- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെത്തിയ മെസ്സിയെ കാണാതെ വിദേശത്തേക്ക് പറന്ന് മോദി; ഫുട്‌ബോള്‍ ഇതിഹാസവുമായി കൂടിക്കാഴ്ച നടത്താന്‍ അമിത് ഷായും അനില്‍ ചൗഹാനും; ആവേശത്തില്‍ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയം; മെസിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പത്താം നമ്പര്‍ ജഴ്സി സമ്മാനിച്ച് ജയ് ഷാ; ഹസ്തദാനത്തിനും സംസാരിക്കാനുമായി കോടികള്‍ മുടക്കി കോര്‍പറേറ്റ് ഭീമന്‍മാര്‍; വാര്‍ത്തകളില്‍ നിറഞ്ഞ് 'ഗോട്ട് ഇന്ത്യ ടൂര്‍'
ന്യൂഡല്‍ഹി: ഗോട്ട് ഇന്ത്യ ടൂറിന്റെ ഭാഗമായി അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സി ന്യൂഡല്‍ഹിയിലെത്തിയതോടെ ആവേശക്കടലായി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയം. വന്‍ വരവേല്‍പ്പാണ് സ്റ്റേഡിയത്തില്‍ എത്തിയ ഫുട്‌ബോള്‍ ഇതിഹാസം മെസിക്കും സഹതാരം റോഡ്രിഗോ ഡി പോളിനും ലൂയിസ് സുവാരസിനും ലഭിച്ചത്. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് ആരാധകരോട് മെസ്സി സ്പാനിഷില്‍ സംസാരിച്ചു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ നായകന്‍ ബൈച്ചുങ് ബൂട്ടിയ മെസി സ്വീകരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സമ്മാനിച്ചാണ് ജയ് ഷാ ഇതിഹാസ താരത്തെ വരവേറ്റത്. മെസ്സിക്ക് 10-ാം നമ്പര്‍ ജേഴ്സി സമ്മാനിച്ചു. ലൂയിസ് സുവാരസിന് 9-ാം നമ്പര്‍ ജേഴ്സിയും റോഡ്രിഗോ ഡി പോളിന് 7-ാം നമ്പര്‍ ജേഴ്സിയും നല്‍കി.
മുംബൈയില്‍ നിന്ന് പുറപ്പെടേണ്ട വിമാനം വൈകിയതിനാല്‍ നിശ്ചയിച്ചതിലും മണിക്കൂറികള്‍ കഴിഞ്ഞാണ് മെസ്സി ഡല്‍ഹിയിലെത്തിയത്. അതേസമയം പ്രധാനമന്ത്രി വിദേശ സന്ദര്‍ശനത്തിലായതിനാല്‍ നരേന്ദ്ര മോദിയുമായുള്ള മെസ്സിയുടെ കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു.
മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ അവസാനദിനമാണിന്ന്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മൂന്നുനഗരങ്ങളില്‍ താരം സന്ദര്‍ശനം നടത്തിയിരുന്നു. ആദ്യദിവസം കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലും രണ്ടാം ദിനം മുംബൈയിലും സൂപ്പര്‍താരം വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു.
സ്റ്റേഡിയത്തിലെ പരിപാടിക്ക് ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ, സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുമായി മെസ്സി കൂടിക്കാഴ്ച നടത്തും. നേരത്തേ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിരുന്നു. ജോര്‍ദാന്‍, എത്യോപ്യ, ഒമാന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ചയാണ് യാത്ര പുറപ്പെട്ടത്.
ഹസ്തദാനത്തിന് കോടികള്‍
അതേ സമയം ഒരു കോടി രൂപയിലേറെയാണ് മെസ്സിയുമായി ഹസ്തദാനത്തിനും സംസാരിക്കാനും വേണ്ടി മാത്രം ഡല്‍ഹിയില്‍ കോര്‍പറേറ്റ് ഭീമന്‍മാര്‍ മുടക്കിയ തുകയെന്നാണ് വിവരം. ഡല്‍ഹിയിലെ ചാണക്യപുരിയിലുള്ള ലീല പാലസ് ഹോട്ടലില്‍ അടച്ചിട്ട മുറിയിലാണ് മെസ്സിക്കൊപ്പം 'മീറ്റ് ആന്‍ഡ് ഗ്രീറ്റ്' പരിപാടിക്ക് സൗകര്യമുള്ളത്.
മെസ്സി താമസിക്കുന്ന ഹോട്ടലും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. മെസ്സിക്കും സംഘത്തിനും താമസിക്കുന്നതിനായി ഹോട്ടലിലെ ഒരു നില മുഴുവന്‍ ഒഴിച്ചിട്ടിരിക്കുകയാണ്. ഒരു ദിവസത്തിന് മൂന്നര ലക്ഷം മുതല്‍ ഏഴു ലക്ഷം രൂപ വരെയാണ് ഹോട്ടലിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന് വാടകയായി നല്‍കേണ്ടത്. ഡല്‍ഹി സന്ദര്‍ശനത്തിനെത്തുന്ന മെസ്സി കായിക താരങ്ങളായ രോഹിത് ശര്‍മ, നിഖാത് സരീന്‍, സുമിത് ആന്റില്‍ എന്നിവരെ കാണുമെന്നാണ് വിവരം.
സെലിബ്രിറ്റി ടീമുകളുടെ ഫുട്‌ബോള്‍ പ്രദര്‍ശന മത്സരവും സംഗീത പരിപാടിയും ഒരുക്കിയിട്ടുണ്ട്. മിനര്‍വ അക്കാദമിയിലെ 22 കുട്ടിത്താരങ്ങളുമായുള്ള 'ഫുട്‌ബോള്‍ ക്ലിനിക്' സംവാദ പരിപാടിയിലും മെസ്സി പങ്കെടുക്കും. കൊല്‍ക്കത്തയില്‍ ആരംഭിച്ച മെസ്സിയുടെ ഇന്ത്യാ പര്യടനം സമാപിക്കുന്നതും ന്യൂഡല്‍ഹിയിലാണ്. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡല്‍ഹി എന്നിവയാണ് ഗോട്ട് ഇന്ത്യ ടൂര്‍ 2025ന്റെ വേദികള്‍. തിങ്കളാഴ്ച രാത്രി മെസ്സിയും സംഘവും ഇന്ത്യ വിടും. രാത്രി എട്ടു മണിക്കാണ് മെസ്സിയുടെ മടക്ക യാത്ര.
മോദിയെ കാണാതെ മെസി
മോദിക്ക് മുന്‍ നിശ്ചയിച്ച ഒമാന്‍, ജോര്‍ദാന്‍, എത്യോപ്യ യാത്രകളുള്ളതിനാലാണ് മെസ്സിയുമായുള്ള കൂടിക്കാഴ്ച ഒഴിവക്കേണ്ടിവന്നത്. ഈ രാജ്യങ്ങളിലേക്ക് പോകുന്നകാര്യം മോദി ട്വിറ്ററില്‍ അറിയിച്ചിട്ടുണ്ട്. മെസ്സിയുടെ കൊല്‍ക്കത്തയിലെ പരിപാടി സംഘാടക പിഴവുകൊണ്ട് പാളിപ്പോയിരുന്നു. 25,000 രൂപവരെ മുടക്കിയിട്ടും മെസ്സിയെ കാണാനാവാതെ വന്ന ആരാധകര്‍ കുപിതരായി ഗ്രൗണ്ടിലേക്ക് കുപ്പിയും കസേരകളും മറ്റും വലിച്ചെറിഞ്ഞതും കൊല്‍ക്കത്ത പര്യടനത്തിന്റെ തിളക്കംകെടുത്തി.
മെസ്സിയെ കൊണ്ടുവന്ന് നടത്തിയത് തട്ടിപ്പ് പരിപാടിയാണെന്ന വിമര്‍ശനം കടുത്തതോടെ ആരാധകര്‍ക്ക് പണം തിരികെ നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. മുംബൈയിലെത്തിയ മെസ്സി സച്ചിന്‍ തെണ്ടുല്‍ക്കര്‍, സുനില്‍ ഗാവസ്‌കര്‍, സുനില്‍ ഛേത്രി തുടങ്ങിയവരെ കണ്ടിരുന്നു.
ഇന്നു മുതല്‍ ഡിസംബര്‍ 18 വരെയാണ് മോദിയുടെ വിദേശയാത്ര. ഒമാന്‍, എത്യോപ്യ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുമായി വ്യാപാര, സുരക്ഷാ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഒമാനും ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറും മോദി ഒപ്പുവയ്ക്കും.




