തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസില്‍ രണ്ടാം പ്രതിയും രാഹുലിന്റെ സുഹൃത്തുമായ ജോബി ജോസഫ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. രാഹുലിന്റെ അടുത്ത സുഹൃത്തും അടൂര്‍ സ്വദേശിയായ ജോബി ജോസഫ് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഗര്‍ഭച്ഛിദ്രം നടത്താനുള്ള ഗുളിക യുവതി ആവശ്യപ്പെട്ടത് പ്രകാരം എത്തിച്ച് നല്‍കിയെന്നാണ് ജോബിയുടെ വാദം. മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ജോബി ഹര്‍ജിയില്‍ പറയുന്നു. ഇത് സംബന്ധിച്ച ചാറ്റുകളും കോടതിയില്‍ ഹാജരാക്കി.

യുവതിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് ജോബി ജോസാണ് എന്നായിരുന്നു പരാതിക്കാരി ഉന്നയിച്ചിരുന്നത്. പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് മരുന്ന് എത്തിച്ചതെന്നാണ് ജോബിയുടെ വാദം. മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ജോബി ഹര്‍ജിയില്‍ പറയുന്നു. ഇത് സംബന്ധിച്ച ചാറ്റുകളും കോടതിയില്‍ ഹാജരാക്കി. കേസില്‍ രണ്ടാം പ്രതിയാണ് ജോബി ജോസഫ്. ഹര്‍ജിയില്‍ കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തേടി. കേസ് പരിഗണിക്കുന്നത് 17ലേക്ക് മാറ്റി.

നിര്‍ബന്ധിത ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട് പരാതിക്കാരി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോബി ജോസഫിനെതിരേ കേസെടുത്തത്. ഗര്‍ഭച്ഛിദ്രം നടത്തിയത് ഗുളിക കഴിച്ചാണെന്നും രാഹുലിന്റെ സുഹൃത്തായ ജോബിയാണ് ഈ ഗുളികകള്‍ എത്തിച്ചു നല്‍കിയതെന്നുമാണ് പോലീസിന് നല്‍കിയ 20 പേജ് വരുന്ന മൊഴിയില്‍ അതിജീവിത പറയുന്നത്. ഗുളിക കഴിച്ച വിവരം രാഹുല്‍ വീഡിയോ കോളിലൂടെ ഉറപ്പാക്കിയതായും മൊഴിയുണ്ട്.

വലിയമല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ രാഹുലിനെതിരെ വിവാഹവാഗ്ദാനം നല്‍കി ലൈംഗിക പീഡനം, നിര്‍ബന്ധിത ഭ്രൂണഹത്യ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഒരു ജനപ്രതിനിധിക്കെതിരെ ലൈംഗിക പീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും, വസ്തുതകള്‍ പൂര്‍ണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം. സമൂഹത്തില്‍ മാതൃകാപരമായി പെരുമാറേണ്ട ഒരു എംഎല്‍എക്കെതിരെയാണ് പരാതി. ഈ സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

ഹോംസ്റ്റേയില്‍ പീഡിപ്പിച്ചെന്നാരോപിച്ചുള്ള കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കു ഇന്നലെ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. 3 മാസത്തേക്ക് ഒന്നിടവിട്ടുള്ള തിങ്കളാഴ്ചകളില്‍ അന്വേഷണസംഘത്തിനു മുന്‍പില്‍ ഹാജരാകണം. ഇതിനുപുറമേ, എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ്.നസീറ നിര്‍ദേശിച്ചു. രാഹുലിനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും ഉത്തരവിലുണ്ട്. പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.