- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാന യാത്രാക്കൂലി തോന്നുംപടി കൂട്ടാനാവില്ല; പരിധി നിശ്ചയിച്ച് ഉത്തരവ്; 500 കി.മീ. വരെ 7,500 രൂപ; വിമാനക്കമ്പനികള്‍ക്ക് മൂക്കുകയറിട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം; റീഫണ്ടിങ് നടപടികള്‍ ഞായറാഴ്ച രാത്രിക്കകം പൂര്‍ത്തിയാക്കണമെന്ന് ഇന്‍ഡിഗോയ്ക്ക് കര്‍ശന നിര്‍ദേശം
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധിയിലായ പശ്ചാത്തലത്തില്‍ വിമാനയാത്രാനിരക്ക് കുത്തനെ കൂട്ടുന്ന വിമാനക്കമ്പനികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. പ്രതിസന്ധി ബാധിക്കപ്പെട്ട റൂട്ടുകളിലെ യാത്രാക്കൂലിക്ക് പരിധി നിശ്ചയിച്ച് ഉത്തരവിട്ടു. ഇതിനു മുകളിലുള്ള നിരക്ക് ഈടാക്കാന്‍ പാടില്ല. കോവിഡ് കാലത്താണ് സമാനമായ നിയന്ത്രണം കേന്ദ്രം ഏര്‍പ്പെടുത്തിയത്. വിമാനക്കമ്പനികള്‍ അസാധാരണമാംവിധം ഉയര്‍ന്ന വിമാനക്കൂലി ഈടാക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഗൗരവമായെടുത്തിട്ടുണ്ടെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു.
അവസരം മുതലെടുത്ത് യാത്രാക്കൂലി കൂട്ടുന്നതില്‍നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനായി എല്ലാ ബാധിത റൂട്ടുകളിലും മന്ത്രാലയം അതിന്റെ നിയന്ത്രണ അധികാരങ്ങള്‍ ഉപയോഗപ്പെടുത്തിയതായി അറിയിച്ചു. സ്ഥിതിഗതികള്‍ സാധാരണഗതിയില്‍ എത്തുംവരെ ഈ നിയന്ത്രണം വിമാനനിരക്കുകള്‍ നിരീക്ഷിക്കുന്ന തുടരുമെന്നും മന്ത്രാലയം അറിയിച്ചു. ഇന്‍ഡിഗോ സര്‍വീസുകള്‍ താറുമാറായതിനു പിന്നാലെ മറ്റു വിമാനക്കമ്പനികളിലെ യാത്രാക്കൂലി കുത്തനെ കൂട്ടിയിരുന്നു. ഇന്‍ഡിഗോ സര്‍വീസ് റദ്ദായവര്‍ക്ക് ഇത് വന്‍തിരിച്ചടിയായി. ഇന്ന് ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള നോണ്‍സ്റ്റോപ്പ് എയര്‍ ഇന്ത്യ ടിക്കറ്റിന് 55,955 മുതല്‍ 64,557 രൂപ വരെയായിരുന്നു നിരക്ക്. കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 38,000 രൂപ കടന്നു. യാത്രാക്കൂലി കൂട്ടരുതെന്നു കഴിഞ്ഞ ദിവസം വ്യോമയാനമന്ത്രി തന്നെ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇത് മുഖവിലയ്ക്കെടുത്തില്ലെന്നാണ് നിരക്കുകള്‍ വ്യക്തമാക്കുന്നത്.
കേന്ദ്ര വ്യോമയാന മന്ത്രാലയം ഏര്‍പ്പെടുത്തിയ പരിധി
500 കിലോമീറ്റര്‍ വരെ 7,500 രൂപ
500 മുതല്‍ 1000 കിലോമീറ്റര്‍ വരെ 12,000 രൂപ
ആയിരം കിലോമീറ്റര്‍ മുതല്‍ 1,500 കിലോമീറ്റര്‍ വരെ 15,000 രൂപ
1,500 കിലോമീറ്ററിനു മുകളില്‍ 18,000 രൂപ
എന്നിങ്ങനെയാണ് ഇക്കോണമി ടിക്കറ്റിലെ പരിധി നിശ്ചിയിച്ചിരിക്കുന്നത്. യൂസര്‍ ഡവലപ്‌മെന്റ് ഫീസ്, പാസഞ്ചര്‍ സര്‍വീസ് ഫീസ്, നികുതി എന്നിവ ഇതിനു പുറമേയാണ്. ബിസിനസ് ക്ലാസിനും ഉഡാന്‍ ഫ്‌ലൈറ്റുകള്‍ക്കും ഈ നിരക്ക് ബാധകമല്ല.
അതേ സമയം ഇന്‍ഡിഗോയിലെ പ്രതിസന്ധികള്‍ക്കിടെ വിമാനം റദ്ദാക്കലുമായി ബന്ധപ്പെട്ട് എയര്‍ലൈന്‍ കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. പ്രവര്‍ത്തന തടസ്സങ്ങള്‍ കാരണം വിമാനം റദ്ദാക്കുകയോ തടസ്സപ്പെടുകയോ ചെയ്ത സാഹചര്യത്തില്‍ യാത്രക്കാര്‍ക്കുള്ള റീഫണ്ടിങ് നടപടികള്‍ ഞായറാഴ്ച രാത്രിക്കകം പൂര്‍ത്തിയാക്കണമെന്ന് മന്ത്രാലയം നിര്‍ദേശം നല്‍കി. 'റദ്ദാക്കിയതോ തടസ്സപ്പെട്ടതോ ആയ എല്ലാ വിമാനങ്ങള്‍ക്കുമുള്ള പണം തിരികെ നല്‍കുന്ന പ്രക്രിയ ഡിസംബര്‍ ഏഴ്, ഞായറാഴ്ച രാത്രി 8:00 മണിയോടെ പൂര്‍ണ്ണമായി പൂര്‍ത്തിയാക്കണം' വ്യോമയാന മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം യാത്ര മുടങ്ങിയ യാത്രക്കാരില്‍ നിന്ന് റീ ഷെഡ്യൂളിംഗ് ചാര്‍ജുകള്‍ ഈടാക്കരുതെന്നും ഇന്‍ഡിഗോയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പണം തിരികെ നല്‍കുന്നതില്‍ എന്തെങ്കിലും കാലതാമസമോ ചട്ടലംഘനമോ ഉണ്ടായാല്‍ 'ഉടനടി നിയന്ത്രണ നടപടികള്‍' സ്വീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇന്‍ഡിഗോയിലെ പ്രതിസന്ധി തുടരുന്നതിനിടെ ശനിയാഴ്ചയും നിരവധി യാത്രക്കാര്‍ക്കാണ് ദുരിതം നേരിട്ടത്. ശനിയാഴ്ച മാത്രം 500ലധികം സര്‍വീസുകള്‍ രാജ്യത്ത് റദ്ദാക്കപ്പെട്ടു. ബെംഗളൂരു റൂട്ടിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ ദുരിതം നേരിട്ടത്.
വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതിനാല്‍ യാത്രക്കാര്‍ക്ക് ലഭിക്കേണ്ട ബാഗേജുകള്‍ 48 മണിക്കൂറിനുള്ളില്‍ യാത്രാക്കാരുടെ വിലാസത്തില്‍ എത്തിക്കാന്‍ ഇന്‍ഡിഗോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രാക്കാര്‍ക്ക് ട്രാക്കിംഗ്, ഡെലിവറി എന്നിവ സംബന്ധിച്ച് വ്യക്തമായ ആശയവിനിമയം നടത്താനും ആവശ്യമായ നഷ്ടപരിഹാരം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിമാനത്താവള അധികൃതരുമായും സുരക്ഷാ ഏജന്‍സികളുമായും ചേര്‍ന്ന് ക്രമീകരണം നടത്താനും നിര്‍ദേശിച്ചു.
ഇന്‍ഡിഗോയ്ക്ക് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശങ്ങള്‍
ഇന്‍ഡിഗോ ടിക്കറ്റ് കാന്‍സലേഷനുകളുമായി ബന്ധപ്പെട്ട എല്ലാ റീഫണ്ടും ഞായറാഴ്ച രാത്രി 8നു മുന്‍പായി യാത്രക്കാര്‍ക്ക് നല്‍കിയിരിക്കണമെന്ന് കേന്ദ്രം ഉത്തരവിട്ടു. റീഷെഡ്യൂളിങ് ചാര്‍ജുകള്‍ ഈടാക്കാന്‍ പാടില്ല. റീഫണ്ടില്‍ കാലതാമസം വരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും.
യാത്രക്കാരുടെ ലഗേജ് വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയിട്ടുണ്ടെങ്കില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇവ കണ്ടെത്തി യാത്രക്കാരന്റെ വിലാസത്തില്‍ എത്തിക്കണം.
പരാതിപരിഹാരത്തിനായി ഇന്‍ഡിഗോ പ്രത്യേക പാസഞ്ചര്‍ സപ്പോര്‍ട്ട്, റീഫണ്ട് ഫെസിലിറ്റേഷന്‍ സെല്ലുകള്‍ ആരംഭിക്കണം. ഫ്‌ലൈറ്റ് കാന്‍സലേഷന്‍ ബാധിച്ച യാത്രക്കാരെ ഈ സെല്ലുകള്‍ ബന്ധപ്പെട്ട് റീഫണ്ട് നല്‍കുകയോ ബദല്‍ യാത്രാപ്ലാന്‍ വാഗ്ദാനം ചെയ്യുകയോ വേണം. പ്രശ്‌നം തീരും വരെ ഓട്ടമാറ്റിക് റീഫണ്ട് സംവിധാനം തുടരും.
നിരക്കുകള്‍ പരിമിതപ്പെടുത്തിയെന്ന് എയര്‍ ഇന്ത്യ
ഡിസംബര്‍ 4 മുതല്‍ നോണ്‍-സ്റ്റോപ് ആഭ്യന്തര ഇക്കോണമി സീറ്റുകളിലെ നിരക്കുകള്‍ പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും അറിയിച്ചു. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് പ്രതിഫലിച്ച സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിച്ചത് അവസാനനിമിഷം ശ്രമിച്ച ബുക്കിങ്ങുകള്‍, വണ്‍ സ്റ്റോപ്/ടു സ്റ്റോപ് കോംബിനേഷനുകള്‍, പ്രീമിയം ഇക്കോണമി/ബിസിനസ് ക്ലാസ് സീറ്റുകള്‍ എന്നിവ മൂലമാകാമെന്നും ചൂണ്ടിക്കാട്ടി. പലതും തേര്‍ഡ് പാര്‍ട്ടി സൈറ്റുകളില്‍ നിന്നുള്ളവയാണ്. ഇത്തരം പ്രവണതകള്‍ പൂര്‍ണമായും തടയുക സാങ്കേതികമായി സാധ്യമല്ലെങ്കിലും, ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ ചൂണ്ടിക്കാട്ടി.




