- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശത്രുക്കള്‍ക്ക് എതിരെ മൂന്ന് വശങ്ങളില്‍ നിന്നും ഒരേ സമയം ആക്രമണം; നോവ് ഷാഖോവിലൂടെ മുന്നേറാന്‍ ശ്രമിച്ച റഷ്യന്‍ സൈനികരെ വളഞ്ഞാക്രമിച്ച് യുക്രൈയ്ന്; പീരങ്കികളും കവചിത വാഹനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് പ്രത്യാക്രമണം; സെലെന്‍സ്കിയുടെ 'കില്‍ ബോക്‌സ്' തന്ത്രത്തിന് വലിയ പ്രശംസ
കീവ്: റഷ്യന്‍ സൈനിക വ്യൂഹത്തെ 'കില്‍ ബോക്‌സ്' (Kill box) തന്ത്രപരമായ നീക്കത്തിലൂടെ നേരിട്ട് പരാജയപ്പെടുത്തി യുക്രൈയ്ന്‍ സായുധ സേന. കിഴക്കന്‍ ഉക്രേനിയന്‍ ഗ്രാമമായ നോവ് ഷാഖോവിലൂടെ (Nove Shakhove) മുന്നേറാന്‍ ശ്രമിച്ച റഷ്യന്‍ സൈനികരെയാണ് യുക്രൈയ്ന്‍ സൈന്യം പരാജയപ്പെടുത്തിയത്. യുക്രൈയ്‌ന്റെ ആസൂത്രിത പ്രത്യാക്രമണത്തിന്റെ വിസ്മയകരമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. ശത്രുക്കളെ മൂന്ന് വശങ്ങളില്‍ നിന്നും ഒരേസമയം ആക്രമിച്ചു കുടുക്കുന്ന രീതിയാണ് 'കില്‍ ബോക്‌സ്'. ഈ തന്ത്രത്തിലൂടെ വ്‌ലാഡിമിര്‍ പുടിന്റെ സൈന്യത്തെ യുക്രൈയ്ന്‍ സൈന്യം പീരങ്കികളും കവചിത വാഹനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് നിഷ്പ്രയാസം ഇല്ലാതാക്കി. എക്‌സ് (X) പ്ലാറ്റ്ഫോമില്‍ പങ്കുവെക്കപ്പെട്ട ഈ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രശംസയാണ് ലഭിക്കുന്നത്. യുക്രൈയ്ന്‍ സൈന്യത്തിന്റെ യുദ്ധതന്ത്രങ്ങളെ പുകഴ്ത്തിക്കൊണ്ട് നിരവധി പേര്‍ രംഗത്തെത്തി.
'മറ്റൊരു മുന്നേറ്റം കൂടി 'കില്‍ ബോക്‌സി'ല്‍ അവസാനിച്ചിരിക്കുന്നു. ഡ്രോണുകളും കൃത്യമായ ഏകോപനവുമാണ് ഇപ്പോള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ യുദ്ധക്കളത്തിലെ വിജയം നിശ്ചയിക്കുന്നത്,' എന്ന് വീഡിയോ ദൃശ്യം കണ്ട ഒരാള്‍ അഭിപ്രായപ്പെട്ടു. 'നോവ് ഷാഖോവില്‍ ഡ്രോണുകളും പീരങ്കികളും ഉപയോഗിച്ചുള്ള യുക്രൈനിന്റെ കൃത്യത അവിശ്വസനീയമാണ്. പുസ്തകങ്ങളില്‍ പറയുന്നതുപോലെയുള്ള തന്ത്രപരമായ നീക്കത്തിലൂടെ ഡസന്‍ കണക്കിന് റഷ്യന്‍ സൈനികരെയാണ് ഒറ്റയടിക്ക് ഇല്ലാതാക്കിയത്,' എന്ന് ഒരാള്‍ എഴുതി. തന്ത്രപ്രധാനമായ വടക്കുകിഴക്കന്‍ നഗരമായ കുപിയാന്‍സ്‌കിന്റെ (Kupiansk) ഏകദേശം 90 ശതമാനം ഭാഗവും തിരിച്ചുപിടിച്ചതായും ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് യുക്രൈയ്ന്‍ അവകാശപ്പെടുന്നതിനിടെയാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
ഉക്രേനിയന്‍ സൈനിക മേധാവി ഒലെക്‌സാണ്ടര്‍ സിര്‍സ്‌കി (Oleksandr Syrskyi) ടെലഗ്രാമില്‍ കുറിച്ചത് ഇങ്ങനെയാണ്: 'ശക്തമായ തിരച്ചിലുകളിലൂടെയും ആക്രമണങ്ങളിലൂടെയും റഷ്യക്കാരെ കുപിയാന്‍സ്‌കില്‍ നിന്നും തുരത്താനും നഗരത്തിന്റെ ഏകദേശം 90 ശതമാനം ഭാഗവും നിയന്ത്രണത്തിലാക്കാനും ഞങ്ങള്‍ക്ക് സാധിച്ചു.' എന്നാല്‍,യുക്രൈയ്ന്‍ സേന കുപിയാന്‍സ്‌ക് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് പരാജയപ്പെടുകയാണെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രി ആന്‍ഡ്രേ ബെലോസോവ് (Andrey Belousov) ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞത്. കഴിഞ്ഞ മാസം റഷ്യന്‍ സൈന്യം കുപിയാന്‍സ്‌ക് പൂര്‍ണ്ണമായും പിടിച്ചെടുത്തതായി റഷ്യന്‍ ജനറല്‍ സ്റ്റാഫ് ചീഫ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനെ അറിയിച്ചിരുന്നു. എന്നാല്‍ സിര്‍സ്‌കിയുടെ പുതിയ പ്രസ്താവന ഇതിന് വിരുദ്ധമാണ്.
നഗരം റഷ്യയുടെ കൈവശമാണെന്ന വാര്‍ത്ത കീവ് നിഷേധിച്ചു. റഷ്യന്‍ സൈനികരെ വളഞ്ഞുകൊണ്ട് നടത്തിയ നീക്കത്തിലൂടെ നഗരത്തിന്റെ ചില ഭാഗങ്ങള്‍ തിരിച്ചുപിടിച്ചതായി യുക്രൈയ്ന്‍ കമാന്‍ഡര്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
തന്ത്രപ്രധാനമായ ഒരു റെയില്‍വേ ഹബ്ബാണ് കുപിയാന്‍സ്‌ക്. 2022 ഫെബ്രുവരിയിലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം കഴിഞ്ഞ നാല് വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ ഈ നഗരം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച നഗരത്തിന്റെ പ്രവേശന കവാടത്തില്‍ നില്‍ക്കുന്ന തന്റെ ചിത്രം യുക്രൈയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി പങ്കുവെച്ചിരുന്നു. യുദ്ധമുഖത്തെ വിജയങ്ങള്‍ നയതന്ത്രതലത്തില്‍ യുക്രൈനിന് ഗുണകരമാകുമെന്ന് അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള യൂറോപ്പിലെ ഏറ്റവും രക്തരൂക്ഷിതമായ ഈ യുദ്ധം അവസാനിപ്പിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്ന സാഹചര്യത്തില്‍, തങ്ങളുടെ പ്രദേശം വിട്ടുകൊടുക്കാന്‍ യുക്രൈയ്‌ന് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ട്. 2025-ല്‍ റഷ്യന്‍ സൈന്യം സാവധാനത്തില്‍ മുന്നേറിക്കൊണ്ടിരുന്ന സാഹചര്യത്തില്‍, കുപിയാന്‍സ്‌കിലെ യുക്രൈയ്‌ന്റെ പ്രത്യാക്രമണം വലിയ തിരിച്ചടിയാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ നാറ്റോ (NATO) മാതൃകയിലുള്ള സുരക്ഷാ ഉറപ്പുകള്‍ നല്‍കാന്‍ അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ട്.




