കൊച്ചി: ഇത്രയുംനാള്‍ പോരാടിയ അതിജീവിതയ്ക്ക് അതിനുള്ള മറുപടി പോലും കോടതിയില്‍നിന്ന് ലഭിച്ചില്ലെന്ന് ഉമാ തോമസ് എംഎല്‍എ. സെന്‍ഷേണല്‍ കേസില്‍ വിധിവരുമ്പോള്‍ സമൂഹത്തിന് ഒരു സന്ദേശം ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍, ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇരക്ക് നീതി കിട്ടിയില്ല. നീതി കിട്ടുമോയെന്ന സംശയം അതിജീവിത പങ്കുവെച്ചിരുന്നു. ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്നും ഉമ തോമസ് പറഞ്ഞു.

സെന്‍ഷേണല്‍ കേസില്‍ വിധിവരുമ്പോള്‍ സമൂഹത്തിന് ഒരു സന്ദേശം കൊടുക്കണം. നിര്‍ഭയ കൊലക്കേസുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമം അനുസരിച്ച് ഇതിനേക്കാള്‍ കുറഞ്ഞ ശിക്ഷ കൂട്ടബലാത്സംഗത്തിന് കൊടുക്കാന്‍ പറ്റില്ല. ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. ജീവപര്യന്തമെങ്കിലും പ്രതികള്‍ക്ക് ലഭിക്കുമെന്ന് വിചാരിച്ചിരുന്നു.

കോടതിയെ മാനിക്കാതെയല്ല. സങ്കടമാണ് പറയുന്നത്. ഒരു കുട്ടി വഴിയില്‍ അപമാനിക്കപ്പെട്ടിട്ട് ഇത്രയും നാള്‍ ഇതിനും വേണ്ടി പോരാടിയിട്ടും അതിനുള്ള മറുപടി പോലും ആ കുട്ടിക്ക് ലഭിച്ചില്ല. നാടിനുവേണ്ടി സന്ദേശം നല്‍കാന്‍, എട്ട് വര്‍ഷമായി ദുഃഖം മുഴുവന്‍ സഹിക്കുന്ന അവള്‍ക്ക് നീതി ലഭിച്ചില്ല. ആലോചിച്ചുറച്ച് വളരെ ആസൂത്രണത്തോടെ നടത്തിയിരിക്കുന്ന ക്രിമിനല്‍ ഗൂഢാലോചനയാണ് എന്ന കാര്യത്തില്‍ സംശയമില്ല, ഉമാ തോമസ് എംഎല്‍എ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ് ആണ് വിധിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി.എം.വര്‍ഗീസ് ആണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ 50,000 രൂപ പിഴയും അടയ്ക്കണം. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠന്‍, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ക്കാണ് കൂട്ടബലാത്സംഗ കേസില്‍ 20 വര്‍ഷം കഠിനതടവ് വിധിച്ചിരിക്കുന്നത്.

ശിക്ഷ കുറഞ്ഞതിന് എതിരെ രൂക്ഷ പ്രതികരണവുമായി അതിജീവിതയുടെ അഭിഭാഷക ടിബി മിനി രം?ഗത്തെത്തിയത്. അപമാനഭാരത്താല്‍ തല കുനിക്കുന്നു എന്നായിരുന്നു ടി.ബി മിനിയുടെ പ്രതികരണം. കേസിലെ ശിക്ഷാവിധി ദിനത്തിലും നാടകീയത നിറഞ്ഞുനിന്നു. സമൂഹത്തിന് വേണ്ടിയാണോ വിധിയെഴുതേണ്ടതെന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. യഥാര്‍ത്ഥ കുറ്റവാളി മറഞ്ഞിരുപ്പുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. വാദത്തിനിടെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയും ആറാം പ്രതി പ്രദീപും പൊട്ടി കരഞ്ഞു. നീണ്ടുനിന്ന വാദങ്ങള്‍ക്കൊടുവിലാണ് കേരളത്തെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതി വിധി പറഞ്ഞത്.