സിഡ്നി: ജൂത മത ആഘോഷമായ ഹനുക്കയുടെ ആദ്യ രാത്രിയില്‍ സിഡ്നിയിലെ ഐക്കോണിക് ബോണ്ടി ബീച്ചില്‍ നടന്ന കൂട്ട വെടിവെപ്പില്‍ കുട്ടികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു. രണ്ട് തോക്കുധാരികളാണ് ആക്രമണം നടത്തിയത്. സംഭവം ഓസ്ട്രേലിയയില്‍ വന്‍ നടുക്കമുണ്ടാക്കിയിരിക്കുകയാണ്. 13 പേരെ സിഡ്നിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

പ്രാദേശിക സമയം വൈകുന്നേരം 6:30-ന് (ഇന്ത്യന്‍ സമയം ഏകദേശം 2:00 PM) ഹനുക്ക ആഘോഷത്തിനായി നൂറുകണക്കിന് ആളുകള്‍ ബീച്ചില്‍ തടിച്ചുകൂടിയ സമയത്താണ് വെടിവെപ്പുണ്ടായത്. കാംബെല്‍ പരേഡില്‍, ബോണ്ടി പവലിയന് സമീപമാണ് സംഭവം. ഏകദേശം 50 തവണ വെടിയുതിര്‍ത്തതായി ദൃക്സാക്ഷികള്‍ പറയുന്നു. കുട്ടികളെയും പ്രായമായവരെയുമടക്കം അക്രമി യാതൊരു ദയയുമില്ലാതെ ലക്ഷ്യം വെച്ചു.

10 പേര്‍ കൊല്ലപ്പെട്ടതായി ന്യൂ സൗത്ത് വെയില്‍സ് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരു അക്രമിയും ഉള്‍പ്പെടുന്നു. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് തോക്കുധാരികളാണ് ഉണ്ടായിരുന്നത്. രണ്ടുപേരും പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു.

ആക്രമണത്തിന്റെ വിശദാംശങ്ങള്‍

റൈഫിളുകളുമായി എത്തിയ രണ്ട് തോക്കുധാരികള്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി കാല്‍നടപ്പാലത്തിലൂടെ നടന്ന് ആള്‍ക്കൂട്ടത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. 30-ല്‍ അധികം വെടിയൊച്ചകള്‍ കേട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. 'ചാനുക്ക ബൈ ദ സീ' (Chanukah by the Sea) എന്ന പേരില്‍ കുട്ടികളടക്കം നിരവധിപേര്‍ പങ്കെടുത്ത ജൂത മതപരമായ ആഘോഷമാണ് ലക്ഷ്യമിട്ടത്.

സ്ഥലത്ത് ബോംബ് സ്‌ക്വാഡ്

വെടിവെപ്പ് നടന്ന സ്ഥലത്തുനിന്ന് സുരക്ഷാ ഭീഷണിയുള്ള വസ്തുക്കള്‍ കണ്ടെടുത്തതായി വൈകിട്ട് സ്ഥിരീകരിച്ചു. സംഭവ സ്ഥലത്തിന് സമീപത്തുനിന്ന് ഒരു ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി.) ഉള്‍പ്പെടെയുള്ള സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തി. പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ ഇവ പരിശോധിച്ചുവരികയാണ്.

ആക്രമണത്തിന് തൊട്ടുമുമ്പ് അക്രമികള്‍ ചില സൂചനകള്‍ നല്‍കിയതായി ദൃക്സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഈ ആളുകള്‍ അവരുടെ കാര്‍ നിര്‍ത്തി, വിന്‍ഡ് ഷീല്‍ഡില്‍ ഒരു ചിഹ്നമുള്ള കറുത്ത കൊടി വെച്ചു. എന്നിട്ട് കാല്‍നടപ്പാലത്തിലൂടെ നടന്ന് വെടിവെപ്പ് തുടങ്ങി,' ഒരു സാക്ഷി 'ഡെയ്ലി മെയിലിനോട്' പറഞ്ഞു. വെടിശബ്ദം കേട്ട് ആളുകള്‍ തീരത്ത് നിന്ന് അതിവേഗം ഓടുകയും കോണ്‍ക്രീറ്റ് മതിലുകള്‍ക്ക് പിന്നിലും, ചിലര്‍ രക്ഷപ്പെടാന്‍ കടലിലേക്കും ഓടുന്നത് കണ്ടതായി മറ്റ് ദൃക്സാക്ഷികള്‍ പറഞ്ഞു. വെടിവെപ്പ് നടന്ന സ്ഥലത്തുനിന്ന് വളരെ അകലെയായി ഫുട്പാത്തില്‍ ഒരാള്‍ വെടിയേറ്റ് രക്തം വാര്‍ന്ന് കിടക്കുന്നത് കണ്ടതായും സാക്ഷികള്‍ പറയുന്നു.

ബോണ്ടി ബീച്ചില്‍ വേനല്‍ക്കാല തിരക്കേറിയ സമയത്താണ് ആക്രമണം നടന്നത്. സംഭവസ്ഥലത്ത് 40-ല്‍ അധികം ആംബുലന്‍സ് യൂണിറ്റുകളും, തീവ്രപരിചരണ വിദഗ്ധരും, 3 ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരുന്നു.

ഞെട്ടിക്കുന്ന സംഭവമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി

ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് സംഭവം 'ഞെട്ടിപ്പിക്കുന്നത്' എന്ന് പ്രതികരിച്ചു.

'ബോണ്ടിയിലെ കാഴ്ചകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ പോലീസും എമര്‍ജന്‍സി പ്രതികരണ സേനാംഗങ്ങളും സ്ഥലത്തുണ്ട്. ദുരിതത്തിലായ ഓരോരുത്തര്‍ക്കൊപ്പമാണ് എന്റെ ചിന്തകള്‍. എന്‍.എസ്.ഡബ്ല്യു. പോലീസുമായി ചേര്‍ന്ന് ഞങ്ങള്‍ പ്രവര്‍ത്തിക്കും. പ്രദേശത്തുള്ള എല്ലാവരും പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം,' പ്രധാനമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

ജൂത സമൂഹത്തിന്റെ പ്രതിഷേധവും ആശങ്കയും

ഹനുക്ക ആഘോഷത്തിനിടെ നടന്ന ആക്രമണത്തില്‍ ഓസ്ട്രേലിയയിലെ ജൂത സമൂഹം ആശങ്ക രേഖപ്പെടുത്തി. ഓസ്ട്രേലിയന്‍ ജൂത അസോസിയേഷന്‍ (Australian Jewish Association - AJA) പ്രധാനമന്ത്രി ആല്‍ബനീസിനെ രൂക്ഷമായി വിമര്‍ശിച്ചു. ആക്രമിക്കപ്പെട്ടത് ജൂത പരിപാടിയാണെന്ന് പോലും പ്രധാനമന്ത്രിയുടെ ആദ്യ പ്രസ്താവനയില്‍ പരാമര്‍ശിച്ചില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.

'ഇതൊരു ദുരന്തമാണ്, എന്നാല്‍ പൂര്‍ണ്ണമായും മുന്‍കൂട്ടി കാണാന്‍ കഴിയുന്നതായിരുന്നു. മുന്നറിയിപ്പുകള്‍ അവഗണിച്ച് ജൂത സമൂഹത്തിന് മതിയായ സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഓസ്ട്രേലിയയില്‍ ജൂതന്മാര്‍ക്ക് ഇനിയും ഭാവിയുണ്ടോ എന്ന് പലരും ഇപ്പോള്‍ ആലോചിക്കുന്നു,' എന്നും അസോസിയേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് സൂസന്‍ ലേ, ഈ ആക്രമണം വിദ്വേഷ അക്രമമാണ് എന്നും ഓസ്ട്രേലിയയുടെ ഹൃദയത്തില്‍ തറച്ച മുറിവാണിതെന്നും പറഞ്ഞു. 'സമാധാനത്തിന്റെയും പ്രതീക്ഷയുടെയും ആഘോഷമായിരുന്ന ഹനുക്ക ബൈ ദ സീ പരിപാടിയാണ് വിദ്വേഷത്താല്‍ തകര്‍ക്കപ്പെട്ടത്,' അവര്‍ കൂട്ടിച്ചേര്‍ത്തു.

ഓസ്ട്രേലിയന്‍ സമൂഹം ഒന്നടങ്കം ഈ വിദ്വേഷ അക്രമത്തിനെതിരെ നിലകൊള്ളുന്നുണ്ടെന്നും, ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.