ഇംഗ്ലണ്ടില്‍ ഇപ്പോള്‍ ഊബര്‍ ഈറ്റ്സിന് വേണ്ടി ഭക്ഷണമെത്തിക്കാന്‍ റോബോട്ടുകള്‍ നിരത്തിലിറങ്ങി. ലീഡ്സ് പോലെയുള്ള മേഖലകളില്‍ റെയിന്‍ഡിയര്‍ കൊമ്പുകളുമായി റോബോട്ടുകള്‍ ഇപ്പോള്‍ ഉബര്‍ ഈറ്റ്സിന് ഭക്ഷണം എത്തിക്കാന്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ ഊബര്‍ നേരത്തേ തന്നെ ഭക്ഷണ വിതരണത്തിനായി റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ യൂറോപ്പില്‍ ഉബര്‍ ഈറ്റ്സിനായി അവര്‍ അങ്ങനെ ചെയ്യുന്നത് ഇതാദ്യമാണ്. അതേ സമയം ഉപഭോക്താക്കള്‍ക്ക് റോബോട്ടാണോ അതോ ആളുകള്‍ നേരിട്ടാണോ ഭക്ഷണം എത്തിക്കേണ്ടത് എന്ന കാര്യത്തില്‍ അവരുടെ, ഇഷ്ടം തെരഞ്ഞെടുക്കാം. മില്‍ട്ടണ്‍ കീന്‍സ്, കേംബ്രിഡ്ജ്, ലീഡ്സ് എന്നിവയുള്‍പ്പെടെ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന നഗരങ്ങളില്‍ റോബോട്ടുകള്‍ ജനപ്രിയമാണെന്ന് റോബോട്ടുകള്‍ നിര്‍മ്മിക്കുന്ന സ്റ്റാര്‍ഷിപ്പ് ടെക്നോളജീസിന്റെ വൈസ് പ്രസിഡന്റ് ലിസ ജോണ്‍സ്റ്റണ്‍ വെളിപ്പെടുത്തി.

ആളുകള്‍ക്ക് റോബോട്ടുകളെ ഇഷ്ടമാണ് എന്നും അവ ഭംഗിയുള്ളവയാണ് എന്നുമാണ് അവര്‍ പറയുന്നത്. ആളുകള്‍ അവയെ വളര്‍ത്തുമൃഗങ്ങളെയോ കൊച്ചുകുട്ടികളെയോ പോലെയാണ് പരിഗണിക്കുന്നത് എന്നുമാണ് അവര്‍ പറയുന്നത്. ലീഡ്‌സിനായുള്ള ഉബര്‍ ഈറ്റ്‌സ് ഫ്ലീറ്റില്‍ ഇപ്പോള്‍ 15 റോബോട്ടുകള്‍ മാത്രമേ ഉണ്ടാകൂ. എന്നാല്‍ ഇതുവരെയുള്ള റോബോട്ട് വിപ്ലവത്തിന്റെ വേഗത കണക്കിലെടുത്ത് മറ്റ് നഗരങ്ങളിലും ഇത്് വ്യാപകമാകും. ഒറ്റ ചാര്‍ജില്‍ അവര്‍ക്ക് 18 മണിക്കൂര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. പക്ഷേ അവരുടെ ഉബര്‍ ഈറ്റ്സ് ഡെലിവറി ചെയ്യാന്‍ ആരും അത്രയും സമയം കാത്തിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ അവ വളരെ കാര്യക്ഷമമാണ്. പരമാവധി 2 കിലോമീറ്റര്‍ ദൂരത്തേയ്ക്കാണ് റോബോട്ടുകള്‍ സേവനം നല്‍കുന്നത്.

ഈ വര്‍ഷം ലീഡ്സില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത വിഭവങ്ങളില്‍ സ്മാഷ് ബര്‍ഗറുകള്‍, ഗ്രീക്ക് റാപ്പുകള്‍, പാഡ് തായ്, ചോക്ലേറ്റ് ചിപ്പ് കുക്കി ഡോ എന്നിവ ഉള്‍പ്പെടുന്നുവെന്ന് ഉബര്‍ ഈറ്റ്സ് പറഞ്ഞു. ഊബര്‍ ഇത്തരത്തില്‍ ഇതിനകം ആഗോളതലത്തില്‍ 9 ദശലക്ഷത്തിലധികം ഡെലിവറികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.