- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അര്‍ധരാത്രി മുതല്‍ ഇന്‍ഡിഗോ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് എത്തും; രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ണ്ണ തോതില്‍ സജ്ജമാകും; യാത്രക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയെന്ന് വ്യോമയാന മന്ത്രാലയം; ഖേദം പ്രകടിപ്പ് വിമാന കമ്പനി; റദ്ദായ വിമാന ടിക്കറ്റുകള്‍ക്ക് റീഫണ്ടിങ് പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് വ്യോമയാന മന്ത്രാലയം. ഇന്ന് അര്‍ധരാത്രി മുതല്‍ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് എത്തുമെന്നും രണ്ട് ദിവസത്തിനുള്ളില്‍ സര്‍വീസുകള്‍ പൂര്‍ണ്ണ തോതില്‍ സജ്ജമാകും, വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
അതേ സമയം യാത്രക്കാരെ വലച്ച് വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയ നടപടിയില്‍ ഖേദപ്രകടനവുമായി ഇന്‍ഡിഗോ എയര്‍ലൈന്‍ രംഗത്ത് വന്നു. ഡിസംബര്‍ അഞ്ചിനും 15 നും ഇടയില്‍ റദ്ദാക്കിയ എല്ലാ വിമാനങ്ങള്‍ക്കും പൂര്‍ണ്ണമായ റീഫണ്ട് നല്‍കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ടിക്കറ്റ് നിരക്ക് പൂര്‍ണ്ണമായും ഉപഭോക്താക്കള്‍ക്ക് ഒട്ടോമാറ്റിക്കായി തന്നെ തിരികെ ലഭ്യമാകും. റദ്ദാക്കലുകള്‍ക്കും മാറ്റിവെക്കലുകള്‍ക്കും പൂര്‍ണ്ണമായ ഇളവ് നല്‍കിയിട്ട്. വിമാനത്താവളങ്ങളില്‍ ഭക്ഷണവും ലഘുഭക്ഷണവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്കായി ആയിരക്കണക്കിന് ഹോട്ടല്‍ മുറികളും ഒരുക്കിയതായും ഇന്‍ഡിഗോ അറിയിച്ചു.
കൂടാതെ, സാധ്യമാകുന്നിടത്തെല്ലാം മുതിര്‍ന്ന പൗരന്മാര്‍ക്ക് ലോഞ്ച് ആക്‌സസ് നല്‍കുന്നുണ്ടെന്ന് എയര്‍ലൈന്‍ കമ്പനി കൂട്ടിച്ചേര്‍ത്തു. 'ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു, നിങ്ങളില്‍ പലര്‍ക്കും കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ എത്രത്തോളം ബുദ്ധിമുട്ടുള്ളതായിരുന്നുവെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. പ്രതിസന്ധി ഒറ്റരാത്രികൊണ്ട് പരിഹരിക്കപ്പെടില്ലെങ്കിലും, ഇതിനിടയില്‍ നിങ്ങളെ സഹായിക്കാനും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് സാധാരണ നിലയിലേക്ക് കൊണ്ടുവരാനും ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങള്‍ ചെയ്യും' ഇന്‍ഡിഗോ ഇറക്കിയ കുറിപ്പില്‍ പറയുന്നു.
വെള്ളിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയത്. 750 ഓളം വിമാന സര്‍വീസുകള്‍ വെള്ളിയാഴ്ച തടസ്സപ്പെട്ടിട്ടുണ്ട്. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്കുള്ള യാത്രയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ബാധിച്ചത്. നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. ഡല്‍ഹിയില്‍ മാത്രം 235 വിമാനസര്‍വീസുകള്‍ ഇന്‍ഡിഗോ റദ്ദാക്കി. രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോ, സാധാരണയായി പ്രതിദിനം ഏകദേശം 2,300 സര്‍വീസുകള്‍ 400-ല്‍ അധികം വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തി വരുന്നുണ്ട്. പൈലറ്റ് ക്ഷാമമാണ് ഈ സാഹചര്യം വഷളാക്കിയതെന്നും ഷെഡ്യൂളിലെ പ്രശ്നങ്ങളും ഇതിന് കാരണമാണെന്നും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
പൈലറ്റുമാരുടെ ഡ്യൂട്ടി സമയ നിബന്ധന ഉള്‍പ്പെടെയുള്ള പരിഷ്‌കരണങ്ങള്‍ കാരണം ഇന്‍ഡിഗോയുടെ 600ലധികം സര്‍വീസുകള്‍ ഇന്ന് മുടങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് വലിയ പ്രതിസന്ധിയാണ് ഡല്‍ഹി, തിരുവനന്തപുരം, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ ഉണ്ടായത്. ഡല്‍ഹിയില്‍ മാത്രം 225 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. രാജ്യമെമ്പാടുമുള്ള 600ഓളം വിമാന സര്‍വീസുകള്‍ ഇന്ന് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്‍ഡിഗോ കേന്ദ്ര വ്യോമയാന മന്ത്രിലായത്തിന് പരാതിയും നല്‍കിയിരുന്നു. ഈ പരാതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുണ്ടായത്.പാര്‍ലമെന്റില്‍ ഈ വിഷയം ചര്‍ച്ചയാകുകയും ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
ആഭ്യന്തര വിമാന സര്‍വീസുകളുടെ നിരക്ക് അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ ഇരട്ടിയായിരിക്കുകയാണ് നിലവില്‍. ഡല്‍ഹി ലണ്ടന്‍ എയര്‍ ഇന്ത്യ വിമാന നിരക്ക് 27000 ല്‍ താഴെയാണ് എന്നാല്‍ ഡല്‍ഹിയില്‍ നിന്ന് കൊച്ചിയലേക്കുള്ള ടിക്കറ്റിന് ഏറ്റവും കുറഞ്ഞ നിരക്ക് 50000 നും മുകളിലാണ്. ഡല്‍ഹി തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാന ടിക്കറ്റ് നിരക്ക് 55,000 വരെ ഉയര്‍ന്നിട്ടുണ്ട്. ഇതോടെ വലഞ്ഞിരിക്കുകയാണ് യാത്രക്കാര്‍.
ഉച്ചവരെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള എഴുനൂറോളം ഇന്‍ഡിഗോ സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. വിമാന പ്രതിസന്ധി പാര്‍ലമെന്റിനേയും പ്രക്ഷുബ്ധമാക്കി. ഒരു വിമാനക്കമ്പനിക്ക് കുത്തകവകാശം നല്‍കിയതില്‍ ജനം വലിയ വില നല്‍കേണ്ടി വരികയാണെന്ന് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിച്ച് രാഹുല്‍ ഗാന്ധി സമൂഹമാധ്യമത്തില്‍ കുറിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ മണിക്കൂറുകളായി കുടുങ്ങിയിരിക്കുന്ന നിരവധി യാത്രക്കാര്‍ പലവിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടുകയാണ്.




