- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോ; നടന്ന് പോയാല്‍ പോലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല'; സര്‍വീസുകള്‍ തുടര്‍ച്ചയായി റദ്ദാക്കി യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കി വിമാന കമ്പനി; പ്രതിഷേധം കടുക്കുന്നതിനിടെ ഇ.പി ജയരാജന്റെ ആ വാക്കുകള്‍ ചര്‍ച്ചയില്‍
തിരുവനന്തപുരം: യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി തുടരുന്നതിനിടെ മൂന്നര വര്‍ഷം മുമ്പ് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ഇ.പി ജയരാജന്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുന്നു. നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോയെന്നും ഇതിനേക്കാള്‍ മാന്യമായ കമ്പനികള്‍ വേറെയുണ്ടെന്നുമാണ് 2022 ജൂലൈ 18ന് ഇ.പി ജയരാജന്‍ പറഞ്ഞത്.
എല്ലാ എയര്‍പോര്‍ട്ടുകളിലും വിമാനങ്ങള്‍ ഇന്നും റദ്ദാക്കിയിരുന്നു. ബെംഗളൂരുവില്‍ നിന്ന് മാത്രം 124 സര്‍വീസുകളാണ് റദ്ദാക്കിയത്. ഡല്‍ഹിയില്‍നിന്ന് അന്‍പതും അഹമ്മദാബാദില്‍ നിന്ന് പത്തൊന്‍പതും ചെന്നൈയില്‍ നിന്ന് 9 സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് പത്തും കൊച്ചിയില്‍ മൂന്നും കണ്ണൂരില്‍ രണ്ടും കരിപ്പൂരില്‍ ഒരു സര്‍വീസും റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശബരിമല തീര്‍ഥാടകരും, വിനോദസഞ്ചാരികളും കുടങ്ങി. ടിക്കറ്റ് റദ്ദാക്കിയാലും പണം കിട്ടാന്‍ രണ്ടു ദിവസം വൈകും. ഡിജിസിഎ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇ.പി ജയരാജന്‍ വിമാന കമ്പനിക്കെതിരെ ഉന്നയിച്ച വാദങ്ങള്‍ ചര്‍ച്ചയാകുന്നത്.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടിച്ചുതള്ളിയതില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയപ്പോഴായിരുന്നു അന്ന് എല്‍ഡിഎഫ് കണ്‍വീനറായിരുന്ന ഇ.പി ജയരാജന്‍ ഇന്‍ഡിഗോയ്‌ക്കെതിരെ രംഗത്തെത്തിയത്. മൂന്നാഴ്ചത്തെ യാത്രാ വിലക്കാണ് ഇന്‍ഡിഗോ അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയിരുന്നത്.
ഇന്‍ഡിഗോയുടെ യാത്രാ വിലക്ക് നിയമവിരുദ്ധമാണെന്നും ഇനി താനും കുടുംബവും ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു. പല സ്ഥലത്തും അവരുടെ വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്നതായുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്. നടന്ന് പോയാല്‍ പോലും താന്‍ ഇന്‍ഡിഗോയില്‍ കയറില്ലെന്നും ജയരാജന്‍ പറഞ്ഞിരുന്നു. വിമാനത്തില്‍ യാത്ര ചെയ്യാന്‍ വന്ന ക്രിമിനലുകളെ തടയാന്‍ ഇന്‍ഡിഗോ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ജയരാജന്‍ ആരോപിച്ചിരുന്നു.
മാന്യതയുള്ള കമ്പനിയാണെങ്കില്‍ തനിക്ക് പുരസ്‌കാരം നല്‍കുകയാണ് വേണ്ടതെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അന്ന് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയും വിലക്കേര്‍പ്പെടുത്തിയിരുന്നു. വിമാന കമ്പനിയുടെ ആഭ്യന്തര അന്വേഷണ സമിതിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. 2022 ജൂണ്‍ 14ന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കു പറന്ന ഇന്‍ഡിഗോ വിമാനത്തിലായിരുന്നു മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്.
യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഇന്‍ഡിഗോ ക്ഷമാപണം നടത്തിയെന്ന് അതേ വര്‍ഷം സെപ്തംബറില്‍ ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു. ക്ഷമാപണം എഴുതി നല്‍കാത്തതിനാല്‍ ഇന്‍ഡിഗോയിലെ യാത്ര ഒഴിവാക്കുന്നത് തുടരുമെന്നും പറഞ്ഞ അദ്ദേഹം, വിമാനത്തേക്കാള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതാണ് സൗകര്യമെന്നും വ്യക്തമാക്കിയിരുന്നു.
എന്നാല്‍, പിന്നീട് ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇ.പി ജയരാജന്‍ ഇന്‍ഡിഗോയില്‍ യാത്ര ചെയ്തു. അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കാണാനാണ് ഇപി വീണ്ടും ഇന്‍ഡിഗോ വിമാനത്തില്‍ കയറിയത്. അന്ന് കോഴിക്കോട്ടുനിന്ന് ഡല്‍ഹിയിലേക്കാണ് അദ്ദേഹം പോയത്. യെച്ചൂരി മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തെത്താന്‍ തന്റെ തീരുമാനം തടസമാകാന്‍ പാടില്ല എന്നതുകൊണ്ടാണ് ബഹിഷ്‌കരണ തീരുമാനത്തില്‍ മാറ്റംവരുത്തിയതെന്ന് ജയരാജന്‍ വ്യക്തമാക്കിയിരുന്നു. ബഹിഷ്‌കരണത്തേക്കാള്‍ വലുത് തനിക്ക് യെച്ചൂരിയാണെന്നും അദ്ദേഹം അന്തരിച്ചെന്ന് കേട്ടപ്പോള്‍ എങ്ങനെ ഡല്‍ഹിയില്‍ എത്താമെന്നായിരുന്നു തന്റെ ചിന്തയെന്നും ജയരാജന്‍ പ്രതികരിച്ചിരുന്നു.
കേരളത്തിലെ വിമാനത്താവളങ്ങളിലടക്കം ഇന്നും ഇന്‍ഡിഗോ വിമാന പ്രതിസന്ധി തുടരുകയാണ്. ഇന്ന് മാത്രം രാജ്യമൊട്ടാകെ 500ലേറെ സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. കൊച്ചിയിലും സര്‍വീസുകള്‍ മുടങ്ങി. ഇവിടെ പത്ത് വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു. കൊച്ചി- ബംഗളൂരു, ജമ്മു, ഹൈദരാബാദ് സര്‍വീസുകളാണ് മുടങ്ങിയത്. കൊച്ചി, മുംബൈ സര്‍വീസ് വൈകും. വിമാനം റദ്ദാക്കിയതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഇന്‍ഡിഗോ അധികൃതര്‍ വിവരങ്ങള്‍ പങ്കുവെക്കുന്നില്ലെന്നും പരാതിയുണ്ട്. ഹൈദരാബാദില്‍ ഇതുവരെ 69ഉം ഡല്‍ഹിയില്‍ 106 വിമാനങ്ങളുമാണ് റദ്ദാക്കിയത്.
ഇന്‍ഡിഗോ വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കിയതോടെ എക്കാലത്തേയും വലിയ പ്രതിസന്ധിയാണ് രാജ്യമൊട്ടാകെയുള്ള വിവിധ വിമാനത്താവളങ്ങളില്‍ സൃഷ്ടിച്ചത്. പൈലറ്റുമാരുടെ എണ്ണക്കുറവ് ഉള്‍പ്പെടെയുള്ള വിവിധ പ്രശ്നങ്ങള്‍ തുടര്‍ന്നതോടെയാണ് വിമാന കമ്പനി യാത്രക്കാര്‍ക്ക് ഇരുട്ടടിയേകുന്ന കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. ഇതോടെ, ശക്തമായ പ്രതിഷേധത്തിനാണ് വിമാനത്താവളങ്ങള്‍ സാക്ഷിയായത്.
കൊച്ചിയില്‍നിന്ന് ഇന്‍ഡിഗോ വിമാനം റദ്ദാക്കിയതോടെ ദുരിതത്തിലായവരില്‍ രോഗികളും ഉള്‍പ്പെടുന്നു. 17 മണിക്കൂറിലേറെയായി നെടുമ്പാശേരി വിമാനത്താവളത്തില്‍ കാത്തിരിക്കുകയാണ് ഹൃദ്രോഗി. വീല്‍ചെയര്‍ പോലും ലഭ്യമാക്കിയില്ലെന്ന് യാത്രക്കാരി പറഞ്ഞിരുന്നു. യുഎസില്‍ നിന്ന് ചികില്‍സാ ആവശ്യത്തിന് എത്തിയ മലയാളിയാണ് ദുരിതത്തിലായത്. മുംബൈയിലേയ്ക്ക് കണക്ഷന്‍ വിമാനം ലഭിക്കാത്തതിനാല്‍ യുഎസിലേയ്ക്കുള്ള മടക്കം അനിശ്ചിതത്വത്തിലായിരിക്കയാണ്.
ഇതിന് പിന്നാലെ ഇന്‍ഡിഗോ പ്രതിസന്ധിയില്‍ മാപ്പ് പറഞ്ഞ് സിഇഒ പീറ്റര്‍ എല്‍ബേഴ്സ് രംഗത്തെത്തിയിരുന്നു. പ്രശ്നം പരിഹരിക്കാന്‍ വിവിധ നടപടികള്‍ സ്വീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കും. ശനിയാഴ്ച മുതല്‍ മികച്ച സേവനം ഉറപ്പാക്കാന്‍ ശ്രമിക്കും. നിര്‍ദേശം പിന്‍വലിച്ച ഡിജിസിഎ തീരുമാനം സ്വാഗതാര്‍ഹമെന്നും സിഇഒ പറഞ്ഞിരുന്നു. ഡിസംബര്‍ പത്തിനും 15നും ഇടയില്‍ പൂര്‍വസ്ഥിതിയിലേക്ക് എത്താന്‍ സാധിക്കുമെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും പീറ്റര്‍ എല്‍ബേഴ്സ് ആവശ്യപ്പെട്ടു.
എന്നാല്‍, ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഡിജിസിഐ ഉത്തരവ് പൂര്‍ണമായും മരവിപ്പിച്ചിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്ക് ഭാഗിക ഇളവുകള്‍ മാത്രമാണ് നല്‍കുക. ചില വ്യവസ്ഥകള്‍ മാത്രമാണ് മരവിപ്പിച്ചത്. രാത്രി ഡ്യൂട്ടി, രാത്രി ലാന്‍ഡിങ് എന്നിവയില്‍ ഇന്‍ഡിഗോയ്ക്ക് മാത്രമാകും ഫെബ്രുവരി 10 വരെ ഇളവ്. കേന്ദ്രത്തിന്റെ ഉന്നതതല അന്വേഷണ സമിതി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.




