്നത്. തനിച്ച് കാണണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ വിളിച്ചുവരുത്തുകയായിരുന്നു. രാഹുലിന്റെ സുഹൃത്തായ പത്തനംതിട്ട സ്വദേശി ഫെനി നൈനാനാണ് തന്നെ കൂട്ടിക്കൊണ്ടുപോയത്. ലൈംഗിക അതിക്രമത്തിന് രാഹുല്‍ മുതിരുമെന്ന് കരുതിയില്ല. വളരെ ക്രൂരമായിട്ടാണ് പെരുമാറിയത്. രാഹുലിന്റെ ആക്രമണത്തില്‍ താന്‍ സ്തബ്ധയായി. വേണ്ടെന്നുപറഞ്ഞിട്ടും മനുഷ്യത്വമോ അനുകമ്പയോ കാണിച്ചില്ല. ശരീരമാകെ മുറിവേല്‍പ്പിച്ചു. യുവതി പരാതിയില്‍ ആരോപിച്ചു.
പരാതിലഭിച്ച ഉടനെ കെപിസിസി ഡിഐജിക്ക് കൈമാറി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ വിപുലമായ അന്വേഷണസംഘം രൂപവത്കരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മുതിര്‍ന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല നല്‍കുന്നത്.
അതേസമയം, തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് രാഹുല്‍ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിച്ചേക്കും. അറസ്റ്റ് ഒഴിവാക്കുന്നതിനായുള്ള തുടര്‍നീക്കത്തിന്റെ ഭാഗമായി, മുന്‍കൂര്‍ ജാമ്യം തേടി രാഹുലിന്റെ അഭിഭാഷകര്‍ ഇന്ന് തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് സാധ്യത.
വ്യാഴാഴ്ച രാത്രിയോടെയാണ് തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ഉത്തരവിന്റെ ശരിപ്പകര്‍പ്പ് പ്രതിഭാഗത്തിന് ലഭിച്ചത്. ഈ ശരിപ്പകര്‍പ്പ് കൊച്ചിയില്‍ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. ഉടന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കാനാണ് നിലവിലെ തീരുമാനം. തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ വരുന്നതും ഹര്‍ജി ഇന്ന് തന്നെ കോടതിയുടെ പരിഗണനയില്‍ കൊണ്ടുവരാന്‍ അഭിഭാഷകരെ പ്രേരിപ്പിക്കുന്നു. ശനിയും ഞായറും കോടതി അവധിയാണ്. തിങ്കളാഴ്ച കോടതിയുണ്ടെങ്കിലും ചൊവ്വാഴ്ച തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച അവധിയാണ്. ഈ കാരണം കൊണ്ടുതന്നെ ഇന്ന് ഉച്ചയ്ക്ക് മുമ്പ് ഹര്‍ജി കോടതിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അഭിഭാഷകരെന്നാണ് റിപ്പോര്‍ട്ട്.
ഒമ്പതാം ദിവസവും രാഹുല്‍ ഒളിവില്‍ തുടരുകയാണ്. കേരളത്തിലെ ഏതെങ്കിലും കോടതിയില്‍ രാഹുല്‍ കീഴടങ്ങിയേക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.




