തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരത്ത് ബിജെപി -സിപിഎം സംഘര്‍ഷം. വഞ്ചിയൂര്‍ ലൈബ്രറിക്ക് സമീപത്തെ ബൂത്തില്‍ സിപിഎം കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചതോടെയാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമായത്. വാക്കുതര്‍ക്കത്തിനിടെ വനിതാ പ്രവര്‍ത്തകയെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു എന്നാണ് ബിജെപിയുടെ ആക്ഷേപം. സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

ട്രാന്‍സ് ജെന്‍ഡേഴ്സ് ഉള്‍പ്പെടെ കള്ളവോട്ട് ചെയ്തെന്നാണ് ഇവരുടെ പേരുള്‍പ്പെടെ ഉയര്‍ത്തി ബിജെപി ഉന്നയിക്കുന്ന ആക്ഷേപം. ഇവരില്‍ ചിലര്‍ക്ക് കുന്നുകുഴി വാര്‍ഡില്‍ വോട്ട് ഉണ്ടെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തി. മര്‍ദനമേറ്റ സ്ത്രീയ്ക്കൊപ്പം ബിജെപി സ്ഥാനാര്‍ഥിയുള്‍പ്പെടെ നിലയുറപ്പിച്ചു. പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകരും വഞ്ചിയൂര്‍ ജംഗ്ഷനില്‍ നിലയുറപ്പിച്ചിട്ടുണ്ട്. റോഡില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളിയുമുണ്ടായി. ബിജെപി പ്രവര്‍ത്തകനെ മര്‍ദിച്ചതായും ആരോപണമുണ്ട്.

റീ പോളിംഗ് വേണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. സിപിഎമ്മിന് അനുകൂലമായി വോട്ടര്‍ പട്ടികയില്‍ നിന്നും ആളികളെ കൂട്ടത്തോടെ വെട്ടിമാറ്റിയെന്നും ചേര്‍ത്തെന്നും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരത്തെ തന്നെ വഞ്ചിയൂരില്‍ നിന്ന് വന്നിരുന്നു. കോണ്‍ഗ്രസും ബിജെപിയുമാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്. വഞ്ചിയൂരില്‍ താമസിക്കാത്ത ആളുകളെ പുറത്തുനിന്ന് കൊണ്ടുവന്ന് വോട്ടേര്‍സ് ലിസ്റ്റില്‍ ചേര്‍ത്തെന്നും അത് കള്ളവോട്ടാണ്, പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ട് എന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍ സിപിഎം ഈ ആരോപണം തള്ളിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനാണ് ബി ജെ പിയുടെ തീരുമാനം.ബി ജെ പി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തിരുവനന്തപുരം നഗരസഭയില്‍ വാശിയേറിയ പോരാട്ടം നടക്കുന്ന വാര്‍ഡാണ് വഞ്ചിയൂര്‍. ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്. വാര്‍ഡ് സി പി എമ്മിന് ജയിക്കാന്‍ വേണ്ടി വെട്ടിമുറിച്ചെന്നുമൊക്കെ നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു.

വഞ്ചിയൂര്‍ ഭാഗം രണ്ടില്‍ വ്യാപകമായി സിപിഎം കള്ളവോട്ട് ചെയ്തെന്നും ഇതിനകം നൂറില്‍പ്പരം കള്ളവോട്ട് നടന്നുകഴിഞ്ഞതായും ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍ ആരോപിച്ചു. വോട്ടര്‍പട്ടികയില്‍ ഇല്ലാത്തവരും വഞ്ചിയൂരില്‍ താമസം ഇല്ലാത്തവരുമായ ട്രാന്‍സ്ജന്‍ഡേഴ്സിനെ വരെ ഇറക്കി വോട്ട് ചെയ്യിപ്പിച്ചു. ബിജെപി വനിതാ നേതാവിനെ ജാതി പറഞ്ഞ് മര്‍ദിച്ചു, അവരെ അധിക്ഷേപിച്ചു. വഞ്ചിയൂര്‍ ഭാഗം രണ്ടില്‍ റീപോളിങ് വേണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബിജെപിയുടെ ആരോപണം സിപിഎം നിഷേധിച്ചു. വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ മാത്രമാണ് വോട്ട് ചെയ്യുന്നതെന്ന് വഞ്ചിയൂരിലെ സിപിഎം സ്ഥാനാര്‍ഥി വഞ്ചിയൂര്‍ ബാബു പ്രതികരിച്ചു. ''എല്ലാ വോട്ടും ഓണ്‍ലൈനില്‍ ചേര്‍ക്കുന്നതാണ്. പരാജയഭയം കൊണ്ടാണ് ബിജെപി ഇതൊക്കെ കാണിക്കുന്നത്. വോട്ട് ചേര്‍ത്ത് കരട് പട്ടിക പ്രസിദ്ധീകരിച്ചു. ട്രാന്‍സ്ജെന്‍ഡര്‍മാര്‍ വോട്ട് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ അവരെ കൂവുന്നു. ബിജെപി പ്രവര്‍ത്തകരാണ് കൂവിയത്. ട്രാന്‍സ്ജെന്‍ഡര്‍മാര്‍ മനുഷ്യര്‍ അല്ലേ. ഞങ്ങളുടെ പ്രവര്‍ത്തകരാണ് അവരും. ഞങ്ങള്‍ ആരെയും ആക്രമിച്ചിട്ടില്ല. അടിച്ചെങ്കില്‍ അടിച്ചെന്ന് പറയും. കുറെ അടിയും ഇടിയും ഒക്കെ കണ്ടവരാ ഞങ്ങള്‍. ഞങ്ങള്‍ ഒന്നും ചെയ്തില്ലെന്ന് പോലീസ് കണ്ടതാണ്'', അദ്ദേഹം പറഞ്ഞു.