കണ്ണൂര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കുന്നതില്‍ ധര്‍മ്മടം പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചു. ഇടതുമുന്നണി റാലിയില്‍ പങ്കെടുക്കാന്‍ വീട്ടില്‍നിന്ന് പുറപ്പെട്ട മുഖ്യമന്ത്രിക്ക് നല്‍കേണ്ട പൈലറ്റ് വാഹനം സ്ഥലത്ത് ഉണ്ടായിരുന്നില്ല! സാധാരണ നിലയില്‍ മുഖ്യമന്ത്രിയുടെ പരിപാടിയുടെ സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പ് തന്നെ പോലീസ് സന്നാഹം തയ്യാറാകേണ്ടതാണ്. കണ്ണൂര്‍ റാലിക്കായി മുഖ്യമന്ത്രി 4 മണിക്ക് പുറപ്പെടുമെന്നായിരുന്നു ധര്‍മ്മടം പോലീസിന് നല്‍കിയ സന്ദേശം. എന്നാല്‍ മുഖ്യമന്ത്രി അതിലും നേരത്തെ, 3:15-ന് തന്നെ പിണറായിയിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടു. ഈ 'മിന്നല്‍ യാത്ര' ധര്‍മ്മടം പോലീസ് അറിഞ്ഞില്ല. ഇതാണ് പ്രശ്‌നമായത്.

വീട്ടില്‍നിന്ന് പുറപ്പെട്ടപ്പോള്‍ സി.എം. എസ്‌കോര്‍ട്ട് വാഹനവും മറ്റൊര വാഹനവും മാത്രമാണ് മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നത്. പൈലറ്റ് വാഹനം ഇല്ലാതെ മുഖ്യമന്ത്രി യാത്ര തുടര്‍ന്നത് ആഭ്യന്തര വകുപ്പ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വിവരം അറിഞ്ഞ ഉടന്‍, കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ. ബിനുമോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം താഴെചൊവ്വ ഭാഗത്തേക്ക് പാഞ്ഞെത്തി. റെയില്‍വേ ഗേറ്റിന് സമീപം വെച്ചാണ് ടൗണ്‍ പോലീസ് സംഘം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ കണ്ടുമുട്ടിയത്. അവിടെ നിന്ന് ടൗണ്‍ പോലീസ് അകമ്പടിയൊരുക്കി മുഖ്യമന്ത്രിയെ ഗസ്റ്റ് ഹൗസിലെത്തിച്ചു. സമയത്തിന് ടൗണ്‍ പോലീസ് എത്തിയില്ലായിരുന്നെങ്കില്‍ സുരക്ഷാ വീഴ്ചയുടെ ആഴം വര്‍ധിക്കുമായിരുന്നു.

മുഖ്യമന്ത്രിക്ക് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണുള്ളതെങ്കിലും തിരഞ്ഞെടുപ്പ് സമയത്ത് വാഹനങ്ങളുടെ എണ്ണം കുറയ്ക്കാറുണ്ട്. സാധാരണഗതിയില്‍ മുന്നില്‍ രണ്ട് പൈലറ്റ് വാഹനം, പിന്നാലെ മുഖ്യമന്ത്രിയുടെ കാര്‍, അതിനുശേഷം രണ്ട് എസ്‌കോര്‍ട്ട് വാഹനവും ഒരു വാനും ഒടുവില്‍ ഒരു കാറും. ഏഴ് വാഹനങ്ങളില്‍ 35 മുതല്‍ 40 വരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടാകും. രേഖകളില്‍ ഏഴ് വാഹനമെന്ന് പറയുമ്പോഴും, പ്രാദേശിക എസ്.പി., സ്‌പെഷ്യല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍, കുറഞ്ഞത് അഞ്ച് ഡിവൈ.എസ്.പി.മാര്‍ എന്നിവരുള്‍പ്പെടെ യഥാര്‍ത്ഥത്തില്‍ ഇതിന്റെ ഇരട്ടിയിലേറെ ഉദ്യോഗസ്ഥര്‍ സുരക്ഷ ഒരുക്കാറുണ്ട്.

സംഭവത്തെക്കുറിച്ച് ആഭ്യന്തരവകുപ്പ് അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിക്ക് പാതയൊരുക്കാന്‍ (റൂട്ട് ക്ലിയറന്‍സ്) പൈലറ്റ് വാഹനമുണ്ടായില്ലെന്നത് ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തല്‍. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഞായറാഴ്ച രാത്രിയാണ് മുഖ്യമന്ത്രി പിണറായിയിലെ വീട്ടിലെത്തിയത്. തിങ്കളാഴ്ച വൈകിട്ട് കണ്ണൂരില്‍ നടന്ന റാലി ഉദ്ഘാടനത്തിന് നാലുമണിക്ക് പിണറായിയിലെ വീട്ടില്‍നിന്ന് പുറപ്പെടുമെന്നായിരുന്നു ധര്‍മടം പോലീസിന് ലഭിച്ച സന്ദേശം. പക്ഷേ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ പോയി അവിടന്ന് റാലിക്ക് പോകാനായി മൂന്നേകാലിനുതന്നെ മുഖ്യമന്ത്രി പുറപ്പെട്ടു.

ഇതാണ് പ്രശ്‌നമായതെന്നാണ് വിശദീകരണം. എന്നാല്‍ മുഖ്യമന്ത്രി വീട്ടിലുള്ളപ്പോള്‍ എല്ലാ സംവിധാനവും അവിടെ വേണ്ടെന്ന എന്ന ചോദ്യമാണ് ഉയരുന്നത്. മുഖ്യമന്ത്രിയെത്തുന്ന പ്രദേശത്തെ എസ്പിയും സ്‌പെഷ്യല്‍ ബ്രാഞ്ചും ഇന്റലിജന്‍സും ഉള്‍പ്പെടെ കുറഞ്ഞത് അഞ്ച് ഡിവൈഎസ്പിമാരും സ്ഥലത്തെയും സമീപത്തെയും സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അകമ്പടിക്കെത്താറുണ്ട്.