- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര വിവരാവകാശ കമ്മീഷണറായി പി ആര്‍ രമേശ്; പദവിയിലെത്തുന്ന ആദ്യ മലയാളിയായി തിരുവല്ല മണ്ണന്കരച്ചിറ സ്വദേശി; ഓപ്പണ്‍ മാഗസിന്‍ മാനേജിങ് എഡിറ്റര്‍; ഒഴിവുകള്‍ നികത്തുന്നത് മുപ്പതിനായിരത്തിലധികം കേസുകള്‍ കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തില്‍
ന്യൂഡല്‍ഹി: കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ആയി മലയാളയായ പി ആര്‍ രമേശ് നിയമിതനായി. ഓപ്പണ്‍ മാഗസിന്‍ മാനേജിങ് എഡിറ്ററാണ് പി ആര്‍ രമേശ്. ആദ്യമായാണ് ഒരു മലയാളി ഈ പദവിയില്‍ നിയമിതനാകുന്നത്. തിരുവല്ല മണ്ണന്‍കരച്ചിറയില്‍ പുത്തൂര്‍ കുടുംബാംഗമാണ് ഇദ്ദേഹം. പ്രേം ഭാട്ടിയ, റെഡ് ഇങ്ക് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. എക്കണോമിക് ടൈംസ് നാഷണല്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ ആയിരുന്നു.
അച്ഛന്‍ പരേതനായ പ്രൊഫ പി രാമദാസ് (എന്‍എസ്എസ് കോളേജ് ), അമ്മ പരേതയായ അമ്മുണ്ണികുട്ടി അമ്മ (എന്‍എസ്എസ് ട്രെയിനിങ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ്). ടൈംസ് ഓഫ് ഇന്ത്യയില്‍ സീനിയര്‍ എഡിറ്ററായ ഭാരതി ജെയ്ന്‍ ആണ് ഭാര്യ.
കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ മുപ്പതിനായിരത്തിലധികം കേസുകള്‍ കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തില്‍ അടിയന്തരമായി ഒഴിവുകള്‍ നികത്താനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ നടത്തിയിരുന്നു. ഹീരാലാല്‍ സാമരിയ വിരമിച്ചതിന് പിന്നാലെ സെപ്തംബര്‍ 13 മുതല്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ പദവി ഒഴിഞ്ഞുകിടക്കുകയാണ്. പത്തുപേര്‍ ഉണ്ടാകേണ്ട വിവരാവകാശ കമ്മീഷണര്‍മാരില്‍ നിലവില്‍ രണ്ടുപേര്‍ മാത്രമാണ് ഉള്ളത്. ബാക്കി എട്ടും 2023 നവംബര്‍ മുതല്‍ ഒഴിഞ്ഞുകിടക്കുകയാണ്.
ഈ ഒഴിവുകള്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിരവധി വിവരാവകാശ അപേക്ഷകളിലും പരാതികളിലും നടപടികള്‍ വെട്ടിക്കുറച്ചതായാണ് വിവരം. മുഖ്യ വിവരാവകാശ കമ്മിഷണര്‍ സ്ഥാനത്തേക്ക് 83 അപേക്ഷകളും, ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ സ്ഥാനത്തേക്ക് 161 അപേക്ഷകളും ലഭിച്ചിട്ടുണ്ടെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് അറിയിച്ചിരുന്നു.10 ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍മാരില്‍ ആനന്ദി രാമലിംഗം, വിനോദ് കുമാര്‍ തിവാരി എന്നിങ്ങനെ രണ്ട് പേര്‍ മാത്രമേ നിലവിലുള്ളു. എട്ട് ഒഴിവുകള്‍ നികത്താനുണ്ടായിരുന്നു.
മുഖ്യ വിവരാവകാശ കമ്മീഷണറുടെ നിയമനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച പേരുകളില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ സന്നിഹിതനായ യോഗത്തില്‍ മോദിക്ക് രാഹുല്‍ ഗാന്ധി വിയോജനക്കുറിപ്പ് നല്‍കിയിരുന്നു. കേന്ദ്രം മുന്നോട്ടുവെച്ച ഒരു പേരു പോലും രാഹുല്‍ ഗാന്ധി പിന്തുണച്ചിരുന്നില്ല. മുഖ്യ വിവരാവകാശ കമ്മീഷണറെയും വിവരാവകാശ കമ്മീഷണര്‍മാരെയും തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ അധ്യക്ഷന്‍ പ്രധാനമന്ത്രിയാണ്. പ്രതിപക്ഷ നേതാവും പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന ഒരു കേന്ദ്ര മന്ത്രിയുമായിരിക്കും പാനലിലെ മറ്റ് അംഗങ്ങള്‍. മുഖ്യ വിവരാവകാശ കമ്മീഷണര്‍, വിവരാവകാശ കമ്മീഷണര്‍മാര്‍ എന്നീ പദവികളിലേക്ക് ആളുകളെ കണ്ടെത്തുന്നതിനായിരുന്നു യോഗം ചേര്‍ന്നത്.




