കാര്‍വാര്‍: കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്ത് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച കടല്‍കാക്കയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി. സീഗള്‍ ഇനത്തില്‍പ്പെട്ട കടല്‍ക്കാക്കയെയാണ് കണ്ടെത്തിയത്. പക്ഷിയുടെ ശരീരത്തില്‍ ജിപിഎസ് ട്രാക്കിങ് ഉപകരണം കണ്ടെത്തിയത് പ്രദേശത്തെ താമസക്കാരില്‍ ആശങ്ക ഉയര്‍ത്തി. സുരക്ഷാ ഏജന്‍സികള്‍ ജാഗ്രതയിലാണ്. രബീന്ദ്രനാഥ് ടാഗോര്‍ ബീച്ചില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ പക്ഷിയെ കോസ്റ്റല്‍ മറൈന്‍ പൊലീസ് ഉടന്‍ തന്നെ വനംവകുപ്പിന് കൈമാറി.

രാജ്യത്തെ തന്ത്രപ്രധാന നാവിക ആസ്ഥാനങ്ങളിലൊന്നായ കര്‍വാറില്‍ ചൊവ്വാഴ്ചയോടെയാണ് ദേശാടനപ്പക്ഷിയെ കണ്ടെത്തിയത്. കടല്‍കാക്കയുടെ ശരീരത്തില്‍ കെട്ടിവച്ച നിലയിലായിരുന്നു ജിപിഎസ് ട്രാക്കറുണ്ടായിരുന്നത്. സോളറിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. ട്രാക്കറിനൊപ്പം ഒരു ഇമെയില്‍ വിലാസവും ചേര്‍ത്തിരുന്നു. കടല്‍കാക്കയെ കണ്ടെത്തുന്നവര്‍ ആ ഐഡിയില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിച്ചുള്ളതായിരുന്നു സന്ദേശം.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റേതാണെന്ന് കണ്ടെത്തി. എക്കോഎന്‍വയണ്‍മെന്റല്‍ സയന്‍സിന്റെ റിസര്‍ച്ച് സെന്ററാണിതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതോടെ ഇമെയില്‍ മുഖേനെ ബന്ധപ്പെടാന്‍ അധികൃതര്‍ ശ്രമം നടത്തിയിട്ടുണ്ട്. അസ്വാഭാവികമാണ് ഈ കണ്ടെത്തല്‍ എന്നതിനാല്‍ തന്നെ സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നും ദേശാടന രീതികള്‍ അറിയുന്നതിനായുള്ള ശാസ്ത്രീയ പഠന ഗവേഷണത്തിന്റെ ഭാഗമായാണോ പക്ഷിയുടെ മേല്‍ ജിപിഎസ് ഘടിപ്പിച്ചത് എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് ഉത്തര കന്നഡ എസ്പി ദീപന്‍ അറിയിച്ചു.

ഇന്ത്യയിലെ ഏറ്റവും നിര്‍ണായകമായ നാവിക താവളങ്ങളിലൊന്നാണ് കാര്‍വാര്‍. പരിക്കേറ്റ പക്ഷിയെ പരിശോധിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ ശരീരത്തില്‍ ഒരു ജിപിഎസ് ട്രാക്കിങ് ഉപകരണം കണ്ടെത്തിയത്. ഉപകരണത്തില്‍ ഒരു ചെറിയ സോളാര്‍ പാനലുള്ള ഒരു ഇലക്ട്രോണിക് യൂണിറ്റ് ഉണ്ടായിരുന്നു.

കൂടുതല്‍ പരിശോധനയില്‍ ഇമെയില്‍ വിലാസം ചൈനീസ് അക്കാദമി ഓഫ് സയന്‍സസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പോലീസ് പറയുന്നു റിസര്‍ച്ച് സെന്റര്‍ ഫോര്‍ ഇക്കോ-എന്‍വയോണ്‍മെന്റല്‍ സയന്‍സസ് എന്നാണ് ഉപകരണത്തിനു മുകളില്‍ കൊടുത്തിരിക്കുന്നത്. പക്ഷികളുടെ ദേശാടന രീതികള്‍ പഠിക്കുന്നതിനുള്ള ഒരു ശാസ്ത്രീയ ഗവേഷണ പദ്ധതിയുടെ ഭാഗമാണോ പരിക്കേറ്റ പക്ഷിയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉത്തര കാനറ പോലീസ് സൂപ്രണ്ട് ദീപന്‍ എംഎന്‍ പറഞ്ഞു.