- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണ് വക്രീകരിച്ചുള്ള ഫോട്ടോ; ഒപ്പം ഏഷ്യന്‍ വംശജരെ അധിക്ഷേപിക്കുന്ന പോസ്റ്റും; ജര്‍മ്മന്‍ സോഷ്യല്‍ മീഡിയ ആപ്പില്‍ പങ്കുവച്ച പ്രതികരണം സൗന്ദര്യറാണിയുടെ താരകിരീടം തെറുപ്പിച്ചു; മിസ് ഫിന്‍ലന്‍ഡിന് കിരീടം ചൂടി മൂന്ന് മാസത്തിനകം സാറാ ഡ്സാഫ്സെക്കെതിരെ കര്‍ശന നടപടി
ഹെല്‍സിങ്കി: വംശീയാധിക്ഷേപം നടത്തിയതിനെ തുടര്‍ന്ന് മിസ് ഫിന്‍ലന്‍ഡ് കിരീടം നേടിയ സുന്ദരിക്കെതിരെ നടപടി. വെറും മൂന്ന് മാസം മുമ്പ് കിരീടം ചൂടിയ സാറാ ഡ്‌സാഫ്സെയെയാണ് (Sarah Dzafce) പദവിയില്‍ നിന്ന് നീക്കിയത്. ഏഷ്യന്‍ വംശജരെ അധിക്ഷേപിക്കുന്ന തരത്തില്‍ കണ്ണ് വക്രീകരിച്ച് കാണിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതാണ് വിവാദമായത്. ജര്‍മ്മന്‍ സോഷ്യല്‍ മീഡിയ ആപ്പായ ജോഡലില്‍ (Jodel) സാറാ ഡ്‌സാഫ്സെ ഒരു ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു. ചിത്രത്തില്‍, വിരലുകള്‍ ഉപയോഗിച്ച് കണ്ണിന്റെ കോണുകള്‍ വലിച്ച് പിടിച്ച് ഏഷ്യന്‍ വംശജരെ കളിയാക്കുന്ന 'ചരിഞ്ഞ കണ്ണിന്റെ' ആംഗ്യം അവര്‍ കാണിച്ചു. ഇതിന് താഴെ നല്‍കിയ അടിക്കുറിപ്പ് 'kiinalaisenkaa syömäs' എന്നായിരുന്നു. 'ഒരു ചൈനക്കാരനൊപ്പം ഭക്ഷണം കഴിക്കുന്നു' എന്ന അര്‍ത്ഥം വരുന്ന രീതിയിലായിരുന്നു പ്രതികരണം.
ഈ ആംഗ്യം ഏഷ്യന്‍ ജനതയോടുള്ള അധിക്ഷേപമായി കണക്കിലെടുത്താണ് നടപടി. വംശീയ വിവാദത്തെത്തുടര്‍ന്ന്, സെപ്റ്റംബറില്‍ കിരീടം നേടിയ സാറാ ഡ്‌സാഫ്സെയെ മിസ് ഫിന്‍ലന്‍ഡ് പദവിയില്‍ നിന്ന് നീക്കാന്‍ സംഘടന തീരുമാനിക്കുകയായിരുന്നു. വംശീയതയോ ഏതെങ്കിലും തരത്തിലുള്ള വിവേചനപരമായ പെരുമാറ്റമോ അംഗീകരിക്കില്ലെന്ന് മിസ് ഫിന്‍ലന്‍ഡ് ഓര്‍ഗനൈസേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. സെപ്റ്റംബറിലെ മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ താരാ ലെഹ്തോണെന്‍ (Tara Lehtonen) പുതിയ മിസ് ഫിന്‍ലന്‍ഡായി കിരീടം ഏറ്റെടുത്തു.
സാറാ ഡ്‌സാഫ്സെ പത്രസമ്മേളനത്തില്‍ തന്റെ പ്രവൃത്തിയില്‍ ക്ഷമ ചോദിച്ചു. 'സോഷ്യല്‍ മീഡിയയിലെ എന്റെ പ്രവൃത്തികളിലൂടെ ഞാന്‍ വേദനിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത എല്ലാവരോടും എനിക്ക് അതിയായ ദുഃഖമുണ്ട്,' ഫിന്നിഷ് നഗരമായ ഔലുവില്‍ ജനിച്ച മോഡല്‍ പറഞ്ഞു
മിസ് ഫിന്‍ലന്‍ഡ് പദവി ഏറ്റെടുത്ത താരാ ലെഹ്തോണെന്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇങ്ങനെ കുറിച്ചു: 'ഞാന്‍ ഇന്ന് മിസ് ഫിന്‍ലന്‍ഡ് 2025 കിരീടം സ്വീകരിച്ചിരിക്കുന്നു. അഭിമാനത്തോടെയും വലിയ ബഹുമാനത്തോടെയും ഞാന്‍ ഈ പദവി വഹിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഇത് തികച്ചും അസാധാരണമായ ഒരു സാഹചര്യമാണ്. എന്റെ യാത്ര പതിവായിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ഈ തുടക്കം പരമ്പരാഗതമല്ലെങ്കിലും, ഇത് ഒരു അവസരമാക്കി മാറ്റി, എന്റെ കര്‍ത്തവ്യം നന്നായി നിര്‍വഹിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും.'




