മുംബൈ: രണ്‍വീര്‍ സിങ്ങിന്റെ 'ധുരന്ധര്‍' എന്ന സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനോടൊപ്പം തന്നെ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കലക്ഷനും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും പ്രതീക്ഷകളെ മറികടക്കുകയും ചെയ്തുകൊണ്ട് ആദിത്യ ധര്‍ സംവിധാനം ചെയ്ത സ്‌പൈ ത്രില്ലര്‍ ചിത്രം 'ധുരന്ധര്‍' മുന്നേറുകയാണ്. വെറും 10 ദിവസം കൊണ്ട് 500 കോടി രൂപയുടെ കലക്ഷന്‍ മാര്‍ക്ക് മറികടന്ന ഈ ചിത്രം, ഒരു ഹിന്ദി സിനിമ നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ വാരാന്ത്യ കളക്ഷന്‍ രേഖപ്പെടുത്തി. ഈ മുന്നേറ്റം നിലനിര്‍ത്തുകയാണെങ്കില്‍ രണ്‍വീര്‍ സിങ് നായകനായ ഈ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന ഇന്ത്യന്‍ സിനിമയായി മാറിയേക്കാം.

ആദിത്യ ധര്‍ സംവിധാനം ചെയ്ത സ്‌പൈ ത്രില്ലര്‍ നിറഞ്ഞ തിയേറ്റററുകളില്‍ പ്രദര്‍ശനം തുടരുമ്പോഴും സിനിമയ്ക്ക് പിന്നില്‍ പ്രൊപ്പഗണ്ട അജണ്ടകളുണ്ട് എന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇതിനിടെയാണ് സിനിമയുടെ ടീസറിന്റെ എന്‍ഡ് ക്രെഡിറ്റില്‍ ചിലരുടെ കണ്ണ് പതിഞ്ഞത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയി രാഹുല്‍ ഗാന്ധി എന്ന പേര് ഈ ക്രെഡിറ്റ് സീക്വന്‍സില്‍ കാണാം. ഇത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണെന്നാണ് വ്യാപകമായി പ്രചരിക്കുന്നത്. 'ധുരന്ധര്‍' ടീസറിന്റെ എന്‍ഡ് ക്രെഡിറ്റില്‍ രാഹുല്‍ ഗാന്ധി എന്ന് വരുന്ന ഭാഗത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. 'ഇത് ഏത് രാഹുല്‍? ഇത് ശരിക്കുമുള്ള ആളാണെന്നാണ് തോന്നുന്നത്,' ഒരു എക്‌സ് യൂസര്‍ കുറിക്കുന്നു. തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രാഹുല്‍ സിനിമാ മേഖലയിലേക്ക് തിരിഞ്ഞു എന്ന ക്യാപ്ഷനുമായി ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരേയും സമൂഹമാധ്യമങ്ങളില്‍ കാണാം.

എന്നാല്‍, ഫാക്ട് ചെക്കിങ് സൈറ്റുകള്‍ പറയുന്നത് ഇത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അല്ല എന്നാണ്. ഇതേ പേരുള്ള മറ്റൊരാളാണ് 'ധുരന്ധര്‍' സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. അക്ഷയ് കുമാറിന്റെ റസ്റ്റം, ദി ഫാമിലി മാന്‍, റോക്കറ്റ് ബോയ്‌സ്, ബ്ലര്‍, ലക്കി ഭാസ്‌കര്‍ എന്നിങ്ങനെ നിരവധി സിനിമ-സീരീസുകളുടെ ഭാഗമായ വ്യക്തിയാണ് ഈ 'രാഹുല്‍ ഗാന്ധി'. ടീസര്‍ ഉണ്ടാക്കിയ ആശയക്കുഴപ്പം പരിഹരിക്കാന്‍ ട്രെയ്ലറില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ പേര് 'രാഹുല്‍ എച്ച് ഗാന്ധി' എന്നാണ് കൊടുത്തിരിക്കുന്നത്.

ഡിസംബര്‍ അഞ്ചിന് ആണ് 'ധുരന്ധര്‍' ആഗോള തലത്തില്‍ റിലീസായത്. ചില യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എടുത്തിരിക്കുന്ന സിനിമ പാകിസ്ഥാനിലെ ഇന്ത്യയുടെ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കഥയാണ് പറയുന്നത്. ഹംസ എന്ന വ്യാജ പേരില്‍ പാകിസ്ഥാന്‍ ഭീകര കേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറുന്ന ഇന്ത്യന്‍ സൈനികനായാണ് രണ്‍വീര്‍ ചിത്രത്തില്‍ വേഷമിടുന്നത്. ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ രണ്‍വീര്‍ സിംഗിന് പുറമേ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍. മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവരും നിര്‍ണായക വേഷങ്ങളിലെത്തുന്നു. സാറ അര്‍ജുന്‍ ആണ് നായിക. 'ധുരന്ധര്‍ 2: ദ റിവഞ്ച്' എന്ന പേരില്‍ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. 2026 മാര്‍ച്ച് 19ന് ഈദ് റിലീസ് ആയി സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

വിദേശ വിപണിയിലും മുന്നേറ്റം

രണ്ടാം ഞായറാഴ്ച ഇന്ത്യയില്‍ 59 കോടി രൂപ നെറ്റ് കലക്ഷന്‍ നേടിയ ചിത്രം രണ്ടാമത്തെ വാരാന്ത്യത്തില്‍ മൊത്തം 144.50 കോടി രൂപയാണ് നേടിയത്. ഇത് ആദ്യ വാരാന്ത്യത്തേക്കാള്‍ 40 ശതമാനം അധികമാണ്. വെറും പത്ത് ദിവസത്തിനുള്ളില്‍ ചിത്രം ഇന്ത്യയില്‍ 351.75 കോടി രൂപ നെറ്റ് കലക്ഷന്‍ നേടി. ആദ്യ വാരാന്ത്യത്തില്‍ വിദേശ കളക്ഷനില്‍ അല്‍പ്പം മന്ദഗതിയിലായിരുന്നു തുടക്കം. ട്രേഡ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് 10 ദിവസത്തിനുള്ളില്‍ ചിത്രം വിദേശ വിപണിയില്‍ നിന്ന് 12 മില്യണിലധികം നേടി. അതില്‍ 4.5 മില്യണിലധികം രണ്ടാം വാരാന്ത്യത്തില്‍ മാത്രം നേടിയതാണ്. ഇതോടെ ചിത്രത്തിന്റെ ആഗോള വരുമാനം ഞെട്ടിക്കുന്ന 530 കോടി രൂപ ആയി ഉയര്‍ന്നു.

ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രത്തിന്റെ ആകെ ദൈര്‍ഘ്യം 214 മിനിറ്റാണ്. അതായത് മൂന്ന് മണിക്കൂര്‍ 34 മിനിറ്റ്. ധുരന്ധറിലെ ചില രംഗങ്ങളും പേരുകളും മാറ്റാനും ചില മുന്നറിയിപ്പുകള്‍ ചേര്‍ക്കാനും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. അക്രമം നിറഞ്ഞ രംഗങ്ങള്‍ കാരണം സിനിമയുടെ തുടക്കത്തിലെ ചില ദൃശ്യങ്ങള്‍ നീക്കം ചെയ്യുകയും പകരം കൂടുതല്‍ അനുയോജ്യമായ ഷോട്ടുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. സമാനമായ കാരണങ്ങളാല്‍ രണ്ടാം പകുതിയിലെ ചില ഷോട്ടുകളും നീക്കം ചെയ്തു. കൂടാതെ ഒരു മന്ത്രി കഥാപാത്രത്തിന്റെ പേര് മാറ്റി. അസഭ്യവാക്ക് മ്യൂട്ട് ചെയ്യുകയും, ലഹരിവസ്തുക്കളുടെ ഉപയോഗം കാണിക്കുന്ന രംഗങ്ങളില്‍ ലഹരിവിരുദ്ധ മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

40കാരനായ രണ്‍വീര്‍ സിങ്ങും നായികയായ സാറ അര്‍ജുനും തമ്മിലുള്ള പ്രായവ്യത്യാസവും നേരത്തെ ചര്‍ച്ചയായിരുന്നു. 20 വയസ്സ് വ്യത്യാസമാണ് അവര്‍ക്കിടയിലുള്ളത്. അതിനെ ഒരുകൂട്ടം ആളുകള്‍ ചോദ്യം ചെയ്തിരുന്നു. ഒരു ഘട്ടത്തില്‍ 'ധുരന്ധറി'ന്റെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു. മേജര്‍ മോഹിത് ശര്‍മയുടെ മാതാപിതാക്കള്‍ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈകോടതിയെ സമീപിച്ചിരുന്നു. കശ്മീരിലെ ഭീകരവിരുദ്ധ ദൗത്യത്തിനിടെ വീരമൃത്യു വരിച്ച തങ്ങളുടെ മകന്റെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ കഥയെന്ന് അവര്‍ വാദിച്ചു. എന്നാല്‍, ചിത്രം മേജര്‍ മോഹിത് ശര്‍മയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതല്ലെന്ന് സംവിധായകന്‍ ആദിത്യ ധര്‍ വ്യക്തമാക്കി.