- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വാജ്‌പേയിയെ രാഷ്ട്രപതിയാക്കാനും പ്രധാനമന്ത്രി പദവി അദ്വാനിയ്ക്ക് കൈമാറാനും ബിജെപി നിര്‍ദേശിച്ചു; തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്; അബ്ദുള്‍ കലാമിന്റെ പേര് അറിയിച്ചപ്പോള്‍ സോണിയ ഗാന്ധിക്ക് നീണ്ട മൗനം; അത്ഭുതപ്പെടുത്തുന്നു എന്നായിരുന്നു പ്രതികരണം'; വെളിപ്പെടുത്തലുമായി മാധ്യമ ഉപദേഷ്ടാവായിരുന്ന അശോക് ടണ്ടന്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം പരിഗണിക്കപ്പെടുന്നതിന് മുന്‍പ് രാഷ്ട്രപതി സ്ഥാനത്തേക്ക് അടല്‍ ബിഹാരി വാജ്‌പേയിയെ ബിജെപി നിര്‍ദേശിച്ചതായി വെളിപ്പെടുത്തല്‍. വാജ്പേയിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന അശോക് ടണ്ടന്‍ എഴുതിയ 'അടല്‍ സംസ്മരന്‍' എന്ന പുസ്തകത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.
അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിയോട് പ്രധാനമന്ത്രി പദവി ലാല്‍ കൃഷ്ണ അദ്വാനിയ്ക്ക് കൈമാറാനും നിര്‍ദേശമുണ്ടായിരുന്നതായും 'അടല്‍ സന്‍സ്മരണ്‍' എന്ന പുസ്തകത്തില്‍ പറയുന്നു. എപിജെ അബ്ദുള്‍ കലാമിലേക്ക് ചര്‍ച്ചകള്‍ എത്തും മുന്‍പ് ബിജെപി രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ച പേര് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എബി വാജ്പേയിയുടേതായിരുന്നു. നേതൃമാറ്റത്തോടെ അന്നത്തെ ഉപപ്രധാനമന്ത്രി എല്‍കെ അദ്വാനിയെ പ്രധാനമന്ത്രിയാക്കാനും ആയിരുന്നു ബിജെപിയുടെ നീക്കം. എന്നാല്‍ തീരുമാനത്തെ വാജ്പേയ് എതിര്‍ത്തു എന്നുമാണ് വെളിപ്പെടുത്തല്‍.
താന്‍ രാഷ്ട്രപതിയാകുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നായിരുന്നു പാര്‍ട്ടി നീക്കത്തെ എതിര്‍ത്ത് വാജ്പേയ് സ്വീകരിച്ച നിലപാട്. ഒരു ജനപ്രിയ പ്രധാനമന്ത്രി, ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതിയാകുന്നത് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന് ഗുണം ചെയ്യില്ലെന്ന് വാജ്പേയ് വിശ്വസിച്ചിരുന്നു എന്നും പ്രഭാത് പ്രകാശന്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ അശോക് ടണ്ടന്‍ പറയുന്നു. 1998 മുതല്‍ 2004 വരെ മുന്‍ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ടണ്ടന്‍.
ഇതിന് പിന്നാലെ, എപിജെ അബ്ദുള്‍ കലാമിനെ രാഷ്ട്രപതിയാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി സമവായം ഉണ്ടാക്കുന്നതിനായി വാജ്പേയ് നേരിട്ട് ഇറങ്ങിപ്രവര്‍ത്തിച്ചെന്നും ടണ്ടന്‍ പുസ്തകത്തില്‍ പറയുന്നു. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ നേതാക്കളെ വാജ്‌പേയി ക്ഷണിച്ചു. 'സോണിയ ഗാന്ധി, പ്രണബ് മുഖര്‍ജി, ഡോ. മന്‍മോഹന്‍ സിങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിരുന്നു എന്നും ടണ്ടന്‍ പറയുന്നു. 'വാജ്പേയി ഇതിന് തയ്യാറായിരുന്നില്ല. ഭൂരിപക്ഷത്തിന്റെ പേരില്‍ പ്രസിഡന്റാകുന്നത് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന് നല്ല സൂചനയല്ലെന്ന് അദ്ദേഹം വിശ്വസിച്ചു. അത് വളരെ തെറ്റായ കീഴ്വഴക്കമുണ്ടാക്കും', പുസ്തകത്തില്‍ പറയുന്നു. രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു സമവായം ഉണ്ടാക്കാന്‍ വാജ്പേയി പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചതായും പുസ്തകത്തില്‍ പറയുന്നു.
കലാമിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി നടന്ന വാജ്പേയ് - സോണിയ ഗാന്ധി കൂടിക്കാഴ്ചയെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. 'സോണിയ ഗാന്ധി, പ്രണബ് മുഖര്‍ജി, ഡോ. മന്‍മോഹന്‍ സിങ് എന്നിവര്‍ അദ്ദേഹത്തെ കാണാന്‍ വന്നതായി ഞാന്‍ ഓര്‍ക്കുന്നു. എന്‍ഡിഎ അവരുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെ നാമനിര്‍ദ്ദേശം ചെയ്യാന്‍ തീരുമാനിച്ചതായി വാജ്പേയി ഔദ്യോഗികമായി വെളിപ്പെടുത്തി. അബ്ദുള്‍ കലാമിന്റെ പേര് അറിയിച്ചപ്പോള്‍ നീണ്ട മൗനമായിരുന്നു സോണിയ ഗാന്ധിയില്‍ നിന്നുണ്ടായത്. ഈ തെരഞ്ഞെടുപ്പ് അത്ഭുതപ്പെടുത്തുന്നു എന്നായിരുന്നു പിന്നീടുള്ള പ്രതികരണം. സോണിയ ഗാന്ധി നിശബ്ദത ഭേദിച്ച് പറഞ്ഞത്, അദ്ദേഹത്തിന്റെ (വാജ്‌പേയിയുടെ) തിരഞ്ഞെടുപ്പില്‍ അവര്‍ ആശ്ചര്യപ്പെട്ടു എന്നും അദ്ദേഹത്തെ പിന്തുണയ്ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നും, അതേസമയം അവരുടെ നിര്‍ദേശം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ആണ്.' ടണ്ഡന്‍ പറയുന്നു.
പ്രതിപക്ഷത്തിന് പിന്തുണയ്ക്കയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു എന്നും പുസ്തകം പറയുന്നു. 2002 ല്‍ അന്നത്തെ ഭരണകക്ഷിയായ എന്‍ഡിഎയുടെയും പ്രതിപക്ഷത്തിന്റെയും പിന്തുണയോടെയായിരുന്നു അബ്ദുള്‍ കലാം പതിനൊന്നാമത് ഇന്ത്യന്‍ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2007 വരെയായിരുന്നു കലാം ഇന്ത്യന്‍ രാഷ്ട്രപതി സ്ഥാനം വഹിച്ചത്. വാജ്പേയ് - അദ്വാനി ബന്ധമാണ് പുസ്തത്തിലെ മറ്റൊരു നിര്‍ണായക ഭാഗം. വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇരു നേതാക്കളും തമ്മില്‍ നിരവധി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. എന്നാല്‍ ബന്ധം ഒരിക്കലും വഷളായിരുന്നില്ല. തന്റെ നേതാവും, പ്രചോദകനുമാണ് വാജ്പേയ് എന്നായിരു എപ്പോഴും അദ്ദേഹം പറഞ്ഞിരുന്നത്. ഇരുവരുടെയും നേതൃത്വം ബിജെപിയെ കെട്ടിപ്പടുക്കുക മാത്രമല്ല, പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരു പുതിയ ദിശാബോധം നല്‍കുകയും ചെയ്തെന്നും പുസ്തകം പറയുന്നു.
വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് വിവിധ നേതാക്കളുമായുള്ള വാജ്പേയിയുടെ ബന്ധത്തെക്കുറിച്ചുമുള്ള നിരവധി സംഭവങ്ങള്‍ ഠണ്ഡന്‍ വിവരിക്കുന്നു. 'വാജ്പേയിയുടെയും അദ്വാനിയുടെയും കൂട്ടുകെട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സഹകരണത്തിന്റെയും സന്തുലിതാവസ്ഥയുടെയും പ്രതീകമായിരുന്നു. അവര്‍ ബിജെപി രൂപവത്കരിക്കുക മാത്രമല്ല, പാര്‍ട്ടിക്കും സര്‍ക്കാരിനും പുതിയ ദിശാബോധം നല്‍കുകയും ചെയ്തു,' അദ്ദേഹം എഴുതുന്നു.
''2001 ഡിസംബര്‍ 13 ന് പാര്‍ലമെന്റില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ അന്നത്തെ ലോക്സഭാ പ്രതിപക്ഷ നേതാവായിരുന്ന സോണിയ ഗാന്ധിയും വാജ്പേയിയും തമ്മില്‍ ഒരു ഫോണ്‍ സംഭാഷണം നടന്നു. ആക്രമണ സമയത്ത്, വാജ്പേയി അദ്ദേഹത്തിന്റെ വസതിയിലായിരുന്നു, സഹപ്രവര്‍ത്തകര്‍ക്കൊപ്പം ടെലിവിഷനില്‍ സുരക്ഷാസേനയുടെ പ്രവര്‍ത്തനം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു. അവര്‍ പറഞ്ഞു, 'നിങ്ങളെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്, നിങ്ങള്‍ സുരക്ഷിതനാണോ?' ഇതിന് അടല്‍ജി മറുപടി പറഞ്ഞത്, 'സോണിയ ജി, ഞാന്‍ സുരക്ഷിതനാണ്, നിങ്ങള്‍ പാര്‍ലമെന്റ് കെട്ടിടത്തിലുണ്ടോ എന്ന് ഞാന്‍ ആശങ്കപ്പെട്ടു. നിങ്ങള്‍ സൂക്ഷിക്കൂ','' പുസ്തകത്തില്‍നിന്ന് രാഷ്ട്രീയഭേദമെന്യേ മറ്റു നേതാക്കളുമായി വാജ്‌പേയി മികച്ച സൗഹൃദബന്ധം പുലര്‍ത്തിയിരുന്നതായി വ്യക്തമാകുന്നു.




