കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധി എന്തായാലും അപ്പീല്‍ യുദ്ധം ഉറപ്പ്. കേസില്‍ പ്രതികള്‍ എല്ലാം ശിക്ഷക്കെപ്പെടുമെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. അതിജീവിതയായ നടിയും പ്രതീക്ഷിക്കുന്നത് അങ്ങനെ തന്നെ. പള്‍സര്‍ സുനിയുടെ ക്രൂരതയും ദിലീപിന്റെ ഗൂഡാലോചനയും തെളിയുമെന്നാണ് പ്രതീക്ഷ. വിചാരണ കോടതി ദിലീപിനെ ശിക്ഷിച്ചാല്‍ ഹൈക്കോടതിയിലെ അപ്പീല്‍ പോരാട്ടം ഉറപ്പാണ്. അഡ്വ രാമന്‍പിള്ള ഉടന്‍ അപ്പീല്‍ നല്‍കും. മറിച്ചായാലും അതിജീവിത കേസുമായി മുമ്പോട്ട് പോകും. സുപ്രീംകോടതിയില്‍ വരെ നിയമ പോരാട്ടം എത്തുമെന്ന് അതിജീവിതയുടെ അഭിഭാഷക വ്യക്തമാക്കി കഴിഞ്ഞു. അങ്ങനെ നടിയെ ആക്രമിച്ച കേസിലെ നിയമ പോരാട്ടം തുടരും. വിധി വരുമ്പോള്‍ മഞ്ജു വാര്യര്‍ എന്ത് നിലപാട് എടുക്കുമെന്നതും നിര്‍ണ്ണായകമാണ്. സിനിമയിലെ വനിതാ കൂട്ടായ്മയുടെ രൂപീകരണത്തിന് കാരണമായ മഞ്ജു പിന്നീട് അതുമായി അകന്നു. ദിലീപിന്റെ ആദ്യഭാര്യയാണ് മഞ്ജു. അച്ഛനെ കുടുക്കാന്‍ അമ്മ മുന്നില്‍ നില്‍ക്കരുതെന്ന് മകള്‍ അമ്മയ്ക്കു മുകളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. വിധി ദിന ക്ലൈമാക്‌സില്‍ അങ്ങനെ പലതും ചര്‍ച്ചയാകും.

കേസില്‍ മഞ്ജുവാര്യരുടെ മൊഴിയും നിര്‍ണായകമായിട്ടുണ്ട്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് കനത്ത വൈരാഗ്യമുണ്ടായിരുന്നു എന്നാണ് മഞ്ജു മൊഴി നല്‍കിയത്. കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം തന്നോട് പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് സംശയിച്ചു. ദിലീപ്-കാവ്യ ബന്ധം കണ്ടെത്തിയത് മൊബൈല്‍ ഫോണില്‍ നിന്നാണെന്നും ദിലീപിന്റെ സംസാരത്തില്‍ ഇക്കാര്യം മനസ്സിലായെന്നും മഞ്ജു മൊഴി നല്‍കിയിരുന്നു. സിനിമയില്‍ നിന്നും മനപ്പൂര്‍വ്വം ഒഴിവാക്കിയതായും ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടിരുന്നുവെന്ന് മഞ്ജു മാര്യര്‍ മൊഴി നല്‍കി. ഇവയെല്ലാം കേസില്‍ നിര്‍ണായകമായി. അങ്ങനെ നടിയെ ആക്രമിച്ച കേസില്‍ വിധിവരാനിരിക്കെ കേസില്‍ കൂറ് മാറിയവരും അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ ഉറച്ച് നിന്നവരുമുണ്ട്. ഇതില്‍ ദിലീപിനെ കുടുക്കിയ മൊഴികളില്‍ പ്രധാനം മഞ്ജു വാര്യര്‍, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍, തൃശൂര്‍ ടെന്നീസ് ക്ലബ് അക്കാദമിയിലെ വാസുദേവന്‍ എന്നിവരുടെ മൊഴികളാണ് നിര്‍ണായകമായത്.

ദിലീപ് - പള്‍സര്‍ സുനി ബന്ധത്തെപ്പറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, തൃശ്ശൂരിലെ ടെന്നീസ് ക്ലബ് അക്കാദമിയിലെ വാസുദേവന്‍ എന്നിവര്‍ നിര്‍ണായക മൊഴികളാണ് നല്‍കിയത്. 2017 ജനുവരി ആദ്യം ദിലീപിന്റെ വീടിന് പരിസരത്ത് പള്‍സര്‍ സുനിയെ കണ്ടെന്നായിരുന്നു രഞ്ജു രഞ്ജിമാരുടെ മൊഴി. ദിലീപിന്റെ വീട്ടില്‍ നിന്നും സുനി ഇറങ്ങിവരുന്നതാണ് രഞ്ജു രഞ്ജിമാര്‍ കണ്ടത്. ആലപ്പുഴയിലെ സിനിമ ലൊക്കേഷനിലും പള്‍സര്‍ സുനിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. കടവന്ത്രയിലെ ബ്യൂട്ടിപാര്‍ലറില്‍ കാവ്യ മാധവന്റെ കൂടെ പള്‍സര്‍ സുനിയെ കണ്ടതായും രഞ്ജു രഞ്ജിമാരുടെ മൊഴിയുണ്ട്. തൃശ്ശൂരില്‍ മനസമ്മതത്തിന് കാവ്യാമാധവന്റെ ഒപ്പം പോയതും പള്‍സര്‍ സുനിയാണ്.

2016 ഡിസംബറില്‍ ദിലീപിന്റ ആലുവയിലെ വസതിയായ പത്മസരോവരത്തില്‍ പള്‍സര്‍ സുനിയെ താന്‍ കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ പ്രധാന വെളിപ്പെടുത്തല്‍. അവിടെ നിന്നും സുനി പണവുമായാണ് മടങ്ങിയതെന്നും റിപ്പോര്‍ട്ടറിലൂടെ നടത്തിയ വെളിപ്പെടുത്തലില്‍ ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. ഈ വെളിപ്പെടുത്തലുകള്‍ സാധൂകരിക്കുന്ന തെളിവുകളും ബാലചന്ദ്രകുമാര്‍ പൊലീസിന് കൈമാറിയിരുന്നു. കോടതിക്ക് അകത്തും പുറത്തും പള്‍സര്‍ സുനിയെ തനിക്കറിയില്ലെന്നായിരുന്നു എട്ടാം പ്രതി ദിലീപിന്റെ വാദം. വെളിപ്പെടുത്തലും തെളിവുകളും പുറത്തുവന്നതോടെ ദിലീപിന്റെ ഈ വാദങ്ങള്‍ ചീട്ടു കൊട്ടാരം പോലെ പൊളിഞ്ഞു വീഴുന്നതാണ് കേരളം കണ്ടത്. ദിലീപിന് കൂടുതല്‍ കുരുക്കായത് ബാലചന്ദ്രകുമാറിന്റെ പക്കലുണ്ടായിരുന്ന മറ്റൊരു തെളിവായിരുന്നു. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ എട്ടാം പ്രതി ദിലീപിന്റെ കൈവശം ഉണ്ടെന്ന് വ്യക്തമാക്കുന്ന നിര്‍ണ്ണായക ശബ്ദരേഖ കൈമാറിയതും ബാലചന്ദ്രകുമാറാണ്. ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിയെ സ്വധീനിക്കാന്‍ വരെ ദിലീപ് ശ്രമിച്ചെന്ന് വ്യക്തമായതും ബാലചന്ദ്രകുമാറിന്റെ വെളിയപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ്.

ഇവര്‍ക്ക് പുറമെ തൃശൂര്‍ പുഴയ്ക്കലിലെ ടെന്നീസ് അക്കാദമിയിലെ വാസുദേവന്‍ എന്നയാളുടെ മൊഴിയും നിര്‍ണായകമായി. 2016 നവംബര്‍ 13നാണ് പള്‍സര്‍ സുനിയും ദിലീപും സംസാരിക്കുന്നത് വാസുദേവന്‍ കണ്ടത്. സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയില്‍ ഇരുവരും മാറിനിന്ന് സംസാരിക്കുന്നതായി കണ്ടു എന്നാണ് വാസുദേവന്റെ മൊഴി.