ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ആശ്വാസം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ കുറ്റപത്രം കോടതി സ്വീകരിച്ചില്ല. അന്വേഷണം തുടരണമെന്ന് നിര്‍ദേശിച്ച കോടതി, കുറ്റപ്പത്രത്തില്‍ ഇടപെടാന്‍ വിസമ്മതിക്കുകയായിരുന്നു. സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപ്പത്രം. കേസില്‍ എഫ്‌ഐആര്‍ എടുത്തിട്ടില്ല. ഈ നടപടികള്‍ പൂര്‍ത്തിയാക്കി വീണ്ടും അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചു.

കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും അതിനാല്‍ പിഎംഎല്‍എ ആക്ട് പ്രകാരം ഇഡി കുറ്റപത്രം നിലനില്‍ക്കില്ലെന്നും നിരീക്ഷിച്ചു. ഈ ഡി കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

''പണമിടപാട് കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ പ്രോസിക്യൂഷന്‍ പരാതി, ഡോ. സുബ്രഹ്‌മണ്യന്‍ സ്വാമി എന്ന പൊതു വ്യക്തി സമര്‍പ്പിച്ച സിആര്‍പിസി സെക്ഷന്‍ 200 പ്രകാരമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്, ഒരു എഫ്ഐആറിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച്, ഈ പരാതിയുടെ അന്വേഷണം നിയമപ്രകാരം അനുവദനീയമല്ല,'' കോടതി വിധിച്ചു. ' കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട അന്വേഷണവും തുടര്‍ന്നുള്ള പ്രോസിക്യൂഷന്‍ പരാതിയും എഫ്ഐആറിന്റെ അഭാവത്തില്‍ നിലനില്‍ക്കില്ല'' കോടതി പറഞ്ഞു.

നിലവില്‍ ഡല്‍ഹി പൊലീസിന്റെ എഫ്‌ഐആറില്‍ ഇഡിയ്ക്ക് തുടര്‍ നടപടിയാക്കാം എന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം സത്യം വിജയിച്ചു എന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. മോദി സര്‍ക്കാരിന്റെ വഞ്ചനയും നിയമവിരുദ്ധതയും പൂര്‍ണ്ണമായും തുറന്നുകാട്ടപ്പെട്ടു. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ നടപടി പൂര്‍ണ്ണമായും നിയമവിരുദ്ധവും വഞ്ചനാപരവുമാണെന്ന് ബഹുമാനപ്പെട്ട കോടതി കണ്ടെത്തിയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

ഇഡി കേസ് അധികാരപരിധിക്ക് പുറത്താണെന്നും, എഫ്ഐആര്‍ ഇല്ലാതെ കേസില്ലെന്നും കോടതി വിധിച്ചു. എല്ലാ അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഇന്ന് പരാജയപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ട്ടിയും നേതൃത്വവും സത്യത്തിനും ഓരോ ഇന്ത്യക്കാരന്റെയും അവകാശങ്ങള്‍ക്കും വേണ്ടി പോരാടാന്‍ പ്രതിജ്ഞാബദ്ധരാണ്. ഒരിക്കലും ഭയപ്പെടില്ല സത്യത്തിനായി പോരാടും എന്നും കോണ്‍ഗ്രസ് പറഞ്ഞു.

കേസില്‍ ഏപ്രില്‍ 15 നാണ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡ് യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍. നാഷണല്‍ ഹെറാള്‍ഡ് പത്രവും അനുബന്ധ സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബം വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കള്ളപ്പണം വെളുപ്പിക്കലിലൂടെ 142 കോടി രൂപയുടെ ലാഭം ഗാന്ധി കുടുംബം സ്വന്തമാക്കിയെന്നാണ് വാദം.

2008-ലാണ് കടുത്ത സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് നാഷണല്‍ ഹെറാള്‍ഡ് പത്രം പൂട്ടിയത്. 2010-ല്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് രൂപീകരിച്ച യങ് ഇന്ത്യന്‍ എന്ന കമ്പനി നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് വാങ്ങുന്നത് തുച്ഛമായ തുകയ്ക്കാണ്. ഡല്‍ഹി ലഖ്‌നൗ, മുംബൈ അടക്കമുള്ള നഗരങ്ങളില്‍ രണ്ടായിരം കോടിയോളം വില മതിക്കുന്ന കെട്ടിടങ്ങള്‍ ഇതോടെ സോണിയയുടെയും രാഹുലിന്റെയും സ്വന്തമായി എന്ന് ഇഡി പറയുന്നു. യങ് ഇന്ത്യന്റെ 76% ഓഹരികളും രാഹുല്‍ ഗാന്ധിയുടെ പേരിലായിരുന്നു എന്നതിന് തെളിവുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.

2014-ല്‍ ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി സമര്‍പ്പിച്ച സ്വകാര്യ ക്രിമിനല്‍ പരാതിയില്‍ നിന്നാണ് 2021-ല്‍ ഇ ഡി അന്വേഷണം ആരംഭിച്ചത്. യംഗ് ഇന്ത്യ വഴി 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണല്‍സ് രണ്ടായിരം കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്ത് തട്ടിയെടുത്തെന്നായിരുന്നു പരാതി. ഈ കേസിലാണ് ഇഡിക്ക് തിരിച്ചടിയാക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശ്വാസമാക്കുന്ന വിധി വന്നിരിക്കുന്നത്.

ജവഹര്‍ലാല്‍ നെഹ്റു 1937 ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎല്‍ യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേടും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്. 2014 ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ നിന്നാണ് 2021 ല്‍ ഇ ഡി അന്വേഷണം ആരംഭിച്ചത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് യങ് ഇന്ത്യ വഴി 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ വഞ്ചനാപരമായി ഏറ്റെടുത്തതായാണ് പരാതിയിലെ ആരോപണം.

കെട്ടിട വാടക ഇനത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കള്ളപ്പണ ഇടപാടുണ്ട്. അസോസിയേറ്റ് ജേര്‍ണലും യങ്ങ് ഇന്ത്യയും കോണ്‍ഗ്രസും ചേര്‍ന്ന് കുറ്റകരമായ ഗൂഢാലോചന നടത്തി. കോണ്‍ഗ്രസിന് സംഭാവന നല്‍കിയവര്‍ വഞ്ചിക്കപ്പെട്ടുവെന്നും ഇ ഡി കോടതിയെ അറിയിച്ചിരുന്നു. അതേസമയം കുറ്റകൃത്യങ്ങളില്‍ വ്യക്തികള്‍ക്ക് മാത്രമാണോ പങ്കെന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പങ്കില്ലേയെന്നും പിഎംഎല്‍എ കോടതി ചോദിച്ചിരുന്നു. എഐസിസിയെ ഇരയാക്കിയാണോ കള്ളപ്പണ ഇടപാടെന്നും കോടതി ചോദ്യം ഉന്നയിച്ചിരുന്നു.