- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതിക്കാരിയുടെ മൊഴി പരിശോധിച്ചാല്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ല; പരാതി നല്‍കിയത് നിയമസംവിധാനത്തിലല്ല; ഓഡിയോ ക്ലിപ് പുറത്തെത്തിയത് ബന്ധം വഷളാക്കി; ഇരുവരുടെയും വൈവാഹിക അവസ്ഥ എന്താണെന്ന് വ്യക്തമായിരുന്നുവെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍; ഹൈക്കോടതി നാളെ പരിഗണിക്കും; ഒളിവില്‍ കഴിയാന്‍ സഹായിച്ചത് കര്‍ണാടകയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവെന്ന് പൊലീസ്
കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പരാതിക്കാരിയുടെ മൊഴി പ്രകാരം ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും പരാതിനല്‍കിയത് ബന്ധപ്പെട്ട നിയമസംവിധാനത്തിനുമുന്നില്‍ അല്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. മാത്രമല്ല, ഓഡിയോ ക്ലിപ് പുറത്തെത്തിയത് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയെന്നും താനാണ് അത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതെന്ന് പരാതിക്കാരി തെറ്റിധരിച്ചെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ എസ്. രാജീവ് മുഖേനയാണ് രാഹുല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി ശനിയാഴ്ച പരിഗണിക്കും.
പ്രധാനമായും രണ്ട് വാദങ്ങളാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലുള്ളത്. പരാതിക്കാരിയുടെ മൊഴി പരിശോധിച്ചാല്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. മാത്രമല്ല, ബന്ധപ്പെട്ട നിയമസംവിധാനത്തിലല്ല, മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. പരാതി നല്‍കുന്നതില്‍ കാലതാമസമുണ്ടായിട്ടുണ്ട്. രണ്ടുപേരുടെയും (രാഹുലിന്റെയും പരാതിക്കാരിയായ യുവതിയുടെയും) വൈവാഹിക അവസ്ഥ എന്താണെന്ന് വ്യക്തമായിരുന്നെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. പരാതിക്കാരിയുമായുള്ള ആശയവിനിമയ രേഖകള്‍ കൈമാറാന്‍ തയ്യാറാണ്. പോലീസ് പിന്നാലെയുള്ളതിനാലാണ് ഇത് കൈമാറാന്‍ കഴിയാത്തത്. ഇടക്കാല ജാമ്യം നല്‍കിയാല്‍ അന്വേഷണത്തോട് സഹകരിക്കാമെന്നും കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യം ഈ കേസില്‍ ഇല്ലെന്നും രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുണ്ടെന്നാണ് വിവരം.
ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിച്ചേക്കും. അഡ്വ. എസ്. രാജീവാണ് രാഹുലിന്റെ അഭിഭാഷകന്‍. ജസ്റ്റിസ് കെ. ബാബുവിന്റെ ബഞ്ചായിരിക്കും രാഹുലിന്റെ കേസ് പരിഗണിക്കുക. ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സഹായം നല്‍കിയത് കര്‍ണാടകയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവെന്നാണ് പൊലീസ് പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് താമസ സൗകര്യവും, മറ്റ് സഹായങ്ങളും എത്തിച്ചത് പ്രദേശിക നേതാക്കളുടെ സഹായത്തോടെയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
രാഹുലിന് വേണ്ടിയുള്ള തെരച്ചില്‍ ഒന്‍പതാം ദിനത്തിലേക്ക് കടന്നിരിക്കവെയാണ് സഹായിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്. 3000 ഏക്കര്‍ വരുന്ന റിസോര്‍ട്ടിലായിരുന്നു രാഹുലിന്റെ താമസം. വളരെ സെന്‍സിറ്റിവായ സ്ഥലമായതിനാല്‍ പൊലീസ് ഇടപെടലിന് പരിമിതി ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനായി തെരച്ചില്‍ തുടരുകയാണ് എസ്‌ഐടി. രാഹുല്‍ സംസ്ഥാനത്ത് എത്തിയെന്ന നിഗമനത്തില്‍ പൊലീസ് വ്യാപക പരിശോധനയാണ് നടത്തുന്നത്. പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍ വയനാട് തുടങ്ങിയ അതിര്‍ത്തി ജില്ലകളില്‍ അന്വേഷണ സംഘം പഴുതടച്ച പരിശോധന നടത്തുകയാണ്.
അതിര്‍ത്തി ജില്ലകളിലെ ചെക്ക്പോസ്റ്റുകളില്‍ കര്‍ശനനിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അന്വേഷണം സംഘം. കാസര്‍ഗോഡ്, മംഗലാപുരം ഉള്‍പ്പടെയുള്ള അതിര്‍ത്തികളില്‍ ഹോട്ടലുകളിലും പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. ഈ ജില്ലകളിലെ റിസോര്‍ട്ടുകളും ഹോട്ടലുകളും എസ്‌ഐടി റഡാറിലുണ്ട്. ജില്ലകളിലെ പ്രാദേശിക നേതാക്കളും അന്വേഷണ പരിധിയിലാണ്.
കഴിഞ്ഞ ദിവസം രാഹുലിന്റെ സഹായികളെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും അന്വേഷണം നടക്കും. കൂടുതല്‍ സഹായികളെയും റിസോര്‍ട്ട് ഉടമകളെയും കണ്ടെത്തിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. അതേസമയം മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചേക്കും.




