- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി യാത്രക്കാരെ പെരുവഴിയിലാക്കി; ഇന്‍ഡിഗോയ്ക്കെതിരെ കര്‍ശന നടപടിക്ക് കേന്ദ്രവ്യോമയാന മന്ത്രാലയം; കമ്പനിയുടെ ശൈത്യകാല സര്‍വീസുകള്‍ വെട്ടിച്ചുരുക്കും; സ്ലോട്ടുകള്‍ മറ്റ് എയര്‍ലൈനുകള്‍ക്ക് നല്‍കും; ജനങ്ങളെ ഉപദ്രവിക്കാന്‍ വേണ്ടിയല്ല, സംവിധാനത്തെ മെച്ചപ്പെടുത്താനാണ് നിയമങ്ങളെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി യാത്രക്കാരെ പെരുവഴിയിലാക്കിയ ഇന്‍ഡിഗോയ്ക്ക് എതിരെ കര്‍ശന നടപടിയുമായി കേന്ദ്രവ്യോമായന മന്ത്രാലയം. കമ്പനിയുടെ ശൈത്യകാല സര്‍വീസുകള്‍ വെട്ടിച്ചുരുക്കി സ്ലോട്ടുകള്‍ മറ്റ് കമ്പനികള്‍ക്ക് നല്‍കുമെന്ന് വ്യോമയാന മന്ത്രി കെ.റാം മോഹന്‍ നായിഡു വ്യക്തമാക്കി. അതേ സമയം സര്‍ക്കാര്‍ രൂപീകരിക്കുന്ന നിയമങ്ങളും ചട്ടങ്ങളും സംവിധാനത്തെ മെച്ചപ്പെടുത്താന്‍ വേണ്ടിയാണെന്നും മറിച്ച് രാജ്യത്തെ പൗരന്മാരെ ബുദ്ധിമുട്ടിലാക്കാന്‍ ഉള്ളതല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചു. സംവിധാനങ്ങള്‍ പൗരന്മാരെ ബുദ്ധിമുട്ടിലാക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. എന്‍ഡിഎ എംപിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇന്‍ഡിഗോ പ്രതിസന്ധിയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത്. പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
'സര്‍ക്കാര്‍ കാരണം ഒരു ഇന്ത്യന്‍ പൗരനും യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. നിയമങ്ങളും ചട്ടങ്ങളും നല്ലതാണ്. പക്ഷേ, അവ സംവിധാനം മെച്ചപ്പെടുത്താന്‍ വേണ്ടിയായിരിക്കണം ഉപയോഗിക്കേണ്ടത്. അല്ലാതെ, പൊതുജനങ്ങളെ ഉപദ്രവിക്കാന്‍ വേണ്ടിയാവരുത്.' പ്രധാനമന്ത്രി നിര്‍ദേശിച്ചതായി റിജിജു പറഞ്ഞു.
സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉന്നതതല യോഗം വ്യോമയാന മന്ത്രാലയം വിളിച്ചിരുന്നു. ഈ യോഗത്തിന് ശേഷമാണ് ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ മറ്റുള്ളവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. മാത്രമല്ല ഭാവിയില്‍ ഇത്തരത്തിലുള്ള പ്രശ്നം ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടിയെടുക്കാനും തീരുമാനമായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ വരെ ലഖ്‌നൗവിലേക്കും തിരിച്ചുമുള്ള 26 ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കി. ബെംഗളൂരു 121, ചെന്നൈ 81, ഹൈദരാബാദ് 58, അഹമ്മദാബാദ് 16 എന്നിങ്ങനെയാണ് റദ്ദാക്കിയ മറ്റ് വിമാനങ്ങളുടെ കണക്ക്. വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 9,000-ത്തോളം യാത്രാ ബാഗുകളില്‍ 6000-ത്തോളം ബാഗുകള്‍ യാത്രക്കാരുടെ കൈകളിലെത്തിയെന്നും ബാക്കിയുള്ളവെ ഉടന്‍ എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്‍ഡിഗോ നിലവില്‍ പ്രതിദിനം 2,200 വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും 'ഞങ്ങള്‍ തീര്‍ച്ചയായും ഇത് കുറയ്ക്കും' എന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി പറഞ്ഞു. ഡിസംബര്‍ ഒന്നുമുതല്‍ എട്ടുവരെ റദ്ദാക്കിയ 730655 പിഎന്‍ആറുകള്‍ക്ക് പണം തിരിച്ചുനല്‍കാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. യാത്രാപ്രതിസന്ധിയുമായി ബന്ധപ്പെട്ട് മന്ത്രാലയം ചൊവ്വാഴ്ചയും യോഗം വിളിച്ചിട്ടുണ്ട്. ഈയോഗത്തില്‍ എങ്ങനെയാണ് ഇന്‍ഡിഗോ സര്‍വീസുകള്‍ പൂര്‍ണതോതില്‍ പഴയപടിയാക്കുക എന്നതും അതിനുള്ള എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും വിലയിരുത്തും. വ്യോമായന മന്ത്രാലയം ഭൂരിഭാഗം വിമാനത്താവളങ്ങളിലും പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വരുന്ന രണ്ട് മൂന്ന് ദിവസങ്ങളില്‍ ഇവര്‍ കാര്യങ്ങള്‍ വിലയിരുത്തി ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും.
പൈലറ്റുമാരുടെയും കാബിന്‍ ജീവനക്കാരുടെയും മതിയായ വിശ്രമവും ജോലിഭാരവും കൈകാര്യം ചെയ്യുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കിതോടെയാണ് ഇന്‍ഡിഗോ പ്രശ്നത്തില്‍ പെട്ടത്. പുതുക്കിയ നിര്‍ദേശത്തില്‍, ഡ്യൂട്ടിയിലുള്ള മണിക്കൂറുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതും വിമാനങ്ങള്‍ക്കിടയില്‍ കൂടുതല്‍ വിശ്രമസമയം നിര്‍ബന്ധമാക്കുന്നതും ഉള്‍പ്പെടുന്നുണ്ട്. ഇതിന്റെ ഫലമായി ദിനംപ്രതി നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടു. പൈലറ്റുമാരെയും കാബിന്‍ ജീവനക്കാരെയും കണ്ടെത്താന്‍ വിമാനക്കമ്പനി ബുദ്ധിമുട്ടി. അതോടെ, ഒരാഴ്ചയ്ക്കിടെ ഇന്‍ഡിഗോയുടെ 4,500-ല്‍ അധികം വിമാനങ്ങള്‍ നിലത്തിറക്കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. പിന്നാലെ, ഇന്‍ഡിഗോക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിമാനക്കമ്പനിക്ക് നല്‍കുന്ന ശിക്ഷ മറ്റ് എയര്‍ലൈനുകള്‍ക്കും ഉദാഹരണമായിരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി രാംമോഹന്‍ നായിഡു വ്യക്തമാക്കി. വിമാനക്കമ്പനി ഇതുവരെ 830 കോടി രൂപയോളം റീഫണ്ട് നല്‍കിയിട്ടുണ്ട്.
അതേസമയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ലൈനിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സാങ്കേതിക തകരാറുകള്‍, ശൈത്യകാല ഷെഡ്യൂള്‍ മാറ്റങ്ങള്‍, മോശം കാലാവസ്ഥ, വിമാന ഗതാഗത തിരക്ക്, പുതിയ ക്രൂ റോസ്റ്ററിംഗ് സിസ്റ്റം (എഫ്ഡിടിഎല്‍ ഘട്ടം II) എന്നിവ ചൂണ്ടിക്കാട്ടി ഇന്‍ഡിഗോ മറുപടി നല്‍കിയെങ്കിലും, റെഗുലേറ്റര്‍ ഇപ്പോഴും നടപടി പരിഗണിക്കുകയാണ്.
പ്രതിസന്ധിയുണ്ടായി ഒരാഴ്ചയ്ക്കുശേഷം ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് എത്തുന്നതേയുള്ളു. കഴിഞ്ഞദിവസം 1800 ല്‍ അധികം വിമാന സര്‍വീസുകള്‍ ഇന്‍ഡിഗോ നടത്തി. റദ്ദാക്കുന്ന വിമാന സര്‍വീസുകളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. അതേസമയം, പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാത്തതിനാല്‍ ഇന്നും സര്‍വീസുകള്‍ റദ്ദാക്കുന്നത് തുടരുകയാണ്. ഡി ജി സി എ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് കഴിഞ്ഞദിവസം ഇന്‍ഡിഗോ മറുപടി നല്‍കി. പ്രതിസന്ധി ഉണ്ടാകാന്‍ പ്രധാനമായും അഞ്ചു കാരണങ്ങളാണ് ഇന്‍ഡിഗോ ചൂണ്ടിക്കാട്ടുന്നത്. ഡ്യൂട്ടി പരിഷ്‌കരണവും കാലാവസ്ഥയും സാങ്കേതിക പ്രശ്‌നങ്ങളും അടക്കമുള്ള അഞ്ച് കാരണങ്ങളാണ് ഇന്‍ഡിഗോ അറിയിച്ചത്. ഈ മറുപടിയുടെയും നാലംഗ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും കേന്ദ്രം തുടര്‍നടപടികള്‍ സ്വീകരിക്കുക.
അതേസമയം, ഇന്‍ഡിഗോ വിമാന സര്‍വീസ് കൂട്ടത്തോടെ റദ്ദാക്കിയതില്‍ ടിക്കറ്റ് റീഫണ്ട് നല്‍കിയതിന്റെ കണക്ക് ഇന്നലെ വ്യോമയാന മന്ത്രാലയം പുറത്തുവിട്ടിരുന്നു. ഡിസംബര്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള 5,86,705 ബുക്കിങ്ങുകളുടെ തുകയായി 569.65 കോടി രൂപയാണ് ഏറ്റവും ഒടുവിലായി തിരിച്ചു നല്‍കിയത്. നവംബര്‍ 21 മുതല്‍ ഡിസംബര്‍ ഏഴു വരെ 9,55,591 ബുക്കിങ്ങുകളുടെ റീഫണ്ട് തുകയായി 827 കോടി രൂപയാണ് ആകെ യാത്രക്കാര്‍ക്ക് തിരികെ നല്‍കിയെന്നും മന്ത്രാലയം അറിയിച്ചു. 4500 ബാഗേജുകള്‍ യാത്രക്കാര്‍ക്ക് തിരികെ നല്‍കി. ബാക്കിയുള്ള ബാഗേജുകള്‍ അടുത്ത 36 മണിക്കൂറിനുള്ളില്‍ തിരികെ നല്‍കും. അതേസമയം, ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വ്യോമയാനമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു. നടപടി മറ്റ് വിമാന കമ്പനികള്‍ക്ക് കൂടി പാഠമാകുമെന്നും മന്ത്രി റാം മോഹന്‍ നായിഡു രാജ്യസഭയില്‍ മുന്നറിയിപ്പ് നല്‍കി.
ലക്ഷക്കണക്കിന് യാത്രക്കാരെ വലച്ച പ്രതിസന്ധിക്ക് ഉത്തരവാദി ഇന്‍ഡിഗോ വിമാന കമ്പനി മാത്രമാണെന്നാണ് വ്യോമയാന മന്ത്രി ഇന്ന് പാര്‍ലമെന്റിനെ അറിയിച്ചത്. നവംബര്‍ ഒന്നു മുതല്‍ നിലവില്‍ വന്ന രണ്ടാംഘട്ട എഫ്ഡി ടി എല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വിമാന കമ്പനികള്‍ക്ക് മതിയായ സമയം നല്‍കിയിരുന്നു. ഡിസംബര്‍ ഒന്നിനും ഇന്‍ഡിഗോയുമായി ചര്‍ച്ച നടത്തി പക്ഷേ ചര്‍ച്ചയില്‍ പ്രതിസന്ധിയെക്കുറിച്ച് ഇന്‍ഡിഗോ പരാമര്‍ശിച്ചില്ല. മൂന്നാം തീയതി യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രതിസന്ധി തുടങ്ങി. അന്വേഷണം തുടരുകയാണെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ഇന്‍ഡിഗോക്കെതിരെ ഉണ്ടാകുന്ന നടപടി മറ്റ് വിമാന കമ്പനികള്‍ക്കും പാഠമാകുമെന്ന മുന്നറിയിപ്പും മന്ത്രി നല്‍കി. മന്ത്രിയുടെ വിശദീകരണത്തോടെ ഇന്‍ഡിഗോ സി ഇ ഓ പീറ്റര്‍ എല്‍ബേഴ്‌സിനെ നീക്കുമെന്ന കേന്ദ്ര നിലപാട് കൂടുതല്‍ വ്യക്തമാവുകയാണ്. അതേസമയം, ഇന്‍ഡിഗോയ്ക്ക് ഡിജിസിഎ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ നീട്ടി നല്‍കിയ സമയം ഇന്ന് അവസാനിക്കും. ഇന്ന് വൈകുന്നേരം ആറു മണിക്ക് മുന്‍പ് മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം.




