കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കാലയളവില്‍ കൂറുമാറിയത് ചലച്ചിത്ര താരങ്ങളടക്കം 28 സാക്ഷികള്‍. കൂറുമാറിയവരില്‍ കാവ്യയടക്കം എട്ടുപേര്‍ ദിലീപിന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ്. ചലച്ചിത്രതാരങ്ങള്‍ മുതല്‍ ദിലീപിന്റെയും കാവ്യയുടേയും ബന്ധുക്കളും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വരെ വിചാരണക്കിടെ കൂറുമാറി. ചലച്ചിത്രതാരങ്ങളായ ഭാമ, ബിന്ദുപണിക്കര്‍, സിദ്ദിഖ്, ഇടവേള ബാബു എന്നിവര്‍ വിചാരണക്കിടെ കൂറുമാറി. ഇവരുടെ ആദ്യമൊഴികള്‍ ദിലീപിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സ്ഥാപിക്കാന്‍ സഹായിച്ചവയായിരുന്നു. അടുത്ത സുഹൃത്തുക്കളും ദീര്‍ഘകാലം സഹപ്രവര്‍ത്തകരായിരുന്നവരും വിചാരണക്കിടെ കൂറുമാറിയത് അതിജീവിതയെ സംബന്ധിച്ച് ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ കേസിലെ സാക്ഷിയായ മുകേഷ് എംഎല്‍എ തന്റെ വാദത്തില്‍ ഉറച്ചുനിന്നു. കേസിലെ 46-ാം സാക്ഷിയായ മുകേഷിന്റെ മുന്‍ ഡ്രൈവറാണ് പള്‍സര്‍ സുനി. പള്‍സര്‍ സുനി പ്രശ്നക്കാരനെന്ന് കണ്ടെത്തിയാണ് ജോലിയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് മുകേഷ് മൊഴി നല്‍കിയിട്ടുള്ളത്. ഈ വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മുകേഷ്.

കഴിഞ്ഞ എട്ടുവര്‍ഷമായി കേരളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നടിയെ ആക്രമിച്ച കേസിന്റെ വിധി ഡിസംബര്‍ എട്ടിന് വരാനിരിക്കുകയാണ്. വിചാരണക്കാലത്ത് നിരവധി നാടകീയ സംഭവങ്ങളാണ് കേസുമായി ബന്ധപ്പെട്ടുണ്ടായത്. കേസില്‍ 28 സാക്ഷികളാണ് വിചാരണക്കിടെ മൊഴിമാറ്റിയത്. കേസില്‍ നടന്‍ ദിലീപ് 85 ദിവസം ജയിലില്‍ കിടന്നതോടെ ചലച്ചിത്രമേഖലയെ പിടിച്ചുലച്ചു. നിരവധി പ്രതിസന്ധികളെ മറികടന്നാണ് ഡിസംബര്‍ എട്ടിന് കോടതി വിധി പറയുന്നത്. ഇത്രയേറെ സാക്ഷികളുടെ കൂറുമാറ്റത്തിനിടയിലും നടിയെ തട്ടിക്കൊണ്ടുപോകലിലും ലൈംഗികാതിക്രമത്തിനും പിന്നില്‍ ദിലീപാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

കേസില്‍ സിനിമാ താരങ്ങളായ സിദ്ദീഖ്, ഭാമ, സായികുമാര്‍, ബിന്ദു പണിക്കര്‍, ഇടവേള ബാബു എന്നിവരും കൂറുമായിരുന്നു. അതിജീവിത ദിലീപിനെതിരെ പരാതി പറഞ്ഞിരുന്നുവെന്നായിരുന്നു താരങ്ങളുടെ ആദ്യമൊഴി. എന്നാല്‍ ഇവര്‍ പിന്നീട് കോടതിയില്‍ മൊഴി മാറ്റി പറഞ്ഞു. കേസില്‍ സിനിമാതാരങ്ങളല്ലാത്ത ചില സാക്ഷികളും കൂറുമാറിയിരുന്നു. ദിലീപിന്റെ ആശുപത്രി പ്രവേശന രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചതായി ആരോപിക്കപ്പെടുന്ന ഡോക്ടര്‍മാര്‍ മുതല്‍, പള്‍സര്‍ സുനിയെ നടനുമായി അടുപ്പിച്ചതായി മുമ്പ് വെളിപ്പെടുത്തിയ ഹോട്ടല്‍ ജീവനക്കാര്‍ വരെയുള്ള നിര്‍ണായക സാക്ഷികള്‍ ഇവരില്‍ ഉള്‍പ്പെടുന്നു. ദിലീപിന്റെ സുഹൃത്തുക്കളായ നാദിര്‍ഷ, ബൈജു, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവായ സൂരജ്, ഡ്രൈവര്‍ അപ്പുണ്ണി, ഗാര്‍ഡ് ദാസന്‍ എന്നിവരും കൂറുമാറി.

ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ. ഹൈദര്‍ അലിയും സഹോദരന്‍ സലീമും അത്തരം രണ്ട് സാക്ഷികളാണ്. 2017 ഫെബ്രുവരി 17 ന് രാത്രിയില്‍ താന്‍ ആശുപത്രിയില്‍ ആയിരുന്നുവെന്ന് കാണിക്കുന്ന രേഖകള്‍ ദിലീപ് ഹാജരാക്കിയിരുന്നു. തട്ടിക്കൊണ്ട് പോകല്‍ സമയത്ത് ദിലീപ് കൂടെ ഉണ്ടായിരുന്നുവെന്ന വാദം പ്രോസിക്യൂഷന്‍ പോലും ഉന്നയിച്ചിട്ടില്ലായിരുന്നു. ഈ ഘട്ടത്തിലാണ് താന്‍ ആശുപത്രിയിലായിരുന്നു എന്നൊരു രേഖ ദിലീപ് കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍, ഇത് വ്യാജരേഖയാണെന്ന് പൊലീസ് കണ്ടെത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന രേഖ വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ആശുപത്രിയിലെ നഴ്സ് കോടതിയെ അറിയിച്ചു. എന്നാല്‍, ഹൈദര്‍ അലിയും സലീമും വിചാരണക്കിടെ അത് തള്ളിക്കളഞ്ഞു.

കാവ്യമാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രശാലയായ ലക്ഷ്യയിലെ ജീവനക്കാരനായിരുന്ന സാഗര്‍ വിന്‍സന്റാണ് ആദ്യമായി കൂറുമാറിയ സാക്ഷി. ഫെബ്രുവരി 22 ന് പള്‍സര്‍ സുനിയും മറ്റൊരാളും ലക്ഷ്യ സ്റ്റോറില്‍ എത്തി ഒരു പൊതി കൈമാറി എന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍, വിചാരണക്കിടെ സാഗര്‍ അത് നിഷേധിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖയില്‍ മൊഴിമാറ്റാന്‍ ദിലീപിന്റെ വക്കീല്‍ സാഗറിന് അഞ്ച് ലക്ഷം രൂപ നല്‍കിയതായി പറയുന്നുണ്ട്.

കൂറുമാറിയ മറ്റ് രണ്ടാളുകളാണ് കാവ്യമാധവന്റെ സഹോദരനും മിഥുനും ഭാര്യ റിയയും. ഇരുവരും കാവ്യയുടെ ലക്ഷ്യയില്‍ പങ്കാളികള്‍ കൂടിയാണ്. സുനി സ്ഥാപനത്തില്‍ വന്നുവെന്ന് പൊലീസിനോട് ഇവര്‍ സമ്മതിച്ചിരുന്നു. എന്നാല്‍, വിചാരണക്കിടെ അവര്‍ മൊഴിമാറ്റി. മൊഴിമാറ്റിയ മറ്റൊരാളാണ് ആലപ്പുഴ ആര്‍ക്കേഡിയ ഹോട്ടലിലെ ജീവനക്കാരി ഷെര്‍ലി അജിത്ത്. സൗണ്ട് തോമ സിനിമ ചിത്രീകരണത്തിനായി ദിലീപ് നടന്‍ മുകേഷിനൊപ്പം താമസിച്ച ഹോട്ടലിലെ ജീവനക്കാരിയായിരുന്നു ഷെര്‍ലി അജിത്ത്. നടന്‍മാര്‍ താമസിച്ചിരുന്ന അതേ സമയം തന്നെ പള്‍സര്‍ സുനിയും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് ഷെര്‍ലി പൊലീസിനോട് പറഞ്ഞിരുന്നു. (സുനി തന്റെ പേഴ്സണല്‍ ഡ്രൈവറായിരുന്നുവെന്ന് മുകേഷും കോടതിയില്‍ സ്ഥിരീകരിച്ചിട്ടുണ്ട് ). ദിലീപിന്റെയും മുകേഷിന്റെയും താമസം സ്ഥിരീകരിക്കുന്ന രേഖകളും അന്വേഷണ സംഘത്തിന് ഹോട്ടലില്‍ നിന്ന് ലഭിച്ചിരുന്നു. എന്നാല്‍, വിചാരണയ്ക്കിടെ ഷെര്‍ലി അജിത്ത് തനിക്ക് അത്തരത്തില്‍ യാതൊരു അറിവുമില്ലെന്ന് പറഞ്ഞ് കൂറുമാറി. ഹോട്ടലിലെ രജിസ്റ്റര്‍ താന്‍ പോലീസിന് കൈമാറിയിട്ടില്ലെന്നും ആരെങ്കിലും കൈമാറിയതായി അറിയില്ലെന്നും പറഞ്ഞു.

പ്രോസിക്യൂഷന്റെ വാദം അനുസരിച്ച് ദിലീപിന് കാവ്യമാധവനുമായി ഉണ്ടായിരുന്ന വിവാഹേതരബന്ധത്തെ കുറിച്ച് അന്നത്തെ ദിലീപിന്റെ ഭാര്യയായ മഞ്ജുവാര്യരെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടിയാണ്. ദിലീപിന് അതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട നടിയോട് കടുത്ത വിരോധമുണ്ടായിരുന്നുവെന്ന് മഞ്ജുവാര്യര്‍ തന്നെ അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്. നടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പള്‍സര്‍ സുനിയെ ചുമതലപ്പെടുത്തിയത് നടന്‍ ദിലീപാണെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നുണ്ട്.

2017 ഫെബ്രുവരി 17 രാത്രി ഒന്‍പത് മണിക്കാണ് കൊച്ചി നഗരത്തില്‍ ഓടുന്ന കാറില്‍ നടി അക്രമിക്കപ്പെട്ടത്. 2018 ലാണ് കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങിയത്. കേസില്‍ ദിലീപ് ഉള്‍പ്പെടെ 9 പ്രതികളാണുള്ളത്. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. കേസില്‍ കൂട്ടബലാത്സംഗം,ക്രിമിനല്‍ ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍ , ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ശീല ചിത്രമെടുത്ത് പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ദിലീപിനെതിരെയാണ് ചുമത്തിയിട്ടുള്ളത്.

കുറ്റകൃത്യത്തിന്റെ സൂത്രധാരന്‍ എന്ന നിലയിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കിയിരിക്കുന്നത്. 2013-ല്‍ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ നടന്ന അമ്മയുടെ (എഎംഎംഎ) പരിപാടിയുടെ റിഹേഴ്സല്‍ സമയത്ത് ദിലീപ് സുനിയുമായി ബന്ധപ്പെട്ടു എന്ന് പ്രോസിക്യൂഷന്‍ പറയുന്ന ഒരു കൂടിക്കാഴ്ചയാണ് ആരോപണത്തിന്റെ കേന്ദ്രബിന്ദു. ദിലീപും പള്‍സര്‍ സുനിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. അബാദ് പ്ലാസയിലെ റിഹേഴ്സല്‍ വേദിയില്‍ വെച്ച് ആക്രമിക്കപ്പെട്ട നടി ദിലീപിന്റെയും തന്റെയും ഒരു ഫോട്ടോയെടുത്ത് മഞ്ജുവിന് അയച്ചുകൊടുത്തു. ഇത് ദിലീപിനെ പ്രകോപിപ്പിച്ചു. എന്ന് കാവ്യമാധവന്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, വിചാരണക്കിടെ കാവ്യ അത് നിഷേധിച്ചു. ദിലീപ് ദേഷ്യപ്പെടലിന് മുമ്പ് കാവ്യ മാധവന്‍ സിദ്ദീഖിനോട് ഒരു പരാതി പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടി തന്നെയും ദിലീപിനേയും ചേര്‍ത്ത് അപവാദം പറഞ്ഞു എന്നായിരുന്നു കാവ്യ സിദ്ദിഖിനോട് പറഞ്ഞ പരാതി. സിദ്ദിഖ് നടിയെ അതില്‍ നിന്ന് വിലക്കി എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപ് പരസ്യമായി ആക്രമിക്കപ്പെട്ട നടിയെ ഭീഷണിപ്പെടുത്തിയെന്നും തീ കൊളുത്തിക്കളയും എന്ന് പറഞ്ഞതായി ചലച്ചിത്രതാരങ്ങളായ സിദ്ദീഖും ഭാമയും പൊലീസിനോട് പറഞ്ഞിരുന്നു. ദിലീപ്- കാവ്യ ബന്ധം മഞ്ജുവിനോട് പറഞ്ഞതില്‍ ദിലീപിന് ദേഷ്യമുണ്ടെന്നും ഇരുവരും പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ കോടതിയില്‍ ഇരുവരും അത് നിരാകരിച്ചു. ഒന്നും കണ്ടിട്ടില്ല, കേട്ടില്ല, അറിയില്ല എന്ന നിലപാടാണ് ഇരുവരും കോടതിയില്‍ സ്വീകരിച്ചത്.

സാക്ഷികള്‍ സ്വാധീനിക്കപ്പെട്ടു?

നാല് പതിറ്റാണ്ട് മുമ്പ് ഒരു മിമിക്രി കലാകാരനായി കരിയര്‍ ആരംഭിച്ച ദിലീപ് പിന്നീട് മലയാള സിനിമയെ നിയന്ത്രിക്കുന്ന തലത്തിലേക്ക് വളര്‍ന്നു. ജനപ്രിയ താരമായി വളരുന്നതിനൊപ്പം നിര്‍മ്മാതാവും തിയറ്റര്‍ ഉടമയും വിതരണക്കാരനുമായി മാറി ദിലീപ്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കും മുകളില്‍ സ്വാധീനമുള്ള വ്യക്തിയാണ് ദിലീപെന്ന് മേഖലയില്‍ ഉള്ളവര്‍ പോലും വിശ്വസിച്ചിരുന്നു. ഈ സ്വാധീനം ഉപയോഗിച്ച് നടിയെ ഉപദ്രവിക്കാന്‍ ദിലീപ് ശ്രമിച്ചു എന്നും ആരോപണമുണ്ട്.

വിഷയത്തില്‍ ആക്രമിക്കപ്പെട്ട നടി അമ്മ( എഎംഎംഎ)ക്ക് പരാതി നല്‍കി. ദിലീപ് തന്നെ ഉപദ്രവിക്കുന്നുവെന്നും സിനിമയിലെ അവസരങ്ങള്‍ തടയുന്നു എന്നും പറഞ്ഞായിരുന്നു പരാതി. നടിയുടെ പരാതി ലഭിക്കുമ്പോള്‍ ഇടവേള ബാബുവായിരുന്നു അമ്മയുടെ ജനറല്‍ സെക്രട്ടറി. 2017 ജൂലൈ മാസത്തില്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ ഈ പരാതിയെ കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്ന് ഇടവേള ബാബു പറയുന്നുണ്ട്. എന്നാല്‍, ഇത്തരം പരാതികള്‍ രേഖയായി സൂക്ഷിക്കാറില്ലെന്നും ദിലീപിനോട് താന്‍ നേരിട്ട് സംസാരിച്ചിരുന്നുവെന്നും ബാബു പൊലീസിനോട് പറഞ്ഞിരുന്നു. 'അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുതെന്ന് ' എന്ന് ദിലീപിനെ താക്കീത് ചെയ്തുവെന്നുമാണ് ഇടവേള ബാബു അന്ന് പൊലീസിനോട് പറഞ്ഞത്. വിചാരണക്കിടെ ഇടവേള ബാബു മൊഴി മാറ്റി. സിനിമയില്‍ അവസരങ്ങള്‍ തടയുന്നതിനെ പറ്റി നടി തന്നോട് പറഞ്ഞിട്ടില്ലെന്നും ഇതിന് വിരുദ്ധമായൊരു മൊഴി താന്‍ പൊലീസിന് നല്‍കിയിട്ടില്ലെന്നുമായിരുന്നു വിചാരണ സമയത്തുള്ള ഇടവേള ബാബുവിന്റെ നിലപാട്.

ഈ സമയത്ത് അമ്മയില്‍ ദിലീപിനുണ്ടായിരുന്ന സ്വാധീനം ശ്രദ്ധിക്കേണ്ട കാര്യമാണ്. 2008 ല്‍ അമ്മക്ക് വേണ്ടി നിര്‍മ്മിച്ച സിനിമ പ്രൊഡ്യൂസ് ചെയ്തത് ദിലീപായിരുന്നു. സിനിമയുടെ ലാഭത്തില്‍ നിന്ന് ഒരു കോടി രൂപ അമ്മയുടെ പേരില്‍ സ്ഥിരനിക്ഷേപം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, വിചാരണക്കിടെ ഇടവേള ബാബു ദിലീപിന്റെ സംഭാവനകളെ നിസാരമാക്കിയാണ് കാണിച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതി ചേര്‍ത്തതിന് ശേഷം ഇടവേള ബാബു ദിലീപിന്റെ സിനിമയില്‍ അഭിനയിച്ചു എന്നതും ശ്രദ്ധേയമാണ്.

ദിലീപിന് തന്നോടുള്ള പകയെ കുറിച്ച് ആക്രമിക്കപ്പെട്ട നടി പല വനിത സഹപ്രവര്‍ത്തകരോടും പറഞ്ഞിരുന്നു. ഗീതുമോഹന്‍ദാസിന്റേയും സംയുക്തവര്‍മ്മയുടെ സാന്നിധ്യത്തില്‍ ആക്രമിക്കപ്പെട്ട നടി ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് അന്ന് ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജുവിനേട് പറഞ്ഞിരുന്നു. ഇക്കാര്യം ആക്രമിക്കപ്പെട്ട നടി തന്നെ പലരോടും പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ച് അറിയാമെന്നും ബിന്ദു പണിക്കര്‍ പൊലീസിനോട് മൊഴിനല്‍കിയിരുന്നു. ആക്രമിക്കപ്പെട്ട നടിയില്‍ നിന്നും കാവ്യയില്‍ നിന്നുമാണ് ഈ കാര്യങ്ങള്‍ അറിഞ്ഞത് എന്നായിരുന്നു ബിന്ദുപണിക്കര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍, 2020 ല്‍ വിചാരണക്കിടെ ബിന്ദു പണിക്കര്‍ അത് നിഷേധിച്ചു. 'ദിലീപിന്റെ ഭാര്യയോട് (മഞ്ജു) ദിലീപിന്റെയും കാവ്യയുടെയും കാര്യം 'x' പറഞ്ഞു.അത് കാവ്യക്ക് വിഷമമുണ്ടാക്കി എന്ന് ഞാന്‍ പൊലീസിന് മൊഴി നല്‍കിയിട്ടില്ല. അങ്ങനെ രേഖപ്പെടുത്തിയ മൊഴി ശരിയല്ല' എന്നും ബിന്ദു പണിക്കര്‍ വിചാരണക്കിടെ നിലപാട് സ്വീകരിച്ചു. 2019 ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രമായ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയില്‍ ദിലീപിന്റെ അമ്മയായി വേഷമിട്ടത് ബിന്ദു പണിക്കരാണ്. ഇവര്‍ ദിലീപിനാല്‍ സ്വാധീനിക്കപ്പെട്ടു എന്നും പ്രോസിക്യൂഷന്‍ വാധിച്ചു.

കൂറുമാറിയ മറ്റ് സാക്ഷികള്‍

ദിലീപിന്റെയും കാവ്യയുടെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പ്രോസിക്യൂഷന്‍ സാക്ഷികളായി ഉള്‍പ്പെടുത്തിയിരുന്നു. വ്യക്തമായ ചോദ്യങ്ങള്‍ക്ക് പോലും മറുപടി നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ അവരെ കൂറുമാറിയതായി പ്രഖ്യാപിച്ചു. ഇതില്‍ കാവ്യയുടെ മാതാപിതാക്കള്‍, സഹോദരന്‍ മിഥുന്‍, സഹോദരന്റെ ഭാര്യ റിയ എന്നിവര്‍ ഉള്‍പ്പെടുന്നു. ദിലീപിന്റെ സുഹൃത്തുക്കളായ നാദിര്‍ഷാ, ബൈജു, ദിലീപിന്റെ സഹോദരന്‍ അനൂപ്, ഭാര്യാ സഹോദരന്‍ സൂരജ്, ഡ്രൈവര്‍ അപ്പുണ്ണി, സെക്യൂരിറ്റി ദാസന്‍ എന്നിവരും കൂറുമാറി. ദിലീപിനൊപ്പം പള്‍സര്‍ സുനിയെ കണ്ടതായി ആദ്യം പൊലീസിനോട് പറഞ്ഞ ഷൈന്‍ എന്ന പ്രൊഡക്ഷന്‍ മാനേജരെയും കൂറുമാറിയതായി പ്രഖ്യാപിച്ചു.

2013-ലെ ഷാര്‍ജയിലും കൊച്ചിയിലും വെച്ച് നടന്ന മഴവില്‍ അഴകില്‍ 'അമ്മ' പരിപാടിയുടെ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്നു നടി ചിപ്പിയുടെ ഭര്‍ത്താവും പ്രൊഡ്യൂസറുമായ രഞ്ജിത്ത്. ഇതിന്റെ റിഹേഴ്സല്‍ മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 7 വരെ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ വെച്ചാണ് നടന്നത്. പ്രോസിക്യൂഷന്‍ വാദം അനുസരിച്ച് ദിലീപിന് അനുവദിച്ചത് 410 -ാം റൂമായിരുന്നു. ഇവിടെ വെച്ചാണ് നടി ആക്രമിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി ദിലീപ് പള്‍സര്‍ സുനിയെ കണ്ടത്. എന്നാല്‍, രഞ്ജിത്ത് തന്റെ ആദ്യ മൊഴി നിഷേധിക്കുകയും റിഹേഴ്സല്‍ സമയത്ത് ദിലീപ് ഹോട്ടലില്‍ താമസിച്ചിരുന്നില്ലെന്ന് പറയുകയും ചെയ്തു.

മൊഴി മാറ്റിയവര്‍

1. ഇടവേള ബാബു- ചലച്ചിത്ര താരം

2. ബിന്ദു പണിക്കര്‍ -ചലച്ചിത്ര താരം

3. ഡോ.ഹൈദര്‍ അലി- അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍

4. സലിം- ഡോ.ഹൈദര്‍ അലിയുടെ സഹോദരന്‍

5. ഭാമ-ചലച്ചിത്ര താരം

6. സിദ്ദീഖ്-ചലച്ചിത്ര താരം

7. ഷൈന്‍-പ്രൊഡക്ഷന്‍ മാനേജര്‍

8. റൂബി വിഷ്ണു

9. റിയ- കാവ്യയുടെ സഹോദരന്റെ ഭാര്യ

10. മിഥുന്‍- കാവ്യയുടെ സഹോദരന്‍

11. സബിത

12. സാഗര്‍ വിന്‍സന്റ്- കാവ്യയുടെ സ്ഥാപനത്തിലെ ജീവനക്കാരന്‍, ആദ്യം മൊഴിമാറ്റിയ സാക്ഷി

13. രഞ്ജിത്- പ്രൊഡ്യൂസര്‍

14. സുനീര്‍- കാവ്യയുടെ ഡ്രൈവര്‍

15. സൂരജ്- ദിലീപിന്റെ അളിയന്‍

16. ഷേര്‍ളി അജിത്- ഹോട്ടല്‍ ജീവനക്കാരി

17. കാവ്യമാധവന്‍- ദിലീപിന്റെ ഭാര്യ

18. നാദിര്‍ഷ- ദിലീപിന്റെ സുഹൃത്ത്

19. അനൂപ്- ദിലീപിന്റെ സഹോദരന്‍

20. അപ്പുണ്ണി

21. ഉഷ

22. നിലിഷ

23. ദാസന്‍- ദിലീപിന്റെ വീട്ടിലെ സെക്യൂരിറ്റി

24. ഉല്ലാസ് ബാബു- തൃശൂരിലെ ബിജെപി നേതാവ്

25. ബൈജു

26. ഐജി ദിനേശന്‍

27. ശ്യമള- കാവ്യയുടെ അമ്മ

28. മാധവന്‍ - കാവ്യയുടെ അച്ഛന്‍