തിരുവനന്തപുരം: ബലാത്സംഗ കേസില്‍ കോടതി വിശദമായ വാദം കേള്‍ക്കാനിരിക്കെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീക്കം നിരീക്ഷിച്ച് പൊലീസ്. മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതേ സമയം ആദ്യത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സെഷന്‍സ് കോടതി നടപടിക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കും. ഈ കേസില്‍ രാഹുലിനെ തല്‍ക്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് കോടതി കഴിഞ്ഞയാഴ്ച നിര്‍ദേശിച്ചിരുന്നു. ഈ കേസില്‍ വിശദമായ വാദം ഇന്ന് നടക്കാനിരിക്കെയാണ്. ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ നിലപാട് അറിയിക്കും. കേസ് ഡയറിയും അന്വേഷണസംഘം ഹാജരാക്കും. പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും, നിര്‍ബന്ധിച്ച് ഗര്‍ഭചിദ്രം നടത്തിയിട്ടില്ലെന്നുമാണ് രാഹുലിന്റെ നിലപാട്.

അതേ സമയം രണ്ടാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് മാറ്റി. ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. മറുപടി നല്‍കാന്‍ സമയം വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചാണ് ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കുമെന്ന് സിംഗിള്‍ ബെഞ്ച് അറിയിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂരിലെ വീട്ടില്‍ തുടരുകയാണ്. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയാല്‍ അറസ്റ്റിന് സാധ്യത മുന്നില്‍കണ്ടാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അടൂര്‍ നെല്ലിമുകളിലെ വീട് പൊലീസ് നിരീക്ഷണത്തിലാണ്. അടൂരില്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നാലെ പൊലീസ് സംഘം എത്തിയിരുന്നു. സ്‌കൂട്ടറില്‍ പോയ രാഹുലിനെ പിന്നാലെ പൊലീസ് സംഘവും പാഞ്ഞു. ഹാജരാകാന്‍ അന്വേഷണസംഘം ഇതുവരെ നോട്ടിസ് നല്‍കിയിട്ടില്ലെന്നും ഇന്ന് തന്നെ പാലക്കാടിന് പോകുമെന്നും രാഹുല്‍ പറഞ്ഞു. അന്വേഷണസംഘം ഇതുവരെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും കോടതി തീരുമാനം വരട്ടെയെന്നും രാഹുല്‍ പ്രതികരിച്ചു. മറ്റു കാര്യങ്ങള്‍ പറയാനില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കേസുമായി ബന്ധപ്പെട്ട് എറണാകുളത്ത് അഭിഭാഷകരെ കണ്ടാണ് രാഹുല്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇന്ന് രാവിലെ രാഹുല്‍ സ്‌കൂട്ടറില്‍ വീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് പുറപ്പെടുകയായിരുന്നു. ഇതോടെ കാവലിലുള്ള പൊലീസ് സംഘം രാഹുലിന്റെ പിറകെ പാഞ്ഞെത്തി. ഷാഡോ പൊലീസ് സംഘമാണ് രാഹുലിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ വീടിന് മുന്നിലുള്ളത്. രാഹുല്‍ എവിടേക്ക് യാത്ര ചെയ്യുന്നു എന്ന് നിരീക്ഷിക്കാനുള്ള നിര്‍ദേശം ലഭിച്ചതിനാല്‍ പൊലീസ് സംഘം രാഹുലിന്റെ പിറകെ പോവുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം രാഹുല്‍ തിരിച്ചെത്തുകയും ചെയ്തു.

പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോവരുതെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന് പ്രത്യേക അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയതായും സൂചനയുണ്ട്. ബലാത്സംഗക്കേസുകളില്‍ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും രാഹുലിന്റെ ചോദ്യം ചെയ്യലില്‍ തീരുമാനമെടുക്കുക. ചോദ്യം ചെയ്യാന്‍ ഇന്ന് ഹാജരാകണമെന്നായിരുന്നു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദ്ദേശം. ബലാത്സംഗക്കേസില്‍ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കഴിഞ്ഞ 11നാണ് പാലക്കാട് എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ രാഹുല്‍ പിറ്റേന്നാണ് പത്തനംതിട്ടയിലെ വീട്ടിലെത്തിയത്.

അതേസമയം, ബംഗളൂരുവില്‍ താമസിക്കുന്ന 23കാരിയെ ഹോംസ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്ത കേസില്‍ രാഹുല്‍ ഇന്ന് അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരാകണം. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് ഡിസംബര്‍ പത്തിന് രാഹുലിന് കേസില്‍ മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. രാഹുലിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന പീഡനക്കുറ്റം തെളിയിക്കാന്‍ പ്രഥമദൃഷ്ട്യാ രേഖകളൊന്നും ഇല്ലെന്നും സമ്മര്‍ദത്തെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്ന സാദ്ധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു.അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണം. മൂന്ന് മാസത്തേക്കോ അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതുവരെയോ രണ്ടാഴ്ച കൂടുമ്പോള്‍ തിങ്കളാഴ്ച രാവിലെ പത്തിനും 11നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴും ഹാജരാകണം. പരാതിക്കാരിയെയോ സാക്ഷികളെയോ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാന്‍ പാടില്ല തുടങ്ങിയ ഉപാധികളാണ് കോടതി രാഹുലിന് മുന്‍പില്‍ വച്ചിരിക്കുന്നത്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ അപമാനിച്ചെന്ന പരാതിയില്‍ റിമാന്‍ഡിലുള്ള രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം പരിഗണിക്കാമെന്ന് അറിയിച്ചാണ് രാഹുലിന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി ഇന്നത്തേക്ക് മാറ്റിയിരുന്നത്. രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് പരമാവധി തെളിവുകള്‍ ശേഖരിച്ച സാഹചര്യത്തില്‍ പൊലീസ് ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. നിലവില്‍ റിമാന്‍ഡിലുള്ള രാഹുല്‍ ഈശ്വര്‍ പൂജപ്പുര ജയിലിലാണുള്ളത്.