തിരുവനന്തപുരം: മണപ്പുറം ഫിനാന്‍സിന്റെ ബ്രാന്‍ഡ് അംബാസ്സഡര്‍ ആണ് മോഹന്‍ലാല്‍. എന്നാല്‍ ഫൈനാന്‍സിയര്‍ക്കെതിരെ എതിരെ ഉള്ള ആരോപണത്തിന് ബ്രാന്‍ഡ് അംബാസിഡര്‍ക്കെതിരെ എതിരെ പരാതി നിലനിക്കില്ലെന്ന് ഹൈക്കോടതിയുടെ സുപ്രധാന വിധി. മണപ്പുറം ഫിനാന്‍സ് പരസ്യത്തിലെ വാഗ്ദാനങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് മണപ്പുറം ഫിനാന്‍സിനും നടന്‍ മോഹന്‍ലാലിനെതിരെ ഫയല്‍ ചെയ്ത ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലെ കേസിലാണ് വിധി. മണപ്പുറം ഫിനാനാന്‍സും കരമന ബ്രാഞ്ചും മോഹന്‍ലാലുമായിരുന്നു പ്രതിസ്ഥാനത്ത്. ഈ കേസില്‍ മോഹന്‍ലാലിനെ പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കുകായണ് ഹൈക്കോടതി. ഈ വിധി മറ്റ് നടന്മാര്‍ക്കും ആശ്വാസമായി മാറും. നടന്‍ ദിലീപ്, അനൂപ് മേനോന്‍ എന്നിവര്‍ക്കെതിരെയും ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ സമാന കേസുകളുണ്ട്. ഇതെല്ലാം ഹൈക്കോടതി വിധിയോടെ അപ്രസക്തമാകാനാണിട.

മോഹന്‍ലാലിനെതിരായ കേസ് നിലനില്‍ക്കില്ലെന്നത് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധിയാണ്. താന്‍ വെറുമൊരു ബ്രാന്‍ഡ് അംബാസഡര്‍ മാത്രമാണെന്നും ഉപഭോക്താക്കളുമായുള്ള ഇടപാടുകളില്‍ തനിക്ക് നേരിട്ട് പങ്കില്ലെന്നും ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട് പരാതിക്കാര്‍ക്ക് സെന്‍ട്രല്‍ അതോറിറ്റിയെ സമീപിക്കാന്‍ സെക്ഷന്‍ 21 പ്രകാരം സ്വാതന്ത്ര്യമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക വഞ്ചനാ കേസില്‍ ലാലിനെ പ്രതിയാക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. മണപ്പുറത്തിനെതിരെ കേസുമായി മുമ്പോ്ട്ട് പോകാമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ എ.എ.യുടെ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലും ഇതേ വാദങ്ങളാണ് മോഹന്‍ലാലിനായി ഉയര്‍ത്തിയത്. എന്നാല്‍ അത് അംഗീകരിക്കപ്പെട്ടില്ല. ഹൈക്കോടതിയില്‍ മോഹന്‍ലാലിന്റെ വാദങ്ങള്‍ക്ക് അംഗീകാരവും എത്തുന്നു. ഫലത്തില്‍ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലും സംസ്ഥാന കമ്മീഷനിലും നടന് എതിരായി വന്ന ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കി.

മണപ്പുറം ഫിനാന്‍സിലെ (നാലാം പ്രതി/ഒന്നാം എതിര്‍കക്ഷി) സ്വര്‍ണ്ണപ്പണയ ഇടപാടുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ മനു കമല്‍, കെ.എസ്. സൈലേഷ് എന്നിവരാണ് ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്. പരാതിയില്‍ നടന്‍ മോഹന്‍ലാലിനെ രണ്ടാം എതിര്‍കക്ഷിയായി ചേര്‍ത്തിരുന്നു. മണപ്പുറം ഫിനാന്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ അഭിനയിച്ച പരസ്യങ്ങളില്‍ 12% വാര്‍ഷിക പലിശ നിരക്കില്‍ സ്വര്‍ണ്ണപ്പണയം വാഗ്ദാനം ചെയ്തിരുന്നു എന്നും, ഈ വാഗ്ദാനത്തില്‍ ആകൃഷ്ടരായാണ് തങ്ങള്‍ ലോണ്‍ എടുത്തത് എന്നുമാണ് പരാതിക്കാര്‍ വാദിച്ചത്. പരാതിക്കാര്‍ ആദ്യം കത്തോലിക്കന്‍ സിറിയന്‍ ബാങ്കില്‍ 15% പലിശയ്ക്ക് പണയം വെച്ച സ്വര്‍ണ്ണം, കുറഞ്ഞ പലിശ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് മണപ്പുറം ഫിനാന്‍സിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, പിന്നീട് ലോണ്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പരസ്യത്തില്‍ പറഞ്ഞിരുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് ആവശ്യപ്പെട്ടു. ഇത് അന്യായമായ വ്യാപാര രീതിയാണെന്നും, സേവനത്തിലെ വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടി, അധികമായി ഈടാക്കിയ പലിശ തിരികെ നല്‍കണമെന്നും, മാനസിക ക്ലേശത്തിനും നഷ്ടപരിഹാരമായും 25 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

ഉപഭോക്തൃ കമ്മീഷന്‍ പരാതി നിലനില്‍ക്കുമെന്ന നിലപാടെടുത്തതോടെയാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ തനിക്ക് സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളുമായി നേരിട്ടുള്ള ബന്ധമില്ല എന്ന് മോഹന്‍ലാലിന്റെ അഭിഭാഷകന്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ വാദിച്ചു. പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രകാരം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരില്‍ ബ്രാന്‍ഡ് അംബാസഡര്‍മാരെ ശിക്ഷിക്കാനും പിഴ ഈടാക്കാനും സെന്‍ട്രല്‍ അതോറിറ്റിക്ക് സെക്ഷന്‍ 21 പ്രകാരം മാത്രമാണ് അധികാരമുള്ളതെന്നും, മറ്റ് സാധാരണ ഉപഭോക്തൃ പരാതികളില്‍ (സേവനത്തിലെ വീഴ്ച, അന്യായ വ്യാപാര രീതി) ഒരു അംബാസഡറെ പ്രതി ചേര്‍ക്കാനാവില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. എന്നാല്‍, അന്യായ വ്യാപാര രീതി (എന്നതിന്റെ നിര്‍വചനം വളരെ വിപുലമായ ഒന്നാണെന്നും, പരസ്യങ്ങളിലൂടെയുള്ള എന്‍ഡോഴ്‌സ്‌മെന്റ് അതിന്റെ പരിധിയില്‍ വരുമെന്നും പരാതിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ മറുവാദം ഉന്നയിച്ചു.

ഇരുഭാഗത്തെയും വാദങ്ങള്‍ ശ്രദ്ധിച്ച കോടതി, ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ വിശദമായി പരിശോധിച്ചു. ഈ നിയമത്തിലെ സെക്ഷന്‍ 21-ല്‍ മാത്രമാണ് 'എന്‍ഡോഴ്‌സര്‍' അഥവാ പരസ്യത്തിലൂടെ ഉല്‍പ്പന്നത്തെ പിന്തുണയ്ക്കുന്ന വ്യക്തിക്ക് പിഴ ചുമത്തുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളതെന്ന് കോടതി നിരീക്ഷിച്ചു. സേവനത്തിലെ വീഴ്ചയുമായോ അന്യായമായ വ്യാപാര രീതിയുമായോ ബന്ധപ്പെട്ട മറ്റ് വകുപ്പുകളിലൊന്നും എന്‍ഡോഴ്‌സറെക്കുറിച്ച് പറയുന്നില്ല. അതിനാല്‍, അന്യായ വ്യാപാര രീതിയുടെ പേരില്‍ ഒരു എന്‍ഡോഴ്‌സറെ ഉത്തരവാദിയാക്കണമെങ്കില്‍, ഉപഭോക്താവിന്റെ ഇടപാടുമായി എന്‍ഡോഴ്‌സറിന് നേരിട്ടുള്ള ബന്ധം സ്ഥാപിക്കപ്പെട്ടിരിക്കണം എന്ന് കോടതി വ്യക്തമാക്കി. മോഹന്‍ലാലിനെതിരെയുള്ള പരാതിയിലെ വാദങ്ങള്‍ പരിശോധിച്ച കോടതി, ലോണ്‍ എടുക്കുന്നതിന് പരാതിക്കാരെ നേരിട്ട് പ്രേരിപ്പിച്ചത് മോഹന്‍ലാല്‍ ആണെന്ന് തെളിയിക്കുന്ന ഒരു പരാമര്‍ശവും ഇല്ലെന്ന് കണ്ടെത്തി. 12% പലിശ നിരക്ക് വാഗ്ദാനം ചെയ്തത് ഒന്നാം എതിര്‍കക്ഷിയായ (മണപ്പുറം ഫിനാന്‍സ്) സ്ഥാപനമാണ്. ലോണ്‍ എടുത്തത് മോഹന്‍ലാല്‍ പരസ്യത്തിലൂടെ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന് മാത്രമാണ് പരാതിയില്‍ പറയുന്നത്. അതിനാല്‍, ഈ ഇടപാടുമായി മോഹന്‍ലാലിന് നേരിട്ടുള്ള ബന്ധം സ്ഥാപിക്കപ്പെടുന്നില്ല.

ഈ സാഹചര്യത്തില്‍, സേവനത്തിലെ വീഴ്ചയോ അന്യായ വ്യാപാര രീതിയുടെ ഉത്തരവാദിത്തമോ ധനകാര്യ സ്ഥാപനമായ ഒന്നാം എതിര്‍കക്ഷിക്ക് മാത്രമാണെന്നും, നടന്‍ മോഹന്‍ലാലിന് മേല്‍ ഈ ഉത്തരവാദിത്തം ചുമത്താന്‍ സാധിക്കില്ലെന്നും കോടതി വിധിച്ചു. ജില്ലാ ഉപഭോക്തൃ കമ്മീഷന്റെയും സംസ്ഥാന കമ്മീഷന്റെയും ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കി. സി.സി. 196/2022 എന്ന പരാതി നടന്‍ മോഹന്‍ലാലിനെതിരെ നിലനില്‍ക്കില്ല എന്നും കോടതി തീര്‍പ്പിച്ചു.

എങ്കിലും, ഈ വിധി മണപ്പുറം ഫിനാന്‍സിനെതിരെ പരാതിക്കാര്‍ ഉന്നയിച്ച അവകാശവാദങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നും, പരാതിക്കാര്‍ക്ക് അവരുടെ കേസ് ധനകാര്യ സ്ഥാപനത്തിനെതിരെ മുന്നോട്ട് കൊണ്ടുപോകാമെന്നും കോടതി വ്യക്തമാക്കി. കൂടാതെ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട് പരാതിക്കാര്‍ക്ക് സെന്‍ട്രല്‍ അതോറിറ്റിയെ സമീപിക്കാന്‍ സെക്ഷന്‍ 21 പ്രകാരം സ്വാതന്ത്ര്യമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.