- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഴക്കമ്പലത്ത് 'കണ്ണൂര്‍ മോഡല്‍' ബൂത്ത് പിടിത്തം; ട്വന്റി ട്വന്റിയെ തുടച്ചുനീക്കാന്‍ ഗൂഢാലോചന; ഒന്നിച്ചത് 25പാര്‍ട്ടികളുടെ സഖ്യം; കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും നിയന്ത്രിക്കുന്നത് ശ്രീനിജന്‍; മാധ്യമ പ്രവര്‍ത്തകര്‍ ഇല്ലായിരുന്നെങ്കില്‍ ആക്രമിക്കപ്പെടുമായിരുന്നുവെന്നും സാബു എം ജേക്കബ്
കൊച്ചി: കിഴക്കമ്പലത്ത് കണ്ണൂര്‍ മോഡല്‍ ബൂത്ത് പിടിത്തം നടന്നുവെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. ട്വന്റി ട്വന്റിയെ തുടച്ചുനീക്കാന്‍ ഗൂഢാലോചന നടന്നു. കോണ്‍ഗ്രസും സിപിഎമ്മും ഒത്തുകളിച്ചുവെന്നും ഇരുവരെയും നിയന്ത്രിക്കുന്നത് ശ്രീനിജന്‍ എംഎല്‍എയാണെന്നും സാബു എം.ജേക്കബ് ആരോപിച്ചു.
ട്വന്റി 20ക്കെതിരെ ഒന്നിച്ചത് 25പാര്‍ട്ടികളുടെ സഖ്യമാണ്. ട്വന്റി 20യെ ഇല്ലാതാക്കലായിരുന്നു ഇരു മുന്നണികളുടെയും ലക്ഷ്യം. ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ല. ക്യാമറ കൈകാര്യം ചെയ്യേണ്ടവര്‍ക്കുള്ള പാസുകള്‍ മുക്കി. കണ്ണൂര്‍ മോഡലില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു. എല്‍ഡിഎഫും- യുഡിഎഫും സംയുക്തമായാണ് മത്സരിച്ചത്. ശ്രീനിജന്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് ഈ സഖ്യം പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും നിയന്ത്രിക്കുന്നത് ശ്രീനിജന്‍ ആണെന്നും സാബു എം ജേക്കബ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥരെയും പൊലീസിനെയും സ്വാധീനിച്ചു. താന്‍ വോട്ട് ചെയ്യുന്ന ബൂത്തില്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. വോട്ട് ചെയ്യുമ്പോള്‍ പോലും ബഹളം ഉണ്ടാക്കി. പുറത്തേക്ക് വന്നപ്പോള്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. പാസുമായി വന്ന മാധ്യമങ്ങളെ ആക്രമിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ ഇല്ലായിരുന്നെങ്കില്‍ താന്‍ ആക്രമിക്കപ്പെടുമായിരുന്നു. ആ പദ്ധതി പാളിയത് കൊണ്ടാണ് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത്.
ഈ തിരഞ്ഞെടുപ്പോടു കൂടി കേരളത്തില്‍ നിന്നും ട്വന്റി20 യെ തുടച്ചു നീക്കുക എന്ന ലക്ഷ്യമായിരുന്നു ഇവര്‍ക്ക്. രണ്ടു മാസമായി സിപിഎമ്മിന്റെ നേതൃത്വത്തിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും പ്രതിപക്ഷ നേതാവ് അടക്കം ഉള്‍പ്പെട്ട വലിയ ഗൂഢാലോചന നടന്നു.
ജനാധിപത്യം അട്ടിമറിക്കാന്‍ നടത്തിയ ഗൂഢാലോചനയാണിത്. ഇവിടെ കോണ്‍ഗ്രസിനും സിപിഎമ്മിനും പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളില്ല. ഇരുകൂട്ടര്‍ക്കും സ്ഥാനാര്‍ഥിയും നേതൃത്വവും ഒന്നാണ്. ശ്രീനിജന്‍ ഇന്നും കോണ്‍ഗ്രസാണോ സിപിഎമ്മണോ എന്നറിയില്ല. രണ്ടിന്റെയും നേതൃത്വം ശ്രീനിജനാണെന്നും സാബു ആരോപിച്ചു.
മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത് സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. മറ്റു ബൂത്തുകളില്‍ നിന്ന് വരെ ആളുകള്‍ എത്തി. തന്നെ ആക്രമിക്കാനാണ് ഇവര്‍ സംഘടിച്ചെത്തിയത്. ആ ശ്രമം പരാജയപ്പെട്ടതോടെ മാധ്യമങ്ങള്‍ക്കെതിരെ തിരിയുകയായിരുന്നുവെന്നും സുരക്ഷ ഉറപ്പാക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്നും സാബു എം ജേക്കബ് പറഞ്ഞു.
ഇന്നലെ ആദ്യ ഘട്ട വോട്ടെടുപ്പിനിടെ കുന്നത്തുനാട് സാബു എം ജേക്കബ് വോട്ട് ചെയ്തിറങ്ങിയ ബൂത്തിന് പുറത്ത് സംഘര്‍ഷമുണ്ടായിരുന്നു. സാബുവിന്റെ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരെ ഒരുകൂട്ടം തടയുകയും കയ്യാങ്കളി ഉണ്ടാവുകയും ചെയ്തിരുന്നു.




