കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റക്കാരായ ആറ് പ്രതികള്‍ക്കും കൂട്ട ബലാല്‍സംഗത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമം അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണ് ലഭിച്ചത്. പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയുമാണ് ലഭിച്ചതെങ്കിലും വിചാരണക്കാലത്ത് അനുഭവിച്ച തടവു കുറച്ച് ശിക്ഷ അനുഭവിച്ചാല്‍ മതി. അതിനാല്‍ തന്നെ ഒന്നാം പ്രതി പള്‍സര്‍ സുനി ആദ്യം ജയില്‍ മോചിതനാകും. ശിക്ഷ കുറഞ്ഞതില്‍ പ്രോസിക്യൂഷനും നിരാശ പ്രകടിപ്പിച്ചിരുന്നു. ഇത്തരം ഹീനമായ കുറ്റകൃത്യത്തിന് കുറഞ്ഞ ശിക്ഷ നല്‍കുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് വിധി കേട്ട ശേഷം പ്രോസിക്യൂഷന്‍ പുറത്തു വന്നു പ്രതികരിച്ചു.

അതേസമയം ഒരു പെണ്ണിന്റെ മാനത്തിന് കോടതി 500000 രൂപയാണ് വിലയിട്ടതെന്ന് ശിക്ഷാവിധിയോട് പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പ്രതികരിച്ചു. പെണ്ണിന്റെ മാനത്തിന് അഞ്ച് ലക്ഷം രൂപയാണോ വിലയെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. ഇതെന്ത് രാജ്യമാണെന്ന് തോന്നിപോകുന്നു. നിയമത്തിന് മുന്നില്‍ ഇത് ചെയ്തവരെല്ലാവരും നിഷ്‌കളങ്കരും അവള്‍ വലിയ കുറ്റക്കാരിയുമെന്ന പോലെയായെന്നും ഭാഗ്യലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കുട്ടികളോട് കുറുമ്പ് കാണിക്കരുതെന്ന് പറഞ്ഞ് ശാസിക്കുന്നത് പോലെയാണ് വിധി കേട്ടിട്ട് തോന്നുന്നതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ആറ് മണി കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ എല്ലാം വീട്ടില്‍ ഇരുന്നോള്ളൂ, കുറ്റക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷയെ ലഭിക്കൂ എന്ന തെറ്റായ സന്ദേശമാണ് വിധി നല്‍കുന്നത്. ശിക്ഷാവിധിയില്‍ പൂര്‍ണനിരാശയാണെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

ഇങ്ങനെയാണെങ്കില്‍ മറ്റ് പ്രതികളെ പോലെ ഈ പ്രതികളെയും വെറുതെ വിട്ടാല്‍ മതിയായിരുന്നു. വിധിക്കെതിരെ നമ്മള്‍ ഒന്നും പറയാനും പാടില്ല. എന്തെങ്കിലും പറഞ്ഞാല്‍ നമുക്കെതിരെ കേസ് വരും. വായ കെട്ടിവെച്ചിരിക്കുകയാണ്, മിണ്ടിപ്പോകരുത് എന്ന് പറഞ്ഞ്. ഇതെന്തു രാജ്യമാണെന്ന് തോന്നിപ്പോവുകയാണ്. അതിക്രമം ചെയ്തവരെല്ലാം നിഷ്‌കളങ്കരും അതിജീവിത ഒരു വലിയ കുറ്റക്കാരിയും പോലെയായിപ്പോയി വിധി കേട്ടപ്പോള്‍. ആ രാത്രി അവള്‍ കാറില്‍ സഞ്ചരിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ അതിജീവിതയുടെ കൂടെയായിരുന്നു ഇത്രയും ദിവസം. ഇപ്പോഴാണ് മടങ്ങിയത്. വിധിയില്‍ പൂര്‍ണമായും നിരാശയാണ്. അതിജീവിത വീട്ടിലുണ്ട്. എനിക്ക് അവളെ വിളിക്കാന്‍ പേടിയാണ്. അവള്‍ക്ക് അവളെ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റില്ല.

സമൂഹത്തിന്റെ പ്രതികരണം നോക്കി ശിക്ഷ വിധിക്കാന്‍ പറ്റില്ല എന്നൊക്കെയാണ് കോടതി പറയുന്നത്. നാളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ഒരു രാമന്‍പിള്ളയെ വച്ച് ചെറിയ ശിക്ഷ വാങ്ങി പുറത്തിറങ്ങാം. 'നല്ലൊരു' സന്ദേശമല്ലേ സമൂഹത്തിനു കൊടുക്കുന്നത്. പെണ്‍കുട്ടികളോട് ആറു മണി കഴിഞ്ഞാല്‍ നിങ്ങള്‍ വീട്ടിലിരുന്നോളൂ പുറത്തിറങ്ങിയാല്‍, നിങ്ങള്‍ക്കൊക്കെ ഇതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടാകും. പ്രതികള്‍ക്ക് കുറഞ്ഞ ശിക്ഷ ലഭിച്ചതില്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരാശ കലര്‍ന്ന പ്രതികരണമാണ് ഉയരുന്നത്. അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ ആത്മവീര്യം ചോര്‍ത്തുന്ന വിധിയാണിതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.