- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിജീവിതയുടെ സ്വര്‍ണമോതിരം തിരികെ നല്‍കണം; പിഴയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവതയ്ക്ക് നല്‍കണം; പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്‍ ജാഗ്രതയോടെ സൂക്ഷിക്കണമെന്നും കോടതി; പള്‍സര്‍ സുനിക്ക് ഇനി ജയിലില്‍ കഴിയേണ്ടി വരിക പന്ത്രണ്ടരക്കൊല്ലം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കും പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം തള്ളിയാണ് 20 വര്‍ഷം കഠിനതടവ് വിധിച്ചത്. ഇതോടെ പള്‍സര്‍ സുനിക്ക് ഇനി പന്ത്രണ്ടരക്കൊല്ലം മാത്രം ജയില്‍ ശിഷ അനുഭവിച്ചാല്‍ മതിയാകും. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികള്‍ വിചാരണ കാലയളവിലും ജയില്‍വാസം അനുഭവിച്ചിരുന്നു. പള്‍സര്‍ സുനി ഏഴുവര്‍ഷവും മാര്‍ട്ടിന്‍ ആന്റണി 7 വര്‍ഷവും മണികണ്ഠന്‍ മൂന്നര വര്‍ഷം, വിജീഷ് വി പി മൂന്നര വര്‍ഷം, വടിവാള്‍ സലിം രണ്ടുവര്‍ഷം, പ്രദീപ് രണ്ടുവര്‍ഷവുമാണ് ശിക്ഷ നിലവില്‍ അനുഭവിച്ചത്. ശിക്ഷ സംബന്ധിച്ച് പ്രതികള്‍ക്ക് പറയാനുളളത് കോടതി ആദ്യം കേള്‍ട്ടിരുന്നു. തുടര്‍ന്ന് പ്രോസിക്യൂഷനും പ്രതിഭാഗവും ശിക്ഷ സംബന്ധിച്ച് വാദം നടത്തി. ഇതിനുശേഷമാണ് ശിക്ഷാ പ്രഖ്യാപനം നടന്നത്. എല്ലാ പ്രതികളില്‍നിന്നും 50,000 രൂപ വീതം പിഴ ഈടാക്കും. കൂടാതെ 5 ലക്ഷം രൂപ ഇരയ്ക്ക് നല്‍കണമെന്നും കോടതി പറഞ്ഞു. ജീവപരന്ത്യം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ആയിരുന്നു ആറു പ്രതികള്‍ക്കുമെതിരെ തെളിഞ്ഞിരുന്നത്. കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു.
പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷ വിധിച്ചത്. പള്‍സര്‍ സുനിയെ കൂടാതെ, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ തെളിഞ്ഞിത്. ഇന്ന് 11.30-ഓടെയാണ് കേസില്‍ വാദം തുടങ്ങിയത്. കൂട്ടബലാത്സംഗം അടക്കം തെളിയിക്കപ്പെട്ടിട്ടുള്ള കേസില്‍ ശിക്ഷാവിധിയിന്മേലുള്ള വാദമാണ് ഇന്ന് നടന്നത്. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലീം, പ്രദീപ് എന്നീ ആറുപ്രതികളേയും കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതികള്‍ക്ക് പരാമധി ശിക്ഷ നല്‍കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ശിക്ഷയില്‍ ഇളവ് നല്‍കണമെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടത്. ഇരുപക്ഷത്തിന്റെയും വാദം കേട്ടശേഷം അഞ്ച് മണിയോടെയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഇവര്‍ക്കെതിരേ കൂട്ടബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്.
തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകള്‍ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുക അതിജീവിതയ്ക്ക് കൈമാറണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കേസിലെ ഏറ്റവും കുറഞ്ഞ ചികിത്സയാണ് ലഭിച്ചത്. പ്രതികള്‍ വിചാരണ തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 376 ഡി. കൂട്ടബലാത്സംഗം, ഐപിസി 366 സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍, ഐപിസി 342 അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഐപിസി 354 സ്ത്രീയുടെ മാന്യതക്ക് ഭംഗം വരുത്തണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം, ഐപിസി 354(B) സ്ത്രീയെ നഗ്‌നയാക്കുക എന്ന ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം, ഐപിസി 357 ക്രിമിനല്‍ ബലപ്രയോഗം, ഇതിന് പുറമെ ഐടി നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുണ്ടായിരുന്നു.
പെന്‍ഡ്രൈവ് സൂക്ഷിക്കണം
കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്‍ സൂക്ഷിക്കണം. ഇരയുടെ സ്വകാര്യതയെ ഒരുതരത്തിലും ബാധിക്കാത്ത വിധത്തില്‍ ഇവ സൂക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു. അതിജീവിതയുടെ വിവാഹനിശ്ചയ മോതിരം തിരികെ നല്‍കണമെന്നും കോടതി വിധിച്ചു. തൊണ്ടിമുതലിന്റെ ഭാഗമായുള്ള മോതിരമാണ് അതിജീവിതക്ക് തിരികെ നല്‍കേണ്ടത്. മോതിരം കാണത്തക്ക വിധത്തിലാണ് പ്രതികള്‍ കൂട്ടബലാത്സംഗം നടന്ന ദിവസത്തില്‍ അതിജീവിതയുടെ വിഡിയോ ചിത്രീകരിച്ചത്.
നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ എട്ടാംപ്രതി നടന്‍ ദിലീപ് ഉള്‍പ്പെടെ നാലുപ്രതികളെ കോടതി വെറുതേ വിട്ടിരുന്നു. ദിലീപിനെതിരേയുള്ള ക്രിമിനല്‍ ഗൂഢാലോചനക്കുറ്റവും തെളിവ് നശിപ്പിച്ചെന്ന കുറ്റവും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. നടിയെ ആക്രമിക്കപ്പെട്ട കേസില്‍ വിട്ടയക്കപ്പെട്ടെങ്കിലും ഒന്‍പതാം പ്രതി സനില്‍കുമാര്‍ പോക്‌സോ കേസില്‍ പ്രതിയായതിനാല്‍ ജയിലില്‍ തുടരും.
എന്താണ് പറയാനുള്ളതെന്നു ജഡ്ജി പ്രതികളോട് ചോദിച്ചപ്പോള്‍ ശിക്ഷാകാലയളവ് കുറക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. തനിക്ക് അമ്മ മാത്രമേയുള്ളൂവെന്നാണ് പള്‍സര്‍ സുനി പറഞ്ഞത്. തന്റെ മാതാപിതാക്കള്‍ വാര്‍ധക്യലെത്തിയെന്നും താനാണ് കുടുംബം നോക്കുന്നതെന്നും രണ്ടാംപ്രതി മാര്‍ട്ടിന്‍ പറഞ്ഞു.
കോടതിയില്‍ മാര്‍ട്ടിന്‍ പൊട്ടിക്കരഞ്ഞുവെന്നാണ് വിവരം. തങ്ങള്‍ നിരപരാധിയാണെന്ന് മാര്‍ട്ടിനും മൂന്നാം പ്രതിയായ ബി മണികണ്ഠനും പറഞ്ഞു. തനിക്ക് ചെറിയ കുട്ടികളുണ്ടെന്നും മണികണ്ഠന്‍ പറഞ്ഞു. പ്രതികള്‍ക്ക് ജീവപര്യന്തം നല്‍കണമെന്നും ഇളവുകള്‍ നല്‍കരുതെന്നും പ്രാസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയാണ് നടിയെ ആക്രമിച്ചത്. മറ്റുള്ളവര്‍ ഗൂഢാലോചനയില്‍ പങ്കാളിയായി.
ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി നടന്‍ ദിലീപ്, ഒന്‍പതാം പ്രതി സനില്‍കുമാര്‍, പത്താം പ്രതി ശരത് ജി. നായര്‍ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. ഒന്നാംപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ പത്തു പ്രതികളാണ് രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട കേസിലുണ്ടായിരുന്നത്.
നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നകേസില്‍ വിധിവരുന്നത് സംഭവം നടന്ന് എട്ടുവര്‍ഷത്തിനുശേഷമാണ്. 2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷന്‍ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യം പകര്‍ത്തിയെന്നാണ് കേസ്.




