ഇസ്ലാമാബാദ്: ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ പ്രകോപിതനായി പാക്കിസ്ഥാന്റെ ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ISPR) ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരി വനിതാ റിപ്പോര്‍ട്ടറെ നോക്കി കണ്ണിറുക്കിയത് വിവാദത്തില്‍. ഇമ്രാന്‍ ഖാനെക്കുറിച്ചുള്ള വനിതാ റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടി നല്‍കിയ ശേഷം അവരെ നോക്കി ഒരു കണ്ണിറുക്കി കാണിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ വളരെപ്പെട്ടെന്നുതന്നെ വൈറലായി. ഇമ്രാന്‍ ഖാന്റെ ആരോഗ്യസ്ഥിതി ചോദിച്ചു തുടങ്ങിയ റിപ്പോര്‍ട്ടര്‍ തുടര്‍ച്ചയായി ഇതുസംബന്ധമായ ചോദ്യങ്ങള്‍ ഉന്നയിക്കുകകായിരുന്നു.

പാക് ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി കഴിഞ്ഞ ദിവസം ഒരു പത്രസമ്മേളനത്തിനിടെയാണ് പത്രപ്രവര്‍ത്തകയായ അബ്‌സ കോമന് നേരെ കണ്ണിറുക്കിയത്. തടവില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കിയ ശേഷമായിരുന്നു ഈ പ്രവൃത്തി.

ഇമ്രാന്‍ ഖാനെതിരെ പാക് സര്‍ക്കാരിന്റെ ആരോപണങ്ങളെക്കുറിച്ചായിരുന്നു മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യം. ദേശീയ സുരക്ഷക്ക് ഭീഷണി, രാജ്യദ്രോഹി, ഇന്ത്യയുടെ കളിപ്പാവ തുടങ്ങിയ സൈന്യവും സര്‍ക്കാരും ഇമ്രാന്‍ ഖാനെതിരെ നടത്തിയ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നോ അതോ ഭാവിയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാമോ എന്നായിരുന്നു ചോദ്യം. ഇതിന് ഇമ്രാന്‍ ഖാന്‍ ഒരു മാനസിക രോഗിയാണ് എന്ന വാക്ക് കൂടി കൂട്ടിച്ചേര്‍ക്കുക എന്നായിരുന്നു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മറുപടി. ഇത് പറഞ്ഞ ശേഷം അദ്ദേഹം ചിരിക്കുകയും ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ കണ്ണിറുക്കുകയും ചെയ്തു.

ഈ പ്രവര്‍ത്തിയാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയും സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തത്. കാമറയുടെ മുന്നില്‍ വെച്ച് പരസ്യമായി ഇത് സംഭവിക്കുന്നു. പാക്കിസ്ഥാനില്‍ ജനാധിപത്യം അവസാനിച്ചു. പ്രധാനമന്ത്രി ഒരു കളിപ്പാവയാണ് എന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഇന്മാന്‍ ഖാന്‍ ഒരു നര്‍സിസ്റ്റ് ആണെന്നും, സൈന്യത്തിനെതിരെ വിഷം പ്രചരിപ്പിക്കുന്നുവെന്നും അഹമ്മദ് ഷെരീഫ് ചൗധരി പത്രസമ്മേളത്തില്‍ ആരോപിച്ചു. ജയിലില്‍ സന്ദര്‍ശിക്കുന്നവരെ സൈന്യത്തിനെതിരെ വിഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുകയാണെന്ന് ചൗധരി ആരോപിച്ചു. സൈന്യത്തോടുള്ള ശത്രുത ആളിക്കത്തിക്കാന്‍ ഖാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാക്കിസ്ഥാന്‍ സൈന്യവും ജനങ്ങളും തമ്മില്‍ ഭിന്നതയുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റാവല്‍പിണ്ടിയിലെ ആസ്ഥാനമുള്‍പ്പെടെയുള്ള സൈനിക സ്ഥാപനങ്ങള്‍ക്ക് നേരെയുണ്ടായ 2023 മെയ് 9-ലെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഖാനാണെന്ന സൈന്യത്തിന്റെ ആരോപണവും അദ്ദേഹം ആവര്‍ത്തിച്ചു.

'ആ തന്നിഷ്ടക്കാരന്‍ താന്‍ അധികാരത്തില്‍ ഇല്ലെങ്കില്‍ മറ്റൊന്നും നിലനില്‍ക്കരുതെന്നു വിശ്വസിച്ചു.' ഷെരീഫ് ചൗധരി കുറ്റപ്പെടുത്തി. ഇമ്രാന്‍ ഖാനെ ജയിലില്‍ സന്ദര്‍ശിക്കുന്നവര്‍ സൈന്യത്തിനെതിരെ വിഷം പരത്തുകയാണെന്നും ആരോപിച്ചു. ഇമ്രാന്‍ ഖാന് ഇന്ത്യയില്‍നിന്നു സഹായം ലഭിക്കുന്നുവോ എന്ന ചോദ്യത്തിനുള്ള മറുപടിക്കു ശേഷമായിരുന്നു സൈനിക വക്താവിന്റെ സൈറ്റടി. ഇതിനുമുമ്പ് റിപ്പോര്‍ട്ടര്‍ ഇമ്രാന്‍ ഖാനെതിരെ ഉയര്‍ന്നുവന്ന ദേശീയ സുരക്ഷാ ഭീഷണി, 'ഇന്ത്യയുടെ കളിപ്പാവ' തുടങ്ങിയ ആരോപണങ്ങളെക്കുറിച്ചും ചോദിച്ചിരുന്നു. 'ക്യാമറയുടെ മുന്നില്‍ പരസ്യമായി ഇതെല്ലാം നടക്കുന്നു. പാക്കിസ്ഥാനില്‍ ജനാധിപത്യം അവസാനിച്ചു. പ്രധാനമന്ത്രി ഒരു പാവയാണ്.' സാമൂഹിക മാധ്യമമായ എക്സില്‍ വീഡിയോയ്ക്ക് ഒരാള്‍ കമന്റായി എഴുതി.